കോഴിക്കോടന്‍ ഹലുവയുടെ ഖ്യാതി ഉയരാത്ത ഇടമുണ്ടോ? മേപ്പടി സ്ഥലത്തു നിന്ന് എവിടെയെങ്കിലും എത്തിയാല്‍ ആദ്യത്തെ ചോദ്യം ഹലുവ കൊണ്ടുവന്നിട്ടുണ്ടോ എന്നാണ്. പേരും പെരുമയും കോഴിക്കോടിന് ചാര്‍ത്തിക്കൊടുത്ത ഈ ഹലുവയ്ക്ക് ‘സ്വീറ്റ് മീറ്റ്’ എന്ന ചെല്ലപ്പേരാണ് വിദേശികള്‍ ചാര്‍ത്തിക്കൊടുത്തത്. കാര്യമെന്തായാലും ഹലുവ കോഴിക്കോട്ടുകാരുടെ ഖല്‍ബാണ്. അത് തന്നെയാണ് മറ്റുള്ളവര്‍ക്കും.
എന്നാല്‍ ആ ഖല്ബിന് ചീത്തപ്പേരുണ്ടാക്കുന്ന ഒരു കൊയമാന്തരം കോഴിക്കോട് നഗര ഹൃദയത്തില്‍ പൊന്തിവന്നിട്ട് 60-65 മാസമായി. അതങ്ങനെ മാവൂര്‍റോഡില്‍ ഉയര്‍ന്നു നില്‍ക്കുന്നതിന്റെ ഗമയും ഗരിമയും ഒന്നു വേറെതന്നെയത്രെ. എന്നാല്‍ ആ ഗമയും പ്രൗഢിയും കാണാന്‍ മാത്രമേ ഉള്ളൂ എന്നാണ് ഈ വൈകിയ വേളയില്‍ അറിയേണ്ടത്.
ആനവണ്ടിയെന്ന കെഎസ്ആര്‍ടിസിയെ പൊതുവെ വെള്ളാനയായാണ് ആക്ഷേപിക്കാറ്. ആ സ്ഥാപനത്തിലെ കുറച്ച് ജീവനക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും അതു രക്ഷപ്പെടണമെന്ന് ആഗ്രഹമില്ല. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നല്കുന്ന പണം കൊണ്ട് കാര്യങ്ങള്‍ കഴിച്ചു കൂട്ടുക എന്ന സ്ഥിതിയാണ്. എങ്ങനെയെങ്കിലും സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പദ്ധതിയുടെ ഭാഗമായാണ് വാണിജ്യസമുച്ചയം പണിയണമെന്ന നിലയിലേക്കെത്തുന്നത്.സ്ഥാപനത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ വാണിജ്യ സമുച്ചയങ്ങള്‍ പണിയുന്നതും അതില്‍ മറ്റുസ്ഥാപനങ്ങള്‍ ബിസിനസ് നടത്തി കോടികള്‍ സമ്പാദിക്കുന്ന കൂട്ടത്തില്‍ കെ എസ്ആര്‍ടിസിയും രക്ഷപ്പെടുമെങ്കില്‍ അതെത്ര നന്നായേനെ എന്നാവും ഓരോ മലയാളിയും ആഗ്രഹിക്കുക. എന്നാല്‍ ആ ആഗ്രഹത്തിനെക്കാള്‍ അതുവഴി എത്ര തരപ്പെടുത്താമെന്ന് ചിന്തിക്കുന്ന ശക്തികള്‍ക്കാണ് ബലം വെച്ചത്. അവരുടെ ഗൂഢ നീക്കങ്ങളാണ് ചടുലവേഗത്തില്‍ പ്രാവര്‍ത്തികമായത്.
2009 ല്‍ തുടങ്ങി 2015 ല്‍ അവസാനിച്ച ഭീമാകാരന്‍ കെട്ടിടം കെഎസ് ആര്‍ടിസിയുടെ അഭിമാനമായെങ്കിലും നാട്ടുകാര്‍ക്കോ സ്ഥാപനത്തിനോ ഒരു ഗുണവുണ്ടായില്ല. 19 കോടിയില്‍ തുടങ്ങി 54 കോടി വഴി ഏതാണ്ട് 75 കോടിയിലെത്തിയ കെട്ടിടം കൊണ്ട് ഒടുവില്‍ ആര്‍ക്കാണ് ഗുണം കിട്ടിയത്?
അവിടെയാണ് തല്പര കക്ഷികളുടെ ജുഗുപ്സാവഹമായ ഇടപെടലിന്റെ വിശ്വരൂപം. കെട്ടിടം പണിഞ്ഞ കെടിഡിഎഫ്സിക്കോ,കെഎസ് ആര്‍ടിസിക്കോ പത്തു പൈസ വരുമാനമില്ലാത്ത ഈ കെട്ടിടം ചുളുവിലയില്‍ മറ്റൊരു കൂട്ടര്‍ക്കു കൈകാര്യം ചെയ്യാന്‍ കിട്ടിയിരിക്കുകയാണ്. അവരുടെ പേരാണ് അലിഫ് ബില്‍ഡേഴ്സ്. ഉന്നതരുണ്ടെങ്കില്‍ എന്തും സാധ്യം എന്ന നിലയിലേക്കെത്തുമ്പോള്‍ ഭരണകൂടമെന്നത് ഒത്താശക്കാരുടെ സംഘാതമാണോ എന്ന സംശയമാണുള്ളത്.
2015 ല്‍ സമുച്ചയ നടത്തിപ്പിനായുള്ള ടെണ്ടര്‍ നേടിയത് മാക് അസോസിയേറ്റ്സ് ആയിരുന്നു.50 കോടി രൂപ തിരിച്ചു വേണ്ടാത്ത നിക്ഷേപവും 50 ലക്ഷം രൂപ മാസ വാടകയും നല്‍കുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ സ്ഥാപനത്തിന്റെ വിശ്വാസ്യതയും കരാറിന്റെ സുതാര്യതയും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ 2017 ല്‍ ഹൈക്കോടതി കരാര്‍ റദ്ദാക്കി.
നാലാം തവണ വിളിച്ച ടെണ്ടറില്‍ അലിഫ്ബില്‍ഡേഴ്സിന് നറുക്കു വീണു. അപ്പോള്‍ വ്യവസ്ഥ ഇങ്ങനെയായി 17 കോടി തിരിച്ചു കിട്ടാത്ത നിക്ഷേപം,43 ലക്ഷം മാസവാടക! കെടിഡിഎഫ്സിക്കും കെഎസ് ആര്‍ടിസിക്കും ഒരു തരത്തിലും ഗുണമില്ലാത്ത ടെണ്ടര്‍ റദ്ദാക്കി റീ ടെണ്ടര്‍ ചെയ്യണമെന്ന് ധനവകുപ്പ് ശുപാര്‍ശ ചെയ്തു. എന്നാല്‍ ആ ശുപാര്‍ശ കോള്‍ഡ് സ്റ്റോറേജില്‍ മരവിച്ചു കിടക്കെ അലിഫ് ബില്‍ഡേഴ്സിന്റെ കൈയിലേക്ക് തങ്കത്തളികയതാ വീണിരിക്കുന്നു. കണ്ണായ സ്ഥലത്ത് ചതുരശ്ര അടിക്ക് 13 രൂപ നിരക്കിലാണ് വാടക! സാധാരണ കെട്ടിടത്തിനു പോലും ഏറ്റവും ചുരുങ്ങിയത്175 രൂപ ചതുരശ്ര അടിക്ക് വാടകയുള്ളിടത്താണ് അലിഫ് ബില്‍ഡേഴ്സ് ബംബര്‍ അടിച്ചത്.
പറഞ്ഞ സമയത്ത് പണം അടയ്ക്കാനാവാതെ വന്നപ്പോഴും ധനവകുപ്പ് ഇടപെട്ടെങ്കിലും അതൊക്കെ അജ്ഞാത കരങ്ങള്‍ അറുത്തു മാറ്റി. എവിടെയും അലിഫ്ബില്‍ഡേഴ്സിന് കുട പിടിക്കാന്‍ ബന്ധപ്പെട്ടവരുണ്ടായിരുന്നു. ഒടുവില്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അലിഫ് പറഞ്ഞ തുകയ്ക്ക് ടെണ്ടര്‍ ഉറപ്പിക്കാന്‍ ഭരണത്തലവന്റെ നിര്‍ദ്ദേശപ്രകാരം ഗതാഗത മന്ത്രിയും കെടിഡിഎഫ്സി – കെഎസ്ആര്‍ടിസി അധികൃതരും യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. പാട്ടക്കരാറിന്റെ വിജയത്തിനായി മന്ത്രിസഭ തന്നെ നേരിട്ട് ഇടപെട്ടു എന്നറിയുമ്പോള്‍ പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴമൊഴിയില്‍ പതിരില്ല എന്നു മനസ്സിലായില്ലേ ?
അതങ്ങനെ പുരോഗമിക്കെ കെട്ടിടത്തിന്റെ ഭാവി അപകടത്തിലാണെന്നും ബലപ്പെടുത്താന്‍ ഇനി 20 കോടി ചെലവിടണമെന്നുമാണ് പറയുന്നത്. മദ്രാസ് ഐഐടി യുടെ പരിശോധനയിലാണത്രെ ബലക്ഷയം കണ്ടെത്തിയിരിക്കുന്നത്. അലിഫ് ബില്‍ഡേഴ്സിന് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ടെണ്ടര്‍ കിട്ടുന്നു , അധികം വൈകാതെ കെട്ടിടത്തിന് ബലക്ഷയമെന്ന് റിപ്പോര്‍ട്ട് വരുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വേറൊരിടത്തേക്ക് മാറ്റാന്‍ തകൃതിയായ നീക്കം നടക്കുന്നു. ഒടുക്കം ബസ് സ്റ്റാന്റിന്റെ പേരില്‍ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉഗ്രന്‍ വാണിജ്യ സ്ഥാപനം! എങ്ങനെയുണ്ട് പരിപാടികള്‍.
ഇവിടെ ആത്യന്തിക നഷ്ടം പാവം പ്രജകള്‍ക്കു മാത്രം. അവര്‍ക്ക് നഷ്ടമായാലെന്താ, കണ്ണീരില്‍ കുളിച്ചാലെന്താ? ലാവണം കിട്ടിയവരും കിട്ടാനുള്ളവരും വെരി ഹാപ്പി. ഇതാണ് ജനാധിപത്യ ഭരണം. സ്വകാര്യ മേഖലയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രം അടിയറ വെക്കുന്നു എന്ന് അലറിക്കരയുന്നവര്‍ സ്വകാര്യക്കാരന് പിന്നാമ്പുറത്ത് കരാര്‍ ഉറപ്പിക്കാന്‍ കാവല്‍ നില്‍ക്കുകയാണ്. ഈ മ്ലേച്ഛ സംവിധാനം കണ്ടിരിക്കാന്‍ മാത്രം ഗതികെട്ടുപോയിരിക്കുന്നു കേരളീയ സമൂഹം. അലിഫിനു മുമ്പെ കരാര്‍ ഉറപ്പിക്കാന്‍ രംഗത്തുവന്ന അതേ വിദ്വാന് തന്നെയാണ് അലിഫ് ബില്‍ഡേഴ്സും നിയന്ത്രിക്കുന്നത് എന്നും കൂടി അറിയുമ്പോള്‍ വല്ലതും തോന്നുന്നുവെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിച്ചോളിന്‍ .ഇനി തുടക്കത്തില്‍ സൂചിപ്പിച്ച ഖല്‍ബിലെ ഹലുവയിലേക്ക് ഒന്ന് ഊളിയിടുക. കോഴിക്കോടന്‍ ഖല്‍ബിലിപ്പോള്‍ പ്രസിദ്ധിയാര്‍ജിച്ച ഹലുവയല്ല, പിന്നെയോ അലിഫ് ബില്‍ഡേഴ്സ് ! നാടന്‍ ഭാഷയില്‍ അലുവയെന്നല്ലോ വിളിപ്പേര്. അത് അലിഫ് ഏറ്റെടുത്തിരിക്ക്ണൂന്ന്. ന്താ, പോരേ?
നേര്‍മുറി
പാലാരിവട്ടം പാലം പണിയുടെ പേരില്‍ തടഞ്ഞ പണം മുന്‍ മന്ത്രി പത്രം വഴി വെളിപ്പിച്ചൂത്രേ. നടപ്പു മന്ത്രിക്കും പത്രമുള്ളതിനാല്‍ അലിഫ് കണക് ഷന് പ്രശ്നമുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: