Categories: Kerala

ന്യൂനമര്‍ദ്ദം ദുര്‍ബലമായി, സംസ്ഥാനത്തെ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത കൈവിടരുത്, ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത, കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

Published by

തിരുവനന്തപുരം : ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്‌ക്കും ശമനമാകുന്നു. വടക്കന്‍ കേരളത്തില്‍ ഉച്ചവരെ മഴ തുടരും. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യത. എന്നാല്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.  

ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ അറബികടലില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ  തുടരുന്നുണ്ട്. കോട്ടയം ജില്ലയില്‍  ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലില്‍ പുലര്‍ച്ചെയും മഴയുണ്ട്.  

ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും മഴ ശമിച്ചിട്ടില്ല. ഇവിടെ എട്ട് പേരെയാണ് കാണാതായത്. കൊക്കയാറില്‍ രാവിലെ തന്നെ തെരച്ചില്‍ തുടങ്ങുമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു. ഫയര്‍ ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, റവന്യൂ, പോലീസ് സംഘങ്ങള്‍ ഉണ്ടാകും. കൊക്കയാറില്‍ തെരച്ചിലിന് തൃപ്പൂണിത്തുറ, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും ഡോഗ് സ്‌ക്വാഡും എത്തും.  

അതിനിടെ മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയതോടെ മരണം ആറായി. കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  

ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാര്‍ട്ടിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ ആറ് പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചതെന്നാണ് ശനിയാഴ്ച പുറത്തുവന്ന വിവരം. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ മൂന്നുപേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചില്‍ തുടരുകയാണ്. രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.  

അതേസമയം നാവിക സേന ഹെലികോപ്ടറുകള്‍ കൂട്ടിക്കലിലേക്ക് പോകും. ദുരന്ത മേഖലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്യും. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. കൊച്ചിയില്‍ നിന്നും എട്ടരയോടെ രണ്ടു ഹെലികോപ്ടറുകള്‍ പുറപ്പെടും. ഏന്തയാര്‍ ജെജെ മര്‍ഫി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറക്കാനാണ് നിര്‍ദ്ദേശം.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പലഭാഗത്തും മഴ ഇപ്പോഴും തുടരുകയാണ്. കോട്ടയം കുമളി കെകെ റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എംസി റോഡിലും ദേശീയ പാതയിലും തടസമില്ല. ഇടുക്കിയില്‍ മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രണം തുടരുന്നു. കോഴിക്കോട് ജില്ലയില്‍ വീണ്ടും മഴ തുടങ്ങി.ശക്തമായ മഴയല്ല അനുഭവപ്പെടുന്നത്. തിരുവനന്തപുരം നെടുമങ്ങാട് മണ്ണിടിഞ്ഞ് വീട് തകര്‍ന്നു.  പനയുട്ടം സ്വദേശി പരമേശ്വര പിള്ളയുടെ വീടാണ് തകര്‍ന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക