(രോഹിണി നാളുകാരെക്കുറിച്ച്…)
എസ്. ശ്രീനിവാസ് അയ്യര്‍
ബ്രഹ്മാവാണ് രോഹിണി നാളിന്റെ ദൈവം. അതിനാല്‍ ബ്രഹ്മാവിന്റെ പേരുകളെല്ലാം രോഹിണിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വിധി, വിരിഞ്ചം, ബ്രഹ്മം, വിധാതാ, ധാതാ, ആത്മഭൂ തുടങ്ങിയവ അത്തരം പേരുകളാണ്. ചിലരുടെ പക്ഷത്തില്‍ ബ്രഹ്മദേവന്റെ മാനസികപുത്രനായ പ്രജാപതിയാണ് രോഹിണിയുടെ ദേവത. പ്രാജാപത്യം എന്ന പേര് രോഹിണിക്ക് ലഭിച്ചത് അങ്ങനെയാണ്.
പൂജിക്കപ്പെടുവാന്‍ വിഗ്രഹമോ, ആരാധിക്കപ്പെടുവാന്‍ അമ്പലമോ ഇല്ലെന്നിരുന്നാലും ബ്രഹ്മാവിനെ ആര്‍ക്കുമാവില്ല അവഗണിക്കുവാന്‍. (തീരെക്കുറവായിട്ടാണെങ്കിലും അങ്ങിങ്ങ് ബ്രഹ്മക്ഷേത്രങ്ങള്‍ ഉണ്ടെന്നത് മറക്കുന്നില്ല) ത്രിമൂര്‍ത്തികളില്‍ വിഷ്ണു മഹേശന്മാരുടെ പ്രാധാന്യവും പ്രാമുഖ്യവും ബ്രഹ്മാവിനില്ലായിരിക്കാം. പക്ഷേ സൃഷ്ടിയില്ലാതെ സ്ഥിതിയുണ്ടോ? സംഹാരമുണ്ടോ?
മൗനമായ സാന്നിധ്യം, പതുങ്ങിയ പെരുമാറ്റം, ഉള്‍വലിയുന്ന ശീലം എന്നിവമൂലം വീട്ടിലും തൊഴിലിടത്തും കൂട്ടായ്മകളിലും ഒക്കെ രോഹിണി നാളുകാരെ ആരും പെട്ടെന്ന് തിരിച്ചറിഞ്ഞുവെന്ന് വരില്ല. എന്നാല്‍ ഇവരില്ലാതെ, ഇവരറിയാതെ ചെറിയ കാര്യങ്ങള്‍ പോലും സാക്ഷാല്‍ക്കരിക്കാന്‍ ആവില്ലെന്നതാണ് ഉണ്മ. പലതിന്റെയും തുടക്കം ഇവരില്‍ നിന്നാവും. പിന്നീട് പടര്‍ന്ന് പന്തലിക്കുന്ന കാര്യങ്ങള്‍ ബീജരൂപത്തിലാണെങ്കില് പോലും ആരംഭിക്കുന്നത് രോഹിണിക്കാരുടെ വാക്കോ/കര്‍മ്മമോ മൂലമാവും. (മിക്കവാറും അത് നല്ലകാര്യങ്ങള്‍ തന്നെയാവും. മനുഷ്യ പ്രകൃതിയില്‍ നന്മതിന്മകള് കലരുന്നതിനാല്‍ ചിലപ്പോള്‍ കാലുഷ്യങ്ങളുടെയും തുടക്കം അവിടമാവാം) എത്ര കണ്ടില്ലെന്നു നടിച്ചാലും, നിസ്സാരീകരിച്ചാലും, രോഹിണി നാളുകാരുടെ സര്‍ഗാത്മകത ഒരുനാള്‍ പുറത്തുവരികതന്നെ ചെയ്യും. രൂപം കൊണ്ടും ഭാവം കൊണ്ടും പുതിയതായിട്ടുള്ളവ ചമയ്ക്കാന്‍ അവര്‍ക്ക് സവിശേഷമായ സിദ്ധിയുണ്ട്. പഴയ ആലങ്കാരിക ഭാഷയില്‍ പറഞ്ഞാല്‍ ‘നവ നവോന്മേഷശാലിനി’ ആണ് അവരുടെ പ്രജ്ഞയും പ്രതിഭയും. അതോടൊപ്പം ആ ജന്മസിദ്ധിയെ പോഷിപ്പിക്കാനും തന്റെ ഭാവനയുടെ മേല്‍ പൊരുന്നയിരിക്കാനും ഉള്ള അചഞ്ചലമായ ക്ഷമാശീലവും കൂടി അവര്‍ക്കുണ്ട്.
രോഹിണി നക്ഷത്രം ഉള്‍പ്പെടുന്നത് ഇടവക്കൂറിലാണ്. അതിന്റെ അധിപനാകട്ടെ കലകളുടെ സ്വന്തം പെരുമാളും പെരുന്തച്ചനുമായ ശുക്രനും. അതിനാല്‍ ചിത്രകല, സംഗീതം, കവിത്വം, നാടകം, സിനിമ, ശില്പം തുടങ്ങി സകലമാന സുകുമാരകലകളും പ്രയോജന കലകളും ഇവര്‍ക്ക് വഴങ്ങും. കലാസപര്യയിലൂടെ രോഹിണി നാളുകാര്‍ കലര്‍പ്പറ്റ ബ്രഹ്മാനന്ദം അനുഭവിക്കുന്നു. ചെറുതോ വലുതോ ആകട്ടെ, ഏതെങ്കിലും വിഭാഗത്തില്‍ വരുന്ന കലകളുടെ ബ്രഹ്മസ്പര്‍ശം ലഭിക്കാത്ത രോഹിണിക്കാര്‍ വളരെ വളരെ അപൂര്‍വമാണ്.
ബ്രഹ്മബന്ധം ഇനിയുമുണ്ട്, രോഹിണിക്കാരില്‍. ബ്രഹ്മദേവന് ഒരുപാട് രാക്ഷസന്മാര്ക്ക് വേണ്ടത്ര ആലോചിക്കാതെ വരം കൊടുത്തതായി പുരാണങ്ങളില്‍ പറയുന്നു. കാര്യങ്ങളുടെ എല്ലാവശങ്ങളും ചിന്തിക്കുവാനും സമാലോചനയിലൂടെ ഒരു സമുചിത തീരുമാനത്തിലെത്തുവാനും രോഹിണിനാളുകാര്ക്ക് ചിലപ്പോഴെങ്കിലും കഴിയാതെ പോകുന്നു. കുടത്തില്‍ നിന്നും ഭൂതത്തെ ഇറക്കിവിടുന്നതിലുള്ള വൈഭവം ചിലപ്പോള്‍ ഭൂതത്തെ തിരികെ കുടത്തില്‍ കയറ്റുന്നതില്‍ കാണിക്കുന്നില്ല എന്നു വരാം. സ്വന്തം പരിമിതികള്‍ ചിലതെങ്കിലും മറികടക്കാന്‍ കഴിയാതെ വരുന്നത് അവരുടെ വ്യക്തിത്വത്തില്‍ പ്രതിസന്ധികള്‍ക്ക് കാരണമായേക്കും. സ്വന്തം തീരുമാനങ്ങളുടെ പിന്നില്‍ ഉള്ള ആലോചനാശൂന്യത ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്! രോഹിണി നാളുകാര്‍ക്ക് അത് കഴിയാത്ത കാര്യമല്ല.
നിര്‍ദോഷികളാണ് എന്ന് തോന്നാമെങ്കിലും (സത്യം തന്നെയാവാം) സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമുണ്ടായാല്‍ എതിരാളികളെ ചുഴറ്റിയെറിയാനും കശക്കിക്കളയാനും രോഹിണിക്കാര്‍ മടിക്കില്ല. ബ്രഹ്മാവ് രുദ്രനാവുന്ന പകര്‍ന്നാട്ടങ്ങള്‍ പക്ഷേ തീരെക്കുറവായിരിക്കും എന്നുമാത്രം. പുരാണങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്ന ആയുധങ്ങളില്‍ ഏറ്റവും സംഹാരാത്മകമായ ‘ബ്രഹ്മാസ്ത്രം’ ബ്രഹ്മാവിന്റെ സൃഷ്ടിയാണല്ലോ? അതിനാല്‍ ആ ‘അയ്യോ പാവത്തം’പരീക്ഷിക്കാന്‍ ഒപ്പമുള്ളവര്‍ മുതിരാതിരിക്കുന്നതാവും ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: