ബെയ്ജിങ്: ചൈനയില്‍ ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നിന്നും ഖുര്‍ ആന്‍ ആപ് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ചൈന ഭരിയ്ക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് ഈ തീരുമാനമെന്നറിയുന്നു.
ലോകത്തെ ഏറ്റവും പ്രചാരമുള്ള ഖുര്‍ ആന്‍ ആപാണ് ഖുര്‍ ആന്‍ മജീദ്. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ ഖുര്‍ ആന്‍ മജീദ് ആപിന് 1.5 ലക്ഷം റിവ്യൂകള്‍ ഉണ്ട്. ദശലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് ഈ ആപ് ഉപയോഗിക്കുന്നത്. ചൈനയില്‍ മാത്രം 10 ലക്ഷം മുസ്ലിങ്ങള്‍ ഖുര്‍ ആന്‍ മജീദ് ആപ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ് എന്തുകൊണ്ട് നീക്കം ചെയ്തു എന്നത് സംബന്ധിച്ച് ആപ്പിളും ചൈനീസ് സര്‍ക്കാരും മൗനം പാലിക്കുകയാണ്. അതേ സമയം അനധികൃതമായ ചില മത ഉള്ളടക്കങ്ങള്‍ ഉള്ളതിനാലാണ് ഈ ആപ് നീക്കം ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് അധികൃതരില്‍ നിന്നും കൂടുതലായി സമ്മതം ലഭിക്കേണ്ടതായ ഉള്ളടക്കങ്ങള്‍ ഈ ആപില്‍ ഉള്ളതിനാലാണ് അത് നീക്കം ചെയ്തതെന്ന് ഈ ആപ് സൃഷ്ടിച്ച പിഡിഎംഎസ് എന്ന കമ്പനി വിശദീകരിക്കുന്നു. ലോക്കലായ നിയമങ്ങള്‍ പാലിക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നാണ് ഇത് സംബന്ധിച്ച് ആപ്പിള്‍ നല്കുന്ന വിശദീകരണം. ഇതില്‍ നിന്നും ചൈനയിലെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ആപ് നീക്കം ചെയ്തതെന്ന് വ്യക്തമാണ്. അതേ സമയം ചൈനീസ് സര്‍ക്കാരിന്റെ ഏത് നിയമമാണ് ഈ ആപ് ലംഘിച്ചതെന്നത് സംബന്ധിച്ച് വിശദീകരണം ഉണ്ടായിട്ടില്ല.
ആപ്പിളും ഗൂഗിളും ഇതുപോലെ റഷ്യയുടെ പ്രതിപക്ഷനേതാവായ അലക്സി നവല്‍നിക്ക് വേണ്ടി ഉണ്ടാക്കിയ വോട്ടിംഗ് ആപ് പിന്‍വലിച്ചിരുന്നു. റഷ്യന്‍ സര്‍ക്കാരില്‍ നിന്നും താക്കീത് ലഭിച്ചതിനെ തുടര്‍ന്നാണ് കമ്പനികള്‍ റഷ്യന്‍ നേതാവ് പുടിനെതിരായ ഈ വോട്ടിംഗ് ആപ് നീക്കിയത്. അതായത് സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് ആപ്പിളിനും ഗൂഗിളും സമൂഹമാധ്യമങ്ങള്‍ക്കും പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്നത് വ്യക്തം. ഇതു തന്നെയാണ് ചൈനയില്‍ ഖുര്‍ ആന്‍ ആപിന്റെ കാര്യത്തിലും സംഭവിച്ചത്.
ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. ഇസ്ലാം മതത്തെ ഔദ്യോഗിക മതമായി ചൈന അംഗീകരിച്ചിട്ടുണ്ടെങ്കിലും ചൈനയിലെ ഭൂരിപക്ഷക്കാരായ ഉയ്ഗുര് മുസ്ലിങ്ങളെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. ഉയ്ഗുര് മുസ്ലിങ്ങളെ ഇല്ലാതാക്കാനും പീഢിപ്പിക്കാനും ചൈന രഹസ്യമായി പീഢന കേന്ദ്രങ്ങള്‍ വരെ തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: