ന്യൂദല്‍ഹി: ഐര്‍ലാന്റിലെ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മ്മനിയിലെ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫേയും ചേര്‍ന്ന് തയ്യാറാക്കിയ വിശപ്പ് സൂചികയുടെ പട്ടികയില്‍ ഇന്ത്യയെ പാകിസ്ഥാനും ബംഗ്ലാദേശിനും മ്യാന്മറിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നില്‍ പ്രതിഷ്ഠിച്ചതിനെതിരെ വിമര്‍ശനവുമായി കേന്ദ്രം. 2020ല്‍ 94ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഈ വര്‍ഷം 101-ാം സ്ഥാനത്താണ്.
ഇത് അങ്ങേയറ്റം അമ്പരപ്പുളവാക്കുന്നതാണ് ഈ പട്ടികയെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം കുറ്റപ്പെടുത്തി. വിശപ്പ് കണക്കാക്കുന്നതില്‍ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്ഗനൈസേഷന് (എഫ് എ ഒ) അവലംബിച്ച ഗവേഷണ രീതിയെയും കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം ചോദ്യം ചെയ്തു. ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണം കോവിഡും കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത് ശരിയല്ലെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം പറയുന്നു.
പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ(എഫ് എ ഒ) കണക്കിനെ ആധാരമാക്കി ഇന്ത്യയുടെ റാങ്ക് 94ല്‍ നിന്നും 101 ആക്കി കുറച്ചത്. ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ് എ ഒ) കണക്കുകള്‍ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെയും വസ്തുതകളെയും ഉള്‍ക്കൊള്ളാത്തതാണെന്നും ഗൗരവമായ പഠനരീതികള്‍ ഇല്ലാത്തതിന്റെ പ്രശ്നങ്ങള്‍ അടങ്ങിയതാണെന്നും കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
‘ആഗോള വിശപ്പ് സൂചികാ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അത് തയ്യാറാക്കിയ കണ്‍സേള്‍ വേള്‍ഡ് വൈഡും വെല്‍റ്റ് ഹംഗര്‍ ഹില്‍ഫേയും അര്‍ഹമായ ശുഷ്കാന്തി കാണിച്ചില്ല,’- കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം വിമര്‍ശിച്ചു. സ്മൃതി ഇറാനിയുടെ കീഴിലുള്ള വകുപ്പാണ് വനിതാ ശിശുക്ഷേമം.
ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ് എ ഒ) ഗവേഷണ രീതി അശാസ്ത്രീയമാണ്. ‘നാല് ചോദ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായ സര്‍വ്വേ മാത്രം കണക്കിലെടുത്താണ് അവര്‍ തീരുമാനത്തിലെത്തിയത്. ആ സര്‍വ്വേയാകട്ടെ ഗാലപ് ടെലിഫോണ്‍ മുഖാന്തിരമാണ് നടത്തിയിരിക്കുന്നത്. പോഷകാഹാരക്കുറവ് കണക്കാക്കാന്‍ ശാസ്ത്രീയമായ രീതി പിന്തുടര്ന്നില്ല. ഈ കാലയളവിലുള്ള ആളോഹരി ധാന്യലഭ്യതയുടെ അളവ് പോലും കണക്കാക്കിയില്ല,’ – കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം കുറ്റപ്പെടുത്തി.
കോവിഡ് കാലഘട്ടത്തിലൂടനീളം കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി ഉറപ്പാക്കായി വിപുലമായ ഭക്ഷ്യസുരക്ഷാശ്രമങ്ങളേയും റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളയുന്നതായും കേന്ദ്രം കുറ്റപ്പെടുത്തി.
നാല് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ആഗോള വിശപ്പ് സൂചിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പോഷകാഹാരക്കുറവ്, അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവയില്‍ ഇന്ത്യയുടെ സ്കോര്‍ 27.5 മാത്രമാണ്. ഈ ഒരു സ്കോറില്‍ ഇന്ത്യയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പദ്ധതി നടപ്പാക്കലിലെ പാളിച്ച, ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത എന്നിവയാണ് ഇന്ത്യയെ പിന്നോട്ടടിപ്പിച്ചതെന്നും കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ സ്ഥിതി വഷളാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ നേപ്പാള്‍ (76), മ്യാന്മര് (71) പാകിസ്ഥാന് (92) ശ്രീലങ്ക (64)എന്നിവ ഇന്ത്യയേക്കാള്‍ മുന്‍പന്തിയിലാണ്. ദാരിദ്ര്യം, പോഷകക്കുറവ് എന്നി നിരന്തരം നിരീക്ഷിക്കുന്നതാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ് അഥവാ ആഗോള വിശപ്പ് സൂചിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: