ആലപ്പുഴ: കെഎസ്ഇബി ഉദ്യോഗസ്ഥനെന്ന വ്യാജേന പണപ്പിരിവ് നടത്തി കബളിപ്പിച്ചയാള്‍ അറസ്റ്റില്‍. കായംകുളം പണിപ്പുര തെക്കതില്‍ വീട്ടില്‍ നിന്നും ഓച്ചിറ വില്ലേജില്‍ വലിയകുളങ്ങര മുറിയില്‍ ചിറയില്‍ വീട്ടില്‍ താമസിക്കുന്ന സജീര്‍ (42) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്.
കെഎസ്ഇബിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കാക്കി പാന്റ് ധരിച്ച് വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരനാണെന്ന വ്യാജേന വീടുകളിലെത്തി കറണ്ട് ചാര്‍ജ് കുടിശ്ശിഖയുണ്ടെന്നും കുടിശ്ശിഖ അടച്ചില്ലെങ്കില്‍ വീടിന്റെ കണക്ഷന് വിച്ഛേദിക്കുമെന്നും പറഞ്ഞ് ആളുകളില്‍ നിന്നും പണം തട്ടുകയായിരുന്നു.
കബളിപ്പിക്കപ്പെട്ടവര്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനെ സമീപിച്ചതിനെ തുടര്‍ന്ന് കായംകുളം വെസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ. ആനന്ദ് കൃഷ്ണന്, പോലീസുകാരായ വിഷ്ണു, അനീഷ്, ദീപക്ക്, ഫിറോസ്, സുനില്‍ കുമാര്‍, അര്‍ച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: