സ്വാതന്ത്ര്യവും ഏകാത്മകതയും
ഭാരതത്തിന്റെ അഖണ്ഡതയോടും ഏകാത്മതയോടുമുള്ള ആദരവും മനുഷ്യകുലത്തിന്റെ സ്വാതന്ത്ര്യസങ്കല്പ്പവും നൂറ്റാണ്ടുകളായി പരമ്പരയായി ഇന്നോളം ഇവിടെ തുടര്‍ന്നുപോരുന്നുണ്ട്. അതിനുവേണ്ടി രക്തവും വിയര്‍പ്പും നല്കുന്ന പ്രവര്‍ത്തനവും ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. ഈ വര്‍ഷം ശ്രീ ഗുരു തേജ് ബഹാദുറിന്റെ അവതാരത്തിന്റെ 400-ാം വര്‍ഷമാണ്.
അദ്ദേഹത്തിന്റെ ബലിദാനം ഭാരതത്തില്‍ മതജാതികളുടെ മൗലികവാദം കാരണം നടന്നുപോന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും സ്വന്തം മതമനുസരിച്ച് ആരാധിക്കാന്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് എല്ലാവരുടെയും ആരാധനയ്ക്ക് ആദരവും അംഗീകാരവും നല്‍കിക്കൊണ്ടുള്ള ഈ രാജ്യത്തെ പരമ്പരാഗത രീതി പുനഃസ്ഥാപിക്കാനുമായിട്ടായിരുന്നു. അദ്ദേഹത്തെ ‘ഹിന്ദ് കീ ചാദര്‍’ (ഹിന്ദുസ്ഥാന്റെ പുതപ്പ്) എന്ന് വിളിക്കുന്നു. പണ്ടുമുതലേ, കാലം മാറിയതനുസരിച്ച് ഭാരതത്തിന്റെ ഉദാരമായ സമഗ്ര സംസ്കാരത്തിന്റെ ഒഴുക്ക് തകര്‍ക്കപ്പെടാതിരിക്കാന്‍ ജീവന് വെടിഞ്ഞ വീരന്മാരുടെ ഒരു താരാപഥത്തിലെ സൂര്യനായിരുന്നു അദ്ദേഹം. ആ മഹത്തായ പൂര്‍വ്വികരുടെ മനസ്സിലുള്ള അഭിമാനം, അവര്‍ ജീവന് വെടിഞ്ഞ മാതൃരാജ്യത്തോടുള്ള അചഞ്ചലമായ ഭക്തി, അവര്‍ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്ത നമ്മുടെ ഉദാരവും സര്വ്വശ്ലേഷിയുമായ സംസ്കാരമാണ്; ഇതാണ് നമ്മുടെ രാഷ്ട്രജീവിതത്തിന്റെ അനിവാര്യമായ അടിത്തറ.
സ്വതന്ത്രമായ ജീവിതത്തിന് ഭാരതത്തിന്റെ സങ്കല്പത്തില് നിയതമായ അര്‍ത്ഥമുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ്, മഹാരാഷ്ട്രയില്‍ ജീവിച്ചിരുന്ന സന്ത് ജ്ഞാനേശ്വര്‍ മഹാരാജിനാല് രചിക്കപ്പെട്ട ‘പസായദാനില്‍’ പറയുന്നു
ദുഷ്ടന്മാരുടെ ദുര്‍ബുദ്ധി പോകട്ടെ, അവരുടെ പ്രവൃത്തികള്‍ സദ്വൃത്തികളായി വളരട്ടെ.
ജീവജാലങ്ങളില്‍ പരസ്പരം മിത്രതയുണ്ടാകട്ടെ,
ആപത്തുകളുടെ ഇരുള്‍മാഞ്ഞുപോകട്ടെ,
എല്ലാത്തിലും സ്വധര്‍മ്മത്തെക്കുറിച്ച് ബോധമുണ്ടാകട്ടെ,
എല്ലാവരുടെയും എല്ലാ പ്രാര്‍ത്ഥനകളും സഫലമാകട്ടെ…
ഇതേ കാര്യം ആധുനിക കാലത്ത് രവീന്ദ്രനാഥ ടാഗൂര്‍ എഴുതിയ സുപ്രസിദ്ധകവിതയില് അദ്ദേഹം മറ്റൊരു തരത്തില്‍ പറഞ്ഞിട്ടുണ്ട്. ശിവമംഗള്‍സിംഹ് സുമന് ഇത് ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അര്‍ഥം ഇതാണ് –
എവിടെ മനസ്സ് നിര്‍ഭയവും
ശിരസ്സ് ഉന്നതവുമാണോ
എവിടെ അറിവ് സ്വതന്ത്രമാണോ
എവിടെ ഇടുങ്ങിയ ഭിത്തികളാല്‍
ലോകം കൊച്ചു കഷ്ണങ്ങളായി
വിച്ഛിന്നമാക്കപ്പെടാതിരിക്കുന്നുവോ
എവിടെ സത്യത്തിന്റെ അഗാധതയില്‍ നിന്ന് വാക്കുകള്‍ ഉദ്ഗമിക്കുന്നുവോ
എവിടെ അക്ഷീണസാധന പൂര്‍ണതയുടെ നേര്‍ക്ക് കൈകള്‍ നീട്ടുന്നുവോ
എവിടെ യുക്തിയുടെ സ്വച്ഛന്ദ പ്രവാഹം
മരുഭൂമിയിലൊഴുകി വഴിമുട്ടാതിരിക്കുന്നുവോ
മോചനത്തിന്റെ ആ നല്ല നാളിലേക്ക്,
എന്റെ ദൈവമേ എന്റെ രാജ്യം ഉണരേണമേ
രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ജീവിതത്തെക്കുറിച്ചുള്ള ഈ സങ്കല്‍പ്പത്തിന്റെ പശ്ചാത്തലത്തില്‍, സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, സ്വാരാജ്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള നമ്മുടെ യാത്ര ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്ന്, ഇപ്പോഴും തുടരുകയാണെന്ന് മനസ്സുപറയുന്നു. ഭാരതത്തിന്റെ പുരോഗതിയും ലോകത്ത് ആദരണീയമായ സ്ഥാനത്ത് എത്തുന്നതും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കരുതുന്ന ചിലര്‍ ഈ ലോകത്തുണ്ട്. ചില രാജ്യങ്ങളില്‍ അവര്‍ക്ക് ശക്തിയുണ്ട്. ഭാരതത്തില്‍ സനാതന മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തെ നിലനിര്‍ത്തുന്ന ഒരുധര്‍മ്മം ശക്തമാകുകയാണെങ്കില്‍, സ്വാര്‍ത്ഥസംഘങ്ങളുടെ ദുഷിച്ച കളികള്‍ അവസാനിക്കും. ലോകത്തിന് നഷ്ടപ്പെട്ട, സന്തുലിതവും പരസ്പര മൈത്രിഭാവവും നല്കുന്ന ധര്‍മ്മത്തിന്റെ സ്വാധീനമാണ് ഭാരതത്തെ ശക്തിശാലിയാക്കുന്നത്. ഇത് നടക്കാതിരിക്കാന്‍ ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, ഭാരത ചരിത്രം, ഭാരത സംസ്കാരം, ഭാരതത്തിന്റെ ദേശീയ നവോത്ഥാനം അടിസ്ഥാനമാകാനിടയുള്ള ശക്തികള്‍, ഇവയ്ക്കെല്ലാം എതിരായി അസത്യം പ്രചരിപ്പിച്ചുകൊണ്ട്, ലോകത്തെയും ഭാരതത്തിലെ ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമം നടക്കുന്നു. സ്വന്തം പരാജയത്തിന്റെയും സര്‍വ്വനാശത്തിന്റെയും ഭയം ഇവര്‍ കാണുന്നു. അതുകൊണ്ട് അത്തരം സമാനമനസ്കര ഒരുമിച്ചു ചേര്‍ത്ത് വ്യത്യസ്ത രൂപത്തില്‍ പ്രകടവും പ്രച്ഛന്നവുമായ രൂപങ്ങളില്‍ ശ്രദ്ധയില്‍ പെടുന്നതും ശ്രദ്ധയില്‍ പെടാത്തതുമായ സ്ഥൂലവും സൂക്ഷ്മവുമായ പരിശ്രമങ്ങള്‍ നടത്തുന്നു. അവരെല്ലാമുണ്ടാക്കുന്ന വഞ്ചനയില്‍ നിന്നും കാപട്യത്തില്‍ നിന്നും ഓരോരുത്തരും ശ്രദ്ധാപൂര്‍വ്വം അവനവനെയും സമൂഹത്തെയും രക്ഷിക്കണം.
ചുരുക്കത്തില്‍ പറഞ്ഞാല്‍, ദുഷ്ടന്മാരുടെ വക്രബുദ്ധി ഇപ്പോഴും അങ്ങനെതന്നെയാണ്. കൂടാതെ അവരുടെ ദുഷ്കര്‍മ്മങ്ങള്‍ പുതിയ മാര്‍ഗങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. സ്ഥാപിത താല്‍പ്പര്യങ്ങള്‍ നിമിത്തവും അഹങ്കാരികളായ മൗലികവാദികള്‍ കാരണവും കുറച്ച് പിന്തുണ സംഘടിപ്പിക്കുന്നതിന്, ആളുകളുടെ അജ്ഞത മുതലെടുത്ത് അസത്യത്തിന്റെ അടിസ്ഥാനത്തില്‍ അവരെ തെറ്റിദ്ധരിപ്പിക്കുകയും, അവരുടെ ഇപ്പോഴത്തെ അല്ലെങ്കില്‍ സാങ്കല്‍പ്പിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്തു വിലകൊടുത്തും സമൂഹത്തില്‍ ഏതെങ്കിലും വിധത്തില്‍, അസംതൃപ്തി, പരസ്പര സംഘര്‍ഷം, കലഹം, ഭീകരത, അരാജകത്വം എന്നിവ സൃഷ്ടിച്ച് തങ്ങളുടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന സ്വാധീനം വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള അവരുടെ കുത്സിതമായ ഉദ്ദേശ്യം ഇതിനകം തന്നെ വെളിപ്പെട്ടിട്ടുണ്ട്.
നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ‘സ്വത്വ’ത്തെക്കുറിച്ചുള്ള അജ്ഞത, അവ്യക്തത, അവിശ്വാസം എന്നിവയ്ക്കൊപ്പം, ലോകത്ത് അതിവേഗം പ്രചരിപ്പിക്കപ്പെടുന്ന ചില പുതിയ കാര്യങ്ങളും ഈ സ്വാര്‍ത്ഥ ശക്തികളുടെ കുത്സിതമായ കളികള്‍ക്ക് സൗകര്യപ്രദമായി മാറിയിട്ടുണ്ട്. ബിറ്റ്കോയിന് പോലുള്ള അനിയന്ത്രിതമായ സാമ്പത്തിക അരാജകത്വം എല്ലാ രാജ്യങ്ങളിലെയും സമ്പദ്വ്യവസ്ഥയ്ക്ക് ഒരു വെല്ലുവിളിയായി മാറിയേക്കാം. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ എന്തും പ്രദര്‍ശിപ്പിക്കാമെന്നും, അത് ആര്‍ക്കും കാണാമെന്നുള്ള അവസ്ഥ സംജാതമായിരിക്കുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തേണ്ടി വന്നു. കുട്ടികള്‍ക്ക് മൊബൈലില്‍ കാണണമെന്നത് നിര്‍ബ്ബന്ധം പോലെയായിരിക്കുന്നു. വിവേചനബുദ്ധിയുടെയും ശരിയായ നിയന്ത്രണത്തിന്റെയും അഭാവം ഇത്തരം പുതിയ നിയമപരവും നിയമവിരുദ്ധവുമായ ഉപകരണങ്ങളുടെ സമ്പര്‍ക്കത്തില്‍ സമൂഹം എങ്ങോട്ട് എതുവരെ പോകുമെന്ന് പറയുക ബുദ്ധിമുട്ടായിരിക്കുന്നു, എന്നാല്‍ രാജ്യത്തിന്റെ ശത്രുക്കള്‍ ഈ മാധ്യമങ്ങളെ എങ്ങനെയെല്ലാം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് എല്ലാവര്‍ക്കുമറിയാം. അതിനാല്‍, അത്തരം എല്ലാ കാര്യങ്ങളിലും കൃത്യസമയത്ത് ശരിയായ നിയന്ത്രണത്തിനുള്ള ഏര്‍പ്പാടുകള്‍ ഭരണകൂടം ചെയ്യണം.
കൊറോണയ്ക്കെതിരായ പോരാട്ടം
കൊറോണ വൈറസിന്റെ ആക്രമണത്തിന്റെ മൂന്നാം തരംഗത്തെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കാന്‍ നാം തയ്യാറെടുക്കുന്നു. കൊറോണയുടെ രണ്ടാം തരംഗത്തില്‍, സമൂഹം അതിന്റെ കൂട്ടായ പരിശ്രമത്തിലൂടെ കൊറോണ പ്രതിരോധ മാതൃക സൃഷ്ടിച്ചു. ഈ രണ്ടാം തരംഗം വലിയ നാശത്തിന് കാരണമാവുകയും യുവാക്കളുടെ അടക്കം നിരവധി ജീവനുകള്‍ എടുക്കുകയും ചെയ്തു. എന്നാല്‍ അത്തരമൊരു സാഹചര്യത്തിലും, സ്വന്തം ജീവന് പരിഗണിക്കാതെ സമൂഹത്തിന്റെ സേവനത്തിനായി കഠിനാധ്വാനം ചെയ്ത സഹോദരീസഹോദരന്മാര് ശരിക്കും അഭിനന്ദനാര്‍ഹരാണ്. ആപത്തിന്റെ മേഘങ്ങള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുപോയിട്ടില്ല. കൊറോണ വൈറസിനോടുള്ള നമ്മുടെ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല. എന്നിരുന്നാലും മൂന്നാം തരംഗത്തെ നേരിടാനുള്ള നമ്മുടെ തയ്യാറെടുപ്പുകള്‍ ഏകദേശം പൂര്‍ത്തിയായി. വലിയ അളവില്‍ വാക്സിനേഷന് നടത്തിയിട്ടുണ്ട്, അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. സമൂഹവും ജാഗ്രത പുലര്‍ത്തുന്നു, സംഘസ്വയംസേവകരും സമൂഹത്തിലെ നിരവധി സജ്ജനങ്ങളും സംഘടനകളും ഗ്രാമീണ തലത്തില്‍ വരെ പരിശീലനം നേടിയിട്ടുണ്ട്, കൊറോണ പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തെ സഹായിക്കുന്ന ജാഗ്രതയുള്ള പ്രവര്‍ത്തകസമൂഹങ്ങളും പരിശീലനം നേടി കഴിഞ്ഞു. നമ്മുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി, ഒരുപക്ഷേ ഈ പ്രതിസന്ധിയുടെ അവസാന ഘട്ടം വളരെ തീവ്രമാകില്ലെന്ന് പ്രതീക്ഷിക്കാം. പക്ഷേ, ഒരു അനുമാനത്തെയും ആശ്രയിക്കാതെ, നമ്മള് പൂര്‍ണ്ണ ജാഗ്രതയോടെയുകൂടി സര്‍ക്കാരുകളുടെ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്.
കൊറോണ കാരണം, സമൂഹിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരോ സമൂഹമോ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു. കൊറോണയുടെ കഴിഞ്ഞ രണ്ട് തരംഗങ്ങളിലെ ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക മേഖലക്ക് വളരെയധികം നഷ്ടമുണ്ടായി. കുറവുകള്‍ പരിഹരിച്ചുകൊണ്ട്, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മുമ്പത്തേക്കാളും വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള വെല്ലുവിളി നമ്മുടെ മുന്നിലുണ്ട്. അതിനായി ആലോചനകളും പരിശ്രമങ്ങളും നടക്കുന്നു; ഇനിയും നടക്കുകയും വേണം. ഇന്ന് നമ്മുടെ ഭാരതസാമ്പത്തിക മേഖലയില്‍, കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവും കഴിവും ദൃശ്യമാണ്. വ്യാപാര വാണിജ്യ മേഖലകള്‍ അതിവേഗം പൂര്‍വാവസ്ഥയിലാകുന്നുവെന്നുള്ള വിവരങ്ങളാണ് ചില മേഖലകളില്‍ നിന്ന് കേള്‍ക്കുന്നത്. എല്ലാവരുടെയും പങ്കാളിത്തം ലഭിച്ചാല്‍, രാജ്യം മേല്‍പ്പറഞ്ഞ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് തോന്നുന്നു. എന്നാല്‍ ഇത് നമ്മെ സംബന്ധിച്ചിടത്തോളം ‘സ്വ’യുടെ അടിസ്ഥാനത്തിലുള്ള സംവിധാനത്തെക്കുറിച്ചുള്ള ആലോചനയും ഘടന രൂപപ്പെടുത്താനുള്ള അവസരമായും മാറ്റാം.
സമൂഹത്തിലും ‘സ്വ’ യുടെ ഉണര്‍വും ആത്മവിശ്വാസവും വര്‍ദ്ധിച്ചുവരുന്നതായി കാണാം. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിനായുള്ള ധനസമാഹരണ യജ്ഞത്തില്‍ കണ്ട സാര്‍വത്രിക ഉത്സാഹവും ഭക്തിനിര്‍ഭരമായ പ്രതികരണവും ‘സ്വ’ യുടെ ഉണര്‍വിന്റെ ലക്ഷണമാണ്. അതിന്റെ സ്വാഭാവികമായ പരിണാമം വ്യത്യസ്ത മേഖലകളില്‍ സമൂഹത്തിന്റെ പുരുഷാര്‍ഥം പ്രകടമാകുന്നതിലൂടെ പരിണാമം സംഭവിക്കുന്നു. ടോക്കിയോ ഒളിമ്പിക്സില്‍ 1 സ്വര്‍ണം, 2 വെള്ളി, 4 വെങ്കല മെഡലുകളും പാര ഒളിമ്പിക്സില്‍ 5 സ്വര്‍ണം, 8 വെള്ളി, 6 വെങ്കല മെഡലുകളും നേടി നമ്മുടെ കായികതാരങ്ങള്‍ വളരെയധികം അഭിനന്ദനാര്‍ഹമായ കഴിവും പുരുഷാര്‍ത്ഥത്തെ കാണിച്ചുതരുകയും ചെയ്തു. ദേശമാസകലം നടന്ന അനുമോദനങ്ങളില്‍ നമ്മളും പങ്കാളികളാണ്.
സാമൂഹികവും കുടുംബപരവുമായ കെട്ടുറപ്പ് വര്‍ദ്ധിക്കണം
സമത്വാധിഷ്ഠിതവും വിവേചനരഹിതവുമായ സമൂഹമാണ് ഏകീകൃതവും ഏകാത്മവുമായ ദേശത്തിന്റെ മുന്‍ ഉപാധി. പഴക്കമേറിയ ജാതീയവിഭജനങ്ങളുടെ പ്രശ്നമാണ് ഇതിന് തടസ്സമായിരുന്നത്.
ഈ വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിന് വിവിധ മാര്‍ഗ്ഗങ്ങളിലൂടെയും വിവിധ ദിശകളിലൂടെയും നിരവധി പരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ ഇവിടെ തുടങ്ങിയിട്ടുണ്ട്. എങ്കിലും പ്രശ്നം പൂര്‍ണ്ണമായി അവസാനിച്ചില്ല. എന്നാല്‍ സമൂഹമനസ്സ് ഇപ്പോഴും ജാതീയ വികാരങ്ങളാല്‍ ചൂഴുന്ന് നില്ക്കുന്നു.
രാജ്യത്തെ ബൗദ്ധികമേഖലയില്‍, ഈ കുറവ് പരിഹരിച്ച് പരസ്പര സ്നേഹവും സംവാദവും വളര്‍ത്തുന്ന സ്വരം കുറവും തകര്‍ക്കുന്നവരുടേത് ഏറെയുമാണ്. ഈ സംവാദം ക്രിയാത്മകമാക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സമാജത്തിന്റെ ആത്മബന്ധത്തേയും സമത്വത്തേയും അടിസ്ഥാനമാക്കിയുള്ള ഘടനയുണ്ടാവണം എന്ന് ആഗ്രഹിച്ചുള്ള പരിശ്രമം എല്ലാവരും ചെയ്യേണ്ടതാണ്.
സാമൂഹികവും കുടുംബപരവുമായ തലത്തില്‍ കെട്ടുറപ്പ് വര്‍ധിപ്പിക്കേണ്ടതുണ്ട്. കുടുംബങ്ങളുടെ മൈത്രിയും ഇഴയടുപ്പവും സാമൂഹികസമത്വവും ഐക്യവും വര്‍ദ്ധിപ്പിക്കുന്നതിന് ഉതകും.
സാമൂഹിക സമരസതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവര്‍ത്തനം സംഘസ്വയംസേവകര്‍ സാമൂഹിക സമരസത ഗതിവിധികളെ മാധ്യമാക്കിക്കൊണ്ട് ചെയ്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: