കണ്ണൂര്‍: കരാറുകാരും എംഎല്‍എമാരും തമ്മിലുള്ള ബന്ധത്തെ ചൊല്ലി സിപിഎമ്മില്‍ കൊമ്പുകോര്‍ക്കല്‍ തുടരുന്നു. വിഷയത്തില്‍ നിലപാടില്‍ ഉറച്ചുതന്നെയെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സ്വന്തം മണ്ഡലത്തിലെ കാര്യത്തിനായി എംഎല്‍എയ്ക്ക് വരാം, എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്ന് റിയാസ് പറഞ്ഞു.
സഭയില്‍ എ.എന്‍ ഷംസീറിനെ ലക്ഷ്യംവെച്ചുള്ള മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരരുത് എന്ന് നിയമസഭയില്‍ റിയാസ് പറഞ്ഞു. ഇതിന് മറുപടിയായി ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു ഷംസീറിന്റെ വിമര്‍ശനം.
എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് റിയാസ് വ്യക്തമാക്കി. മറ്റൊരു മണ്ഡലത്തിലെ കരാറുമായി ബന്ധപ്പെട്ട ഇടപാടില്‍ എംഎല്‍എമാര്‍ ഇടപെടുന്നത് ശരിയല്ലെന്ന് റിയാസ് ആവര്‍ത്തിച്ചു. തനിക്കെതിരെ ഒരു എംഎല്‍എയും യോഗത്തില്‍ സംസാരിച്ചിട്ടില്ലെന്നായിരുന്നു ഷംസീറിന്റെ വിമര്‍ശനത്തെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മന്ത്രി നല്കിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: