കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന വാദങ്ങള്‍ക്ക് ബലം പകരുന്നതാണ് അടുത്തിടെ പുറത്തുവന്ന ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) കണക്കുകള്‍. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 20.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പോയ വര്‍ഷം ഇതേ പാദത്തില്‍ സാമ്പത്തിക രംഗം 24.4 ശതമാനം ചുരുങ്ങുകയാണുണ്ടായത്.
ഉപഭോഗവും നിക്ഷേപവും തിരിച്ചുവരവിന്റെ സൂചനകള്‍ കാണിക്കുന്നു എന്നത് പ്രതീക്ഷ പകരുന്നു. സ്വകാര്യ ഉപഭോഗത്തില്‍ 19.3 ശതമാനം വര്‍ധനയാണുണ്ടായത്. കയറ്റുമതിയില്‍ 39.1 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ഇറക്കുമതിയിലുണ്ടായത് 60.2 ശതമാനം വര്‍ധനയാണ്. തളര്‍ച്ചയെ അഭിമുഖീകരിച്ച ഒരു സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ശുഭസൂചകങ്ങളാണ് ഇവയെല്ലാം. സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായാണ് ആദ്യപാദ ജിഡിപി ഫലങ്ങള്‍ വന്നത്. അതേസമയം 32.38 ലക്ഷം കോടി രൂപയെന്ന മൊത്തം ആഭ്യന്തര ഉല്‍പ്പാദനം പോയ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കൂടുതലാണെങ്കിലും 2019-20 സാമ്പത്തിക വര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് കുറവാണ്.
നിര്‍മാണ മേഖല പ്രതീക്ഷ
നിര്‍മാണ മേഖലയിലുണ്ടാകുന്ന തിരിച്ചുവരവ് സാമ്പത്തിക രംഗത്തിനും തൊഴില്‍ രംഗത്തിനും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വായ്പാ ആവശ്യകതയിലുണ്ടായ കുറവും തൊഴില്‍ സൃഷ്ടിയുടെ അഭാവവുമെല്ലാം സാമ്പത്തിക രംഗത്തിന് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്തിന്റെ ഉണര്‍വ് വായ്പ ആവശ്യകത കൂട്ടുന്നതോടൊപ്പം തൊഴിലവസരങ്ങളില്‍ വര്ധനയുണ്ടാക്കുമെന്നതും ശ്രദ്ധേയമാണ്. ഔപചാരിക മേഖലകളില്‍ ഉല്‍പ്പാദനരംഗവും ശക്തമായ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭത്തിലും വര്‍ധന പ്രകടമാകുന്നുണ്ട്.
കോവിഡ് ആഘാതത്തില്‍ രാജ്യത്തെ വന്‍കിട സമ്പദ് വ്യവസ്ഥകള്‍ നിലനില്‍പ്പിനായി പ്രതിരോധിക്കുമ്പോള്‍ ഇന്ത്യ പരിഷ്കരണങ്ങള്‍ നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയെന്നായിരുന്നു സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഉല്‍പ്പാദന അനുബന്ധ ആനുകൂല്യ (പിഎല്‍ഐ-പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്കീം) പദ്ധതിയെല്ലാം ഇതിനുദാഹരണമായി കണക്കാക്കപ്പെടുന്നു. ടെക്സ്റ്റൈല്‍ രംഗത്തേക്കും അടുത്തിടെ പിഎല്‍ഐ പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി. കോവിഡാനന്തരം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് വേഗത്തിലാക്കുന്നത് ലക്ഷ്യമിട്ടാണ് പിഎല്‍ഐ പദ്ധതി അവതരിപ്പിച്ചത്. ഓട്ടോമൊബീലും ടെക്സ്റ്റൈല്‍ രംഗവും ഉള്‍പ്പടെ 10 മേഖലകളിലാണ് പിഎല്‍ഐ നടപ്പാക്കുന്നത്.
ടെക്സ്റ്റൈല്‍ മേഖലയ്ക്കായി 10,683 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിയാണ് സെപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആഭ്യന്തരതലത്തിലുള്ള ഉല്‍പ്പാദനവും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. 7.5 ലക്ഷത്തിലധികം പേര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം സഹായിക്കും. ഇതിന് പുറമെ അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അഞ്ച് വര്‍ഷത്തിനുള്ളിലാണ് 10,683 കോടി രൂപ ചെലവഴിക്കപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: