ഫറോ (പോര്‍ച്ചുഗല്‍): സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മറ്റൊരു റെക്കോഡ് കൂടി. രാജ്യാന്തര ഫുട്ബോളില്‍ പത്ത് ഹാട്രിക്ക് നേടുന്ന ആദ്യ പുരുഷ താരമായി . യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എ യില്‍ ലക്സംബര്‍ഗിനെതിരായ മത്സരത്തിലാണ് റെക്കോഡിട്ടത്.
ഈ ഹാട്രിക്കിന്റെ മികവില്‍ പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ലക്സംബര്‍ഗിനെ തോല്‍പ്പിച്ചു. പെനാല്‍റ്റിയിലൂടെയാണ് റോണോ ആദ്യ രണ്ട് ഗോളുകള്‍ നേടിയത്. എട്ടാം മിനിറ്റിലും പതിമൂന്നാം മിനിറ്റിലുമാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ മൂന്നാം ഗോളും നേടി ഹാട്രിക്ക് തികച്ചു. റോണോയുടെ കരിയറിലെ 58-ാം ഹാട്രിക്കാണിത്.
രാജ്യാന്തര ഫുട്ബോളില്‍ പത്താം ഹാട്രിക് തികച്ചതോടെ റോണോയുടെ രാജ്യാന്തര ഗോളുകളുടെ റെക്കോഡ് 115 ആയി. രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പുരുഷ താരമാണ് റോണോ. പോര്‍ച്ചുഗലിനായി റോണോയ്ക്ക് പുറമെ ബ്രൂണോ ഫെര്‍ണാണ്ടസ്, ജാവോ എന്നിവര്‍ ഓരോ ഗോളും നേടി. ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എ യില്‍ ആറു മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
ഡെന്മാര്ക്ക് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമായി. ഗ്രൂപ്പ് എഫില്‍ തുടര്‍ച്ചയായി എട്ടാം വിജയം നേടി ഒന്നാം സ്ഥാനക്കാരായാണ് ഡെന്മാര്ക്ക് യോഗ്യത നേടിയത്. എട്ടാം മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഓസ്ട്രിയയെ തോല്‍പ്പിച്ചു. 53-ാം മിനിറ്റില്‍ ജോക്കിം മേഹെ്ലേയാണ് വിജയഗോള്‍ നേടിയത്.
ഐ ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനെ ഹങ്കറി സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. ഇംഗ്ലണ്ടിനായി സ്റ്റോണ്‍സും ഹങ്കറിക്കായി സലൈയുമാണ് സ്കോര്‍ ചെയ്തത്. ഈ സമനിലയോടെ എട്ട് മത്സരങ്ങളില്‍ 20 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഗ്രൂപ്പ് ബി യില്‍ സ്വീഡന് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗ്രീസിനെ തോല്‍പ്പിച്ചു. ഇതോടെ ആറു മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുമായി സ്വീഡന് ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് സിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ലിത്വാനിയയെ മറികടന്നു. ആറു മത്സരങ്ങളില്‍ പതിനാല് പോയിന്റുള്ള സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: