ന്യൂദല്‍ഹി: അടുത്ത നാല് മാസം രാജ്യത്ത് സവാള വിലയില്‍ വര്‍ധനയ്ക്ക് സാധ്യത മുന്‍കൂട്ടിക്കണ്ട് അത് തടഞ്ഞുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
കിലോയ്ക്ക് 21 രൂപ നിരക്കില്‍ സവാള നല്കാന് തയ്യാറാണെന്ന് കേന്ദ്ര ഉപഭോക്തൃമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. ഇത് പ്രകാരം ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സവാള ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചുകഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ നിന്നും ആരും കേന്ദ്ര സര്‍ക്കാരിനെ ഇതുവരെയും സമീപിച്ചിട്ടില്ല. അടിയന്തരപ്രാധാന്യമുള്ള ഈ വിഷയത്തോട് കേരളം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യം കേന്ദ്രഉപഭോക്തൃമന്ത്രാലയത്തിനുമുണ്ട്.
നാഫെഡ് വഴിയാണ് സംസ്ഥാനങ്ങള്‍ക്ക് കിലോയ്ക്ക് 21 രൂപ വെച്ച് സവാള വിതരണം ചെയ്യുക. സംസ്ഥാനങ്ങള്‍ സവാള ആവശ്യപ്പെട്ട് ഉപഭോക്തൃമന്ത്രാലയത്തിന് കത്ത് നല്‍കണം. ഇപ്പോള്‍ 1.60 ലക്ഷം ടണ്‍ സവാളയാണ് നാഫെഡ് സംഭരിച്ചിട്ടുള്ളത്. കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ഇപ്പോള്‍ 40,000 ടണ്‍ സവാളയാണ് ഇപ്പോള്‍ വില്ക്കാന് പോകുന്നത്. നാസിക്കിലെ നാഫെഡ് ഗോഡൗണില്‍ നിന്നാണ് ഈ വില്‍പ്പന.
സംസ്ഥാനങ്ങളിലേക്ക് ഇങ്ങിനെ സവാള എത്തുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായപോലുള്ള വന്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഒരാഴ്ചയായി സവാള വില രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ മൊത്തവില്പ്പനകേന്ദ്രങ്ങളില് കിലോയ്ക്ക് 38 രൂപയാണ് സവാള വില. ചില്ലറ വില്പന കേന്ദ്രങ്ങളിലാകട്ടെ ഇത് 43 രൂപയാണ്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനും കൂടി വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ ആസൂത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: