കൊച്ചി: കേരളത്തില്‍ മുക്കിലും മൂലയിലും കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്ന് പറഞ്ഞ സിംഗിള്‍ബെഞ്ച് ഈ കൊടിമരങ്ങള്‍ അനുമതിയോടെ നാട്ടിയതാണോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി. പന്തളത്തെ മന്നം ആയുര്‍വേദ കോ ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജിനു മുന്നിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളജ് മാനേജ്മെന്റായ മന്നം ഷുഗര്‍മില്‍സ് കോ ഓപ്പറേറ്റീവ് ലി. നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്.
അനുമതിയില്ലാതെ ആരെങ്കിലും റോഡ് കുഴിച്ചാല്‍ കേസെടുക്കില്ലേ ? കലൂര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ രണ്ട് കൊടിമരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ആരു പറഞ്ഞിട്ടാണ് അതു സ്ഥാപിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ എല്ലാവരും അന്ധരാണ്. ആര്‍ക്കും പറയാന്‍ ധൈര്യമില്ല. പൊതുഗതാഗതത്തിനുള്ള വാഹനങ്ങളുടെ പാര്‍ക്കിങ് സ്റ്റാന്‍ഡുകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനമുള്ളയിടങ്ങളിലും കൊടിമരങ്ങളുണ്ട്. ഇതെല്ലാം മതിയായ അനുമതി വാങ്ങിയാണോ സ്ഥാപിച്ചത്, ഹൈക്കോടതി ചോദിച്ചു.
തദ്ദേശ സ്വയം ഭരണ വകുപ്പു സെക്രട്ടറിയെ ഹര്‍ജിയില്‍ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. ഹര്‍ജിക്കാരുടെ മാത്രം പ്രശ്നമല്ല, വലിയ വ്യാപ്തിയുള്ള വിഷയമാണ്. കൊടിമരങ്ങള്‍ സ്ഥാപിച്ചത് അനുമതിയില്ലാതെയാണെങ്കില് ഇത്രയും നാള് തുടരാന്‍ എങ്ങനെ അധികൃതര്‍ അനുവദിച്ചു? ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി നവംബര്‍ ഒന്നിനു പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: