അമിതാഭ് കാന്ത്
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍,
നിതി ആയോഗ്
അടിസ്ഥാനസൗകര്യ വികസനത്തിലൂന്നിയാണ് പലപ്പോഴും രാജ്യങ്ങള്‍ സ്വയം രൂപാന്തരപ്പെട്ടത്. അമേരിക്കയില്‍ പ്രസിഡന്റ് റൂസ്വെല്‍റ്റ് കൊണ്ടുവന്ന പുതിയ കരാര്‍, മഹാമാന്ദ്യത്തിനുശേഷം രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരം ജപ്പാനു നിര്‍ണായകമായതു സഞ്ചാരാധിഷ്ഠിത വികസനമാണ്. 19601990 കാലഘട്ടത്തില്‍, ദക്ഷിണ കൊറിയ പ്രതിവര്‍ഷം ശരാശരി 10% നിരക്കില്‍ വളര്‍ച്ച കൈവരിച്ചു. 19802010 കാലഘട്ടത്തില്‍ ചൈനയും സമാനവേഗത കൈവരിച്ചു. ഇതിന്റെ ഫലമായി ഈ രാജ്യങ്ങളിലെ ഒരു തലമുറയുടെ സാമൂഹികസാമ്പത്തിക പരിവര്‍ത്തനം സാധ്യമായി. ഈ രാജ്യങ്ങളുടെ വിജയത്തില്‍ നിര്‍ണായക ഘടകമായത് വിവിധ മുഖങ്ങളുള്ള ഗതാഗത ശൃംഖലയായിരുന്നു. അത് വിതരണമേഖലയില്‍ ചെലവു ഗണ്യമായി കുറയ്ക്കുകയും കയറ്റുമതി മത്സരശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സമാനമായ സാമ്പത്തിക പരിവര്‍ത്തനത്തിന് ഇന്ത്യ ശ്രമിക്കുമ്പോള്‍, കയറ്റുമതി തന്നെയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. എന്നിരുന്നാലും, നമ്മുടെ അടിസ്ഥാനസൗകര്യങ്ങള്‍ പലപ്പോഴും നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഉയര്‍ത്തുന്നതില്‍ ഒരു തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടിസ്ഥാനസൗകര്യങ്ങള്‍ എന്തുകൊണ്ടാണ് പ്രാധാന്യമര്‍ഹിക്കുന്നത്? സാമ്പത്തികമേഖല അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍, അടിസ്ഥാനസൗകര്യങ്ങളില്‍ ചെലവിടുന്നതിലൂടെ വിവിധ മേഖലകളിലാണ് സമ്പദ്വ്യവസ്ഥയില് അനന്തരഫലങ്ങളുണ്ടാകുന്നത്. തൊഴിലാളികള്‍, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയ്ക്കായുള്ള വര്‍ദ്ധിച്ച ആവശ്യകതയിലൂടെ മാത്രമല്ല, മെച്ചപ്പെട്ട സമ്പര്‍ക്ക സംവിധാനത്തിന്റെ അനന്തരഫലങ്ങളിലൂടെയും പദ്ധതി ഉടനടി സംഭാവന നല്കുന്നു എന്നതാണ് ഇതിനര്‍ത്ഥം. ചരക്കുകളും ജനങ്ങളും ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയില്‍ അതിവേഗത്തില്‍ സഞ്ചരിക്കും. വിതരണസംവിധാനത്തിന്റെ ചെലവു കുറയും. റിസര്‍വ് ബാങ്കിന്റെയും ദേശീയ പൊതു ധനകാര്യ നയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പഠനങ്ങള്‍ 2.53.5 മടങ്ങായാണ് ഇതിന്റെ ഗുണം കണക്കാക്കുന്നത്. ഇതിനര്‍ത്ഥം, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഗവണ്മെന്റ് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും, ജിഡിപി 2.53.5 മടങ്ങു നേട്ടമുണ്ടാക്കുന്നു എന്നാണ്. കൂടാതെ, സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത്, ഈ വര്‍ദ്ധന സാമ്പത്തികവികാസകാലത്തേക്കാള് വലുതാണ്. കൃത്യസമയത്ത്, ശരിയായ ലക്ഷ്യം തിട്ടപ്പെടുത്തി പൊതുനിക്ഷേപത്തിന് ഇതു ഫലപ്രദമാക്കാം. യഥാര്‍ത്ഥത്തില്‍ ‘ക്രൗഡ്ഔട്ട്’ എന്നതിനേക്കാള്‍ ‘ക്രൗഡ്ഇന്’ സ്വകാര്യ നിക്ഷേപമാക്കാനാകും. ഈ ഗുണങ്ങള്‍ കണ്ടെത്തുന്നതിന്, നമ്മുടെ മൂലധനച്ചെലവ് കേന്ദ്ര സംസ്ഥാനതലങ്ങളില്‍ ജിഡിപിയുടെ ശതമാനമായി ഉയര്‍ത്തുന്നത് നിര്‍ണായകമാണ്.
അതേസമയം, ഒരു രാജ്യത്തിന്റെ അടിസ്ഥാനസൗകര്യവികസനപദ്ധതി വിവിധമുഖങ്ങളുള്ള ഗതാഗത രീതികളിലൂടെ ചരക്കുകളെയും ആളുകളെയും തടസ്സമില്ലാതെയും കാര്യക്ഷമമായും എത്തിക്കുന്നതാകണം. എന്നിരുന്നാലും, ഇതിന് ഒരു ഏകോപിത സമീപനം ആവശ്യമാണ്. ഉദാഹരണത്തിന്, റോഡുകള്‍ റെയില്‍വേ ലൈനുകളിലേക്ക് എത്തുകയും അത് തുറമുഖങ്ങളിലേക്ക് എത്തുകയും വേണം. അങ്ങനെയെങ്കില്‍ ഉള്‍പ്രദേശങ്ങളില്‍ നിന്ന് തുറമുഖങ്ങളിലേക്ക് സാധനങ്ങള്‍ കാര്യക്ഷമമായി എത്തിക്കാനാകും. ഇത് ഇന്ത്യയിലുടനീളമുള്ള നിരവധി നഗര, വ്യവസായ കേന്ദ്രങ്ങളുടെ വികസനം സാധ്യമാക്കും. ഒന്നിലധികം വ്യാവസായിക ക്ലസ്റ്ററുകള്‍ ഇന്ത്യയിലുടനീളം മുളപൊട്ടുന്നതിനാല് ഈ നഗര കേന്ദ്രങ്ങള്‍ സന്തുലിതമായ പ്രാദേശിക വികസനം സാധ്യമാക്കും. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ വരുമാനത്തിനു കരുത്തുപകരുകയും സാമൂഹിക മേഖലകളില്‍ മികച്ച രീതിയിലുള്ള ചെലവഴിക്കല്‍ സാധ്യമാക്കുകയും ചെയ്യും. ഇതു നിലവിലുള്ള നഗരസമൂഹങ്ങളില്‍ സമ്മര്‍ദ്ദം ലഘൂകരിക്കുന്ന സ്പില്‍ഓവര്‍ പ്രഭാവം സൃഷ്ടിക്കുകയും ഉയര്‍ന്ന ജീവിത നിലവാരത്തിലേക്ക് നയിക്കുകയും ചെയ്യും.
എങ്കിലും, ഇന്ത്യ അത് നേടാന്‍ ശ്രമിക്കുമ്പോള്‍, അങ്ങോളമിങ്ങോളം എത്താന്‍ തടസ്സമില്ലാത്ത, വിവിധ മുഖങ്ങളുള്ള ഗതാഗത ശൃംഖല അല്‍പ്പം അകലെയാണെന്നുകാണാം. ഉദാഹരണമായി, ഗതാഗതമേഖലയില്‍ റോഡുകളാണ് കൂടുതലുള്ളത്. ഇന്ത്യയിലെ ചരക്കുനീക്കത്തിന്റെ 64 ശതമാനവും റോഡുകളിലൂടെയാണ്. റോഡ് ഗതാഗതത്തില്‍ ഡീസല്‍ മുഖ്യപങ്കുവഹിക്കുമ്പോള്‍, എണ്ണവില വര്‍ധിക്കുന്നതിനാല്‍ ഗതാഗതച്ചെലവുയരുന്നു. മാത്രമല്ല, ഇന്ധനം ജിഎസ്ടിയുടെ ഭാഗമല്ലാത്തതിനാല്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ല. ജിഎസ്ടി, ഫാസ്റ്റ് ടാഗ്, മറ്റ് സംരംഭങ്ങള്‍ എന്നിവയ്ക്കുശേഷവും, റെയില്‍വേയുടെ ഉയര്‍ന്ന വിഹിതം പ്രതീക്ഷിക്കുന്നതാണ് അഭികാമ്യം. കൂടുതല്‍ കാര്യക്ഷമമായ രീതിയായി തുടരുകയാണ് ഇത് ഇപ്പോഴും. കൂടാതെ, നിരവധി സാമ്പത്തിക മേഖലകള്‍, വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക് ഹബ്ബുകള്‍, തുറമുഖങ്ങള്‍ എന്നിവ ആസൂത്രണം ചെയ്തിരുന്നെങ്കിലും, കാര്യക്ഷമമല്ലാത്ത മള്‍ട്ടിമോഡല്‍ സമ്പര്ക്കസംവിധാനത്താല് ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. തീരുമാനമെടുക്കലിന്റെ അഭാവത്താല്‍ സൃഷ്ടിക്കപ്പെട്ടിരുന്നത് കൂട്ടിച്ചേര്‍ക്കാനാകാത്ത ഒരു വ്യാവസായികശൃംഖലയാണ്. ഓരോ മേഖലയും ബന്ധപ്പെടാനാകാത്തവിധത്തില് പ്രവര്ത്തിച്ചിരുന്നതിനാലാണിത്. സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയാത്തതിനാല്‍ കൂട്ടിച്ചേര്ക്കപ്പെടേണ്ടവയൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല. നിര്മ്മാണമാനദണ്ഡങ്ങളുടെ കുറവും കാര്യക്ഷമമല്ലാത്ത വിതരണശൃംഖലയും നമ്മുടെ ആഗോള മത്സരശേഷിക്കു തടസ്സമായി.
കാര്യക്ഷമവും തടസ്സമില്ലാത്തതുമായ വിവിധ മുഖ ഗതാഗത ശൃംഖല കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കരുത്തുറ്റ ആസൂത്രണത്തിലൂടെ മുന്നോട്ടുപോകുന്ന, ഏകോപനത്തോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവണ്മെന്റ് വകുപ്പുകള്‍ ഇതിനാവശ്യമാണ്. ദേശീയ ആസൂത്രണപദ്ധതിയായ ഗതിശക്തി നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്ന് 2021ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു. വിവിധ വകുപ്പുകള്‍ക്കിടയില്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കല്ഭിത്തികള് തകര്‍ക്കുന്നതിനുള്ള മാതൃകാപരമായ മാറ്റം അടയാളപ്പെടുത്തുന്നതാകും ഗതിശക്തി പരിപാടി. നിര്‍ദ്ദിഷ്ട പദ്ധതിയില്‍, നിലവിലുള്ളതും നിര്‍ദ്ദിഷ്ടവുമായ എല്ലാ സാമ്പത്തിക മേഖലകളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍, വിവിധമുഖ സമ്പര്‍ക്കസംവിധാന അടിസ്ഥാനസൗകര്യങ്ങള്‍ക്കൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ പദ്ധതി മന്ത്രാലയങ്ങളുടെ പദ്ധതികള്‍ ഭാവിയില്‍ മൊത്തത്തിലുള്ള പദ്ധതിയുടെ അളവുകോലുകള്‍ക്കുള്ളില്‍ പരിശോധിച്ച് അനുവദിക്കും. ഇത് എല്ലാ പ്രയത്നങ്ങളെയും കൂട്ടിയോജിപ്പിക്കും. ലോകോത്തരനിലവാരമുള്ള, തടസ്സമില്ലാത്ത വിവിധമുഖ ഗതാഗത ശൃംഖല ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ ഗതിശക്തി സഹായിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാകും ദേശീയ ആസൂത്രണ പദ്ധതി നടപ്പാക്കുക. അടിസ്ഥാന സൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ഐടി സംവിധാനങ്ങളും ഇതുപയോഗിക്കും. തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കലിനായി 200ലധികം പാളികളുള്ള ജിഐഎസ് അടിസ്ഥാനമാക്കിയ എന്റര്‍െ്രെപസ് റിസോഴ്സ് പ്ലാനിംഗ് സിസ്റ്റം ഇതിനുദാഹരണമാണ്. നിരീക്ഷണത്തിനായി ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിക്കുന്നതും മറ്റൊരുദാഹരണമാണ്. സമയബന്ധിതമായി തടസ്സങ്ങളൊഴിവാക്കുന്നതിലും പ്രതിസന്ധികള്‍ മനസിലാക്കുന്നതിലും പദ്ധതി നിരീക്ഷണത്തിലും ഡിജിറ്റല്‍വല്‍ക്കരണം വലിയ പങ്ക് വഹിക്കും.
കാര്യക്ഷമമായ വിതരണശൃംഖല അവശ്യംവേണ്ട കാര്യമാണ്. നിര്‍മ്മാണത്തില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ കൈവരിക്കലും ആവശ്യമാണ്. വ്യാവസായിക പാര്‍ക്കുകളും വിതരണപാര്ക്കുകളും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാകും വിധം വലുതാക്കേണ്ടതുണ്ട്. ഡി എം ഐ ഡി സി എന്നറിയപ്പെട്ടിരുന്ന ദേശീയ വ്യാവസായിക ഇടനാഴി വികസന കോര്പ്പറേഷന് (എന്‍ ഐ സി ഡി സി) ഈ വ്യവസായ ഇടനാഴികള്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന ഗവണ്മെന്റുകളുമായി മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിക്കും. തൊഴിലുകളുടെയും വളര്‍ച്ചയുടെയും പരമാവധി നേട്ടങ്ങള്‍ കൊയ്യാനുള്ള ദേശീയ പദ്ധതിക്ക് അനുസൃതമായി വ്യവസായവല്‍ക്കരണത്തിനായി ഭൂമേഖലകള്‍ കണ്ടെത്തുന്നതില്‍ സംസ്ഥാന ഗവണ്മെന്റുകള് മുന്‍കൈ എടുക്കണം.
അതേസമയം, സമര്‍പ്പിത വ്യാവസായിക ഇടനാഴികളിലേക്കുള്ള ഈ സംരംഭങ്ങള്‍ നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍കൂടി മനസ്സില്‍ കാണുന്നുവെന്നത് നാം ഉറപ്പാക്കണം. കാലാവസ്ഥാ വ്യതിയാനം വന്നുകൊണ്ടിരിക്കുകയാണ്. എല്ലാ പദ്ധതികളും ഉള്‍ക്കൊള്ളലും ലഘൂകരണനയങ്ങളും സജ്ജമാക്കണം. 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഒഴിവാക്കി ഹരിതറെയില്വെ എന്ന നേട്ടത്തിലേക്കു പോകുന്നതിനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വെ. റെയില്‍വെ വൈദ്യുതീകരണത്തിന് വലിയ ഊന്നല്‍ നല്‍കുകയും 2014 മുതല്‍ 10 മടങ്ങു വര്‍ധനയുണ്ടാക്കുകയും ചെയ്തു. വൈദ്യുതീകരണത്തിനായി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ പതിവായി നിരീക്ഷിക്കേണ്ടതുണ്ട്.
ഇന്ത്യക്ക് ഒരു നിര്‍മാണ ശക്തികേന്ദ്രമായി മാറാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി വളരെയധികം കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. വ്യാവസായിക അന്തരീക്ഷം തുടര്‍ച്ചയായി സുഗമമാക്കല്‍, സാമ്പത്തിക പരിഷ്കാരങ്ങള്‍ എന്നിവ ഔപചാരികതയും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കും. ബാങ്ക് ബാലന്‍സ് ഷീറ്റുകള്‍ കൃത്യമാക്കുന്നത് വായ്പലഭ്യത വര്‍ദ്ധിപ്പിക്കും. വലിയ അളവിലുള്ള ഭൂമിയുടെ ലഭ്യത, നിര്‍മ്മാണ മാനദണ്ഡങ്ങള്‍ക്കു സഹായകമാകും. അടിസ്ഥാനസൗകര്യങ്ങളിലെ പൊതുനിക്ഷേപം, തടസ്സമില്ലാത്ത വിവിധമുഖ അടിസ്ഥാനസൗകര്യശൃംഖല സൃഷ്ടിക്കുന്നതിലൂടെ, വിതരണസംവിധാനത്തിന്റെ ചെലവുകുറയ്ക്കും. എന്നിരുന്നാലും, ഇത് നടപ്പിലാക്കുന്നതിന് ഗവണ്മെന്റിന്റെ വിവിധ തലങ്ങളിലും വകുപ്പുകളിലും ഏകോപനം ആവശ്യമാണ്. ഇതാണ് ഗതിശക്തി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലോകോത്തരനിലവാരമുള്ള, തടസ്സമില്ലാത്ത വിവിധമുഖ ഗതാഗത ശൃംഖല സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ തീരുമാനങ്ങള്‍; അതിലൂടെ ഇന്ത്യയും രൂപാന്തരം പ്രാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: