ന്യൂദല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലേക്ക് യാത്ര തിരിച്ച് കരസേനാ മേധാവി ജനറല്‍ എം.എം. നരവാനെ. സന്ദര്‍ശനത്തിന്റെ ഭാഗമായി രാജ്യത്തെ മുതിര്‍ന്ന സൈനിക, സിവിലിയന്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും, ഇന്ത്യ-ശ്രീലങ്ക പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
കരസേനാ മേധാവി എന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ ആദ്യ ശ്രീലങ്ക സന്ദര്‍ശനമാണ്. ശ്രീലങ്കന്‍ പ്രസിഡന്റിനെയും, പ്രധാനമന്ത്രിയെയും കരസേനാ മേധാവി സന്ദര്‍ശിക്കും. ശ്രീലങ്കയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച പ്രതിരോധ സഹകരണം അദ്ദേഹം ഉറപ്പുവരുത്തും. പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്യും.
ശ്രീലങ്കന്‍ സൈനിക മേധാവികളുമായി ആശയ വിനിമയം നടത്തുന്നതിനൊപ്പം സൈന്യത്തിന്റെ ആസ്ഥാനം, ശ്രീലങ്കന്‍ മിലിട്ടറി അക്കാദമി എന്നിവ സന്ദര്‍ശിക്കുകയും ചെയ്യും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സംയുക്ത വ്യായാമത്തിന്റെ അവസാന ഘട്ടമായ ‘വ്യായാമ മിത്ര ശക്തി’ക്ക് അദ്ദേഹം സാക്ഷ്യം വഹിക്കും. തുടര്‍ന്ന് ബറ്റാലാന്‍ഡയിലെ ഡിഫന്‍സ് സര്‍വീസസ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: