ന്യൂദല്‍ഹി: മനുഷ്യാവകാശലംഘനം ചൂണ്ടിക്കാണിക്കുന്നതില്‍ വിവേചനം കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ചില വ്യക്തികള്‍ അവര്‍ക്ക് താല്പര്യമുള്ളത് മാത്രമേ കാണൂ, അതു മാത്രമേ ഉയര്‍ത്തിക്കാട്ടുകയുള്ളൂ, മറ്റുള്ളവ അവഗണിക്കുന്നു. ഇത്തരം പ്രവര്‍ത്തിയിലൂടെ അവര്‍ രാജ്യത്തിന്റെ ഖ്യാതി താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നു. ഈ പ്രവണത രാജ്യത്തിനും ജനാധിപത്യത്തിനും കോട്ടം വരുത്തും. ഇത് ശരിയായ നടപടിയല്ല. ഒരു വ്യക്തിയുടെ അവകാശങ്ങള്‍ പോലെ തന്നെ പ്രധാനമാണ് അയാളുടെ കടമകളുമെന്ന് മോദി പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരമുയര്‍ത്താന്‍ സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണ്. സ്വച്ഛ് ഭാരത് മിഷന്, ജന്‍ ധന് യോജന തുടങ്ങിയവ ഇതില്‍ ചിലത് മാത്രമാണ്. വര്‍ഷങ്ങളായി സ്ത്രീകള്‍ അനുഭവിച്ചു വരുന്ന അനീതികള്‍ ഇല്ലായ്മ ചെയ്യുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അതിനുള്ള ഉദാഹരണത്തിന് ഒന്നു മാത്രമാണ് മുത്തലാഖ് നിരോധന നിയമം. കാലങ്ങളായി മുസ്ലീം സ്ത്രീകള്‍ അനുഭവിച്ച മനുഷ്യാവകാശ ലംഘനത്തിനാണ് അറുതി വരുത്തിയത്.
പാവപ്പെട്ടവരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി മോദി സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിലൂടെ അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: