തിരുവനന്തപുരം: കാട്ടാക്കട നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ കൊവിഡ് നിയന്ത്രണാതീതം. ഇതുവരെ രോഗം ബാധിച്ചത് 23 തടവുകാര്‍ക്ക്. ഇതില്‍ ബാലകൃഷ്ണന്‍ എന്ന തടവുകാരന്റെ നില ഗുരുതരം. ഇയാളെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പരോള്‍ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ നാല്‍പ്പതോളം പേരില്‍ 23 തടവുകാര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. സുപ്രീം കോടതി പരോള്‍ കാലാവധി നീട്ടി നല്‍കിയിട്ടും, കഴിഞ്ഞ മാസം 27 ന് ജയിലധികൃതരുടെ നിര്‍ബന്ധപ്രകാരം ജയിലിലെത്തി ഒരേസെല്ലില്‍ കഴിഞ്ഞിരുന്നവരാണ് രോഗബാധിതരായത്. രോഗം സ്ഥിരീകരിക്കുന്നവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതല്ലാതെ കാര്യമായ ചികിത്സകളാെന്നും നല്‍കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് കൊവിഡ് രണ്ടാം വരവിനിടെ 400 പേരാണ് പരോളില്‍ പുറത്തിറങ്ങിയത്. ഇവരുടെ പരോള്‍ കാലാവധി അവസാനിക്കാനിരിക്കെ കൊവിഡ് വ്യാപനം രൂക്ഷമായി. തുടര്‍ന്ന് പുറത്തുള്ള തടവുകാരുടെ പരോള്‍ കാലാവധി ഈ മാസം 31 വരെ ഉത്തരവിലൂടെ സുപ്രീം കോടതി ദീര്‍ഘിപ്പിക്കുകയായിരുന്നു. പരോളില്‍ പുറത്തിറങ്ങിയ എല്ലാ തടവുകാര്‍ക്കും വേണ്ടി പുറത്തിറക്കിയ ഈ ഉത്തരവ് പാലിക്കപ്പെട്ടില്ല. കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ തടവുകാര്‍ക്കും പരോള്‍ കലാവധി നീട്ടണമെന്ന് കോടതി ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ മറ്റെല്ലാ ജയിലുകളും സുപ്രീം കോടതിയുടെ ഉത്തരവ് പാലിച്ചു. എന്നാല്‍ നെട്ടുകാല്‍ത്തേരി ജയിലിലെ സൂപ്രണ്ട് ജയിലില്‍ തിരികെ പ്രവേശിക്കാത്ത തടവുകാരെ തേടിപ്പിടിച്ച് ജയിലിലെത്തിക്കാന്‍ അതാതു പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ നിര്‍ദ്ദേശം ഇതേ വരെ പിന്‍വലിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: