ഡോ. അമ്പലപ്പുഴ ഗോപകുമാര്‍
നെടുമുടി വേണു കേരളത്തിന്റെ തനതുകലാപാരമ്പര്യത്തിന്റെയും സര്‍ഗ്ഗവൈഭവങ്ങളുടെയും മൂര്‍ത്തീഭാവമായിരുന്നു. മലയാളത്തിന്റെ മഹാനടന്‍ എന്ന വിശേഷണത്തിന് സര്‍വ്വഥാ യോഗ്യനായ ആ അഭിനയ പ്രതിഭ സത്യത്തില്‍ ഒരു വിസ്മയമാണ്.
കുട്ടനാടിന്റെ ജീവിത ശൈലിയും സംസ്‌കാരവും പ്രകൃതിസൗന്ദര്യവും താളബോധവും മാത്രമല്ല, എല്ലാ നാട്ടുനന്മകളും എകീഭവിച്ച സവിശേഷമായ വ്യക്തിത്വമായിരുന്നു വേണുവിന്റേത്. ആ പ്രതിഭയുടെ വളര്‍ച്ച കാവാലം നാരായണപ്പണിക്കര്‍ എന്ന അനശ്വര കലാകാരനെ കണ്ടുമുട്ടിയതോടെയാണ് ആരംഭിച്ചത്. ആലപ്പുഴ എസ്ഡി കോളജില്‍ വേണുവിന്റെ വിദ്യാര്‍ഥികാലത്താണ് നാടകലോകവുമായി ബന്ധപ്പെടുന്നത്. ദൈവത്താര്‍, അവനവന്‍ കടപ്പ, എനിക്കുശേഷം, തിരുവായിത്താന്‍ തുടങ്ങിയ നാടകങ്ങളില്‍ മുഖ്യവേഷം കെട്ടിയത് വേണുവാണ്.
ഇവിടെനിന്നാണ് തിരുവനന്തപുരത്തേക്ക് വേണു യാത്രയാകുന്നത്. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങിയിരുന്നു. വഞ്ചിപ്പാട്ടും ചക്രപ്പാട്ട്, നാടന്‍പാട്ട്, ഞാറ്റ്-കൊയ്‌ത്ത് പാട്ട് ഒക്കെ യഥാര്‍ത്ഥത്തില്‍ കുട്ടനാടിന്റെ കലവറയിലെ നിധികളാണ്. ആ നിധിപ്പുരയില്‍ നിന്ന് സ്വന്തമാക്കാന്‍കഴിയുന്നതെല്ലാം സ്വീകരിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് വന്നത്.
വേണുവുമായി വ്യക്തിപരമായി ഗുരുവും ശിഷ്യനും എന്നതിനപ്പുറത്ത് ഒരാത്മബന്ധമുണ്ടായിരുന്നു. 1968-69 ല്‍ എസ്ഡി കോളജില്‍ വേണു വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കോളജ് മാഗസിനില്‍ കവിത എഴുതിയിരുന്നു. ഗോപികാദുഃഖം എന്നതായിരുന്നു കവിതയുടെ പേര്. അടുത്തിടെ അമ്പലപ്പുഴയില്‍ നിന്നും പ്രകാശിപ്പിക്കുന്ന ശ്രീവത്സം മാസികയില്‍ ഈ കവിത പ്രസിദ്ധീകരിച്ചുവന്നു. താന്‍ ഈ മാസിക വേണുവിന് അയച്ചുകൊടുത്തു. 52 വര്‍ഷം മുമ്പ് താന്‍ എഴുതിയ കവിത സാര്‍ ഓര്‍ത്തിരുന്നല്ലോ എന്നു പറഞ്ഞ് വേണു എന്നെ വിളിച്ചിരുന്നു. ആശുപത്രിയില്‍ പോകുന്നതിന്റെ തലേദിവസമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: