തൃശൂര്‍: കനത്ത മഴക്ക് പിന്നാലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴ ചെയ്തതിനെ തുടര്‍ന്നാണ് ഡാമുകള്‍ തുറന്നത്.
പരിയാരം, മേലൂര്‍, കുറ്റിക്കാട് പ്രദേശങ്ങളിലും ചാലക്കുടി നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും പുഴയില്‍ നിന്നും വെള്ളം കയറിതുടങ്ങി. ഈ പ്രദേശങ്ങളിലെ പുഴയോരവാസികളെ ഒഴിപ്പിച്ചു. പല സ്ഥലങ്ങളിലും ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 6 മീറ്ററാണ് പുഴയില്‍ വെള്ളം ഉയര്‍ന്നിരിക്കുന്നത്. ഒരു മീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2018ലെ മഹാപ്രളയത്തില്‍ പുഴയില്‍ പത്തര മീറ്ററാണ് വെള്ളം ഉയര്‍ന്നത്. വെള്ളം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനെ തുടര്‍ന്ന് ചാലക്കുടിപുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ചാലക്കുടിയിലെ റെയില്‍വേ അടിപ്പാത വെള്ളത്തില്‍ മുങ്ങി.
അതിരപ്പള്ളിയിലും വാഴച്ചാലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അന്തര്‍സംസ്ഥാന പാതയായ ആനമല റോഡില്‍ വെള്ളം കയറിയതോടെ അതിരപ്പിള്ളി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ജാഗ്രത നിര്‍ദേശം നല്‍കുന്ന അനൗണ്‍സ്‌മെന്‍റും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: