രാജീവ് ചന്ദ്രശേഖര്‍,
കേന്ദ്ര നൈപുണ്യ വികസന മന്ത്രി
സെപ്റ്റംബര്‍ അവസാന വാരത്തില്‍ ഞാന്‍ ആദ്യമായി ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ചു. ഈ വര്‍ഷങ്ങളിലെല്ലാം ഞാന്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും പലയിടത്തും സഞ്ചരിച്ചെങ്കിലും , എനിക്ക് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല അല്ലെങ്കില്‍ ഞാന്‍ ജമ്മുകാശ്മീര്‍ സന്ദര്‍ശിച്ചില്ല എന്നത് ദുഖകരമായ സത്യമാണ്.
സത്യം പറയട്ടെ ചുരുക്കം ചില ആളുകള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ തുടര്‍ക്കഥ ആയിട്ടുള്ള ഒരു പശ്ചാത്തലത്തില്‍ , നൈപുണ്യവികസന സാങ്കേതികവിദ്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ എന്ത് പറയണമെന്നും അല്ലെങ്കില്‍ എന്ത് ചെയ്യണമെന്നും എനിക്കൊരു ചെറിയ ഉല്‍ക്കണ്ഠ ഉണ്ടായിരുന്നു.
ജമ്മുകാശ്മീരിലെ ശ്രീനഗര്‍, ബുദ്ഗാം, ബാരാമുള്ള ജില്ലകളില്‍ ഞാന്‍ സന്ദര്‍ശനം നടത്തി. അവിടുത്തെ ആളുകളെ കാണുകയും ആശയവിനിമയം നടത്തുകയും , കൂടാതെ വെല്ലുവിളി നിറഞ്ഞ ഈ കോവിഡ് കാലഘട്ടത്തില്‍ പൂര്‍ത്തിയായ ചില വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയുമായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
സന്ദര്‍ശനവേളയില്‍ ഞാന്‍ കേട്ട ആദ്യ കാര്യങ്ങളിലൊന്ന്,എന്റെ യാത്രയിലുടനീളം എന്നോടൊപ്പം ഉണ്ടായിരുന്ന ജെ & കെ പോലീസ് ഉദ്യോഗസ്ഥന്റെ ഒരു പ്രസ്താവനയാണ്. യാത്രയുടെ തുടക്കത്തില്‍ ഞാന്‍ അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ അതിര്‍ത്തി കടന്നുള്ള ഭീകരതയും തീവ്രവാദവും ആണ് കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങളെ പിന്നോട്ട് നിര്ത്തുന്നുന്നതെന്ന് ഇവിടുത്തെ കുട്ടികള്‍ക്ക് അറിയാം. രാജ്യത്തിന്റെ മറ്റുഭാഗങ്ങളി ലെയും ലോകത്തെയും പോലെ മികച്ച ജീവിതം അവരും ആഗ്രഹിക്കുന്നുണ്ട്’. യാത്രയിലുടനീളം ഈ വാക്കുകള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.
ഞാന്‍ ഒരു പുതിയ സബ് ഡിവിഷന് ഹോസ്പിറ്റല്‍, ചരര്ഇ ഷരീഫ് ദര്‍ഗ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും യുവ കശ്മീരികള്‍, സംരംഭകര്‍, കര്‍ഷകര്‍, സര്‍പ്പഞ്ചുകള്‍, ഗോത്ര സമൂഹങ്ങളിലെ അംഗങ്ങള്‍, ജില്ലാ ഭരണാധികാരികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ ഓരോ യോഗത്തിലും ഉണ്ടായ സംഭാഷണങ്ങളും ഉയര്‍ന്നുവന്ന ആവശ്യങ്ങളും അഭ്യര്‍ത്ഥനകളും വര്‍ത്തമാന കാലത്തെയും ഭാവിയെയും കുറിച്ചുള്ളതായിരുന്നു. നഷ്ടപ്പെട്ട അവസരങ്ങളില്‍ ഖേദിക്കുന്നെങ്കിലും , നഷ്ടപ്പെട്ട വര്‍ഷങ്ങളിലേക്ക് ആരും തിരിഞ്ഞുനോക്കുന്നില്ല. ബുദ്ഗാമിലും ബാരാമുള്ളയിലും ശ്രീനഗറിലും ഞാന്‍ കണ്ടുമുട്ടിയ യുവ വിദ്യാര്‍ത്ഥികള്‍ അവരുടെ നൈപുണ്യശേഷി എങ്ങനെ മെച്ചപ്പെടുത്താം അല്ലെങ്കില്‍ അവരുടെ തൊഴില്‍ അവസരങ്ങള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തിയത്. ചരര്ഇഷെറിഫിലെ സബ്ഡിവിഷന് ആശുപത്രി മികച്ച ആരോഗ്യപ്രവര്‍ത്തകരും എല്ലാ ആധുനിക സജ്ജീകരണങ്ങ ളോടുംകൂടിയ ഉയര്‍ന്ന നിലവാരമുള്ള ഒരു കേന്ദ്രമാണ്. ഇത് വിദൂര മേഖലയിലെ ഗ്രാമീണര്‍ക്ക് ജില്ലാ ആശുപത്രിയിലേക്കുള്ള ദീര്‍ഘമായ യാത്ര ഒഴിവാക്കുന്നതിനു സഹായിക്കും.
ബുദ്ഗാം ഡിഗ്രി കോളേജിലെ ഒരു യോഗത്തില്‍, പോളിടെക്നിക് കോളേജിലെ ധൈര്യവും ആത്മവിശ്വാസവുംഉള്ള ഒരു സംഘം പെണ്‍കുട്ടികള്‍, അവര്‍ക്ക് പോളിടെക്നിക്കുകളില്‍ മെക്കാനിക്കല്‍, സിവില്‍ ഡിപ്ലോമ മാത്രമല്ല, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ തുടങ്ങിയ പുതിയ കോഴ്സുകളും വേണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ബുദ്ഗാം ഐടിഐയില്‍ ഞാന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി ;അവരില്‍ പലരും പെണ്‍കുട്ടികളായിരുന്നു. ഞാന്‍ സന്ദര്‍ശിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഐടിഐ കളില്‍ ഒന്നായ ബുദ്ഗാം ഐടിഐയില്‍,മികച്ച ഓട്ടോമോട്ടീവ് മെയിന്റനന്‍സ് പരിശീലന സൗകര്യമുണ്ട്. പരിശീലനത്തിനു ശേഷം തൊഴില്‍ ലഭ്യമാകുന്നതിനായി ജില്ലയില്‍ ഓട്ടോമൊബൈല്‍ അനുബന്ധ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് അവര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ അവര്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ നിക്ഷേപത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു, കാരണം ഇത് മുന്‍ ഗവണ്മെന്റ്കളില് നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. മോദി ഗവണ്മെന്റ് ത്രിതല സംവിധാനത്തിലൂടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും അത് വഴി ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയും ചെയ്യുന്നതായി അവര്‍ മനസ്സിലാക്കിയിരിക്കുന്നു. നൈപുണ്യമെന്നത് തൊഴിലിലേക്കുള്ള ഒരു കവാടമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണവും നൈപുണ്യവും തൊഴിലും തമ്മില്‍ ശക്തമായ ബന്ധം സൃഷ്ടിക്കുന്നതിനുള്ള ആശയവും ഞാന്‍ പങ്കുവെച്ചപ്പോള്‍, വിദ്യാര്‍ത്ഥികളില്‍ ആവേശം പ്രകടമായിരുന്നു . രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ പുരോഗതിയെക്കുറിച്ച് വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഇവിടുത്തെ യുവാക്കള്‍ക്കും ഐടി വ്യവസായ വളര്‍ച്ചയുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ട്.
ബുദ്ഗാമിലും ബാരാമുള്ളയിലും രണ്ടു പരമ്പരാഗത നൈപുണ്യ കേന്ദ്രങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു. ഇവിടെ കാര്‍പെറ്റ്, കടലാസ് ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ പ്രാദേശിക കരകൗശല വിദഗ്ധരെ കൊണ്ട് നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന സംരംഭകര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ഈ കഴിവുകളുള്ള കരകൗശല തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. ജെ & കെയില്‍ നിന്നുള്ള ഈ മനോഹരമായ ഉല്‍പ്പന്നങ്ങളുടെ നിലവിലെ കയറ്റുമതി ഏകദേശം 600 ലധികം കോടി രൂപയുടേതാണ്. എന്നാല്‍ ഇതിന്റെ 10 മുതല്‍ 15 മടങ്ങോളം കൂടുതല്‍ ലോകത്തിന് ആവശ്യമുണ്ട്. അത് ഏകദേശം 2530 ലക്ഷം കരകൗശലത്തൊഴി ലാളികള്‍ക്ക് തൊഴിലും നല്‍കും. നൈപുണ്യമുള്ള പരമ്പരാഗത വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണമനുസരിച്ച് ഈ ക്ലസ്റ്ററുകളുടെയും അവരുടെ വ്യവസായ പുരോഗതിക്ക് കരകൗശല വിദഗ്ധരുടെ വളര്‍ച്ചയ്ക്കും ആവശ്യമായ പിന്തുണ നല്കാന് ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.
ഞാന്‍ നടത്തിയ ഒരു യോഗത്തിലും സുരക്ഷയുടെയോ ഭീകരതയു ടെയോ പ്രശ്നം ഒരിക്കല്‍ പോലും എന്നോട് ഉന്നയിക്കപ്പെട്ടിട്ടില്ല. എനിക്ക് അത് നേരിട്ട് അനുഭവിച്ചറിയാന്‍ സാധിച്ചു. ശ്രീനഗറിലെ ലാല്‍ ചൗക്ക് എല്ലാ വൈകുന്നേരങ്ങളിലും ത്രിവര്‍ണ്ണ പതാകയില്‍ നീരാടുന്നത് കാണാനായി.
ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും എത്രമാത്രം അഭിലാഷവും ആഗ്രഹവും സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതാണ് ഒരു രാഷ്ട്രീയ നേതാവിനെ വിലയിരുത്തുന്ന ഏറ്റവും മികച്ച അളവുകോല്‍ എന്ന് ഞാന്‍ കരുതുന്നു. ആ കണക്കില്‍, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിനെ കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ നിന്ന് വളരെ മുന്നിലേക്ക് നീക്കിയിരിക്കുന്നു. ജനങ്ങളെ സുരക്ഷിതരാക്കാന്‍ ജമ്മു കാശ്മീര്‍ ഭരണകൂടത്തിന്റെയും,24ഃ7 പ്രവര്‍ത്തിക്കുന്ന പോലീസിന്റെ യും സുരക്ഷാ സേനയുടെയും ഭാഗത്തുനിന്ന് വളരെയധികം പരിശ്രമവും സേവനവും ത്യാഗവും ഇതോടൊപ്പം ഉണ്ട് .നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പലഭാഗത്തും ലോകത്തിന്റെ പലയിടങ്ങളിലും സ്ത്രീകളും യുവാക്കളും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും തകര്‍ക്കുന്ന, അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ക്ക് കീഴില്‍ പോരാടുമ്പോള്‍, പ്രധാനമന്ത്രി മോദിയുടെ ഗവണ്മെന്റ് നമ്മുടെ യുവാക്കളെ കൂടുതല്‍ കൂടുതല്‍ സ്വപ്നം കാണാനും ആഗ്രഹിക്കാനും പ്രാപ്തരാക്കുന്നു സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് കുതിക്കുമ്പോള്‍ ഈ ഗവണ്മെന്റ്, രാജ്യം മുഴുവനുമുള്ള നമ്മുടെ യുവാക്കള്‍ക്ക് പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും തിരിതെളിയിച്ച് നല്കുന്നു.
എന്റെ സന്ദര്‍ശന വേളയില്‍ ഞാന്‍ പറഞ്ഞതുപോലെ, ജമ്മു കാശ്മീരിന്റെ വിധി നിയന്ത്രിച്ചത് 3 ഫ്യൂഡല്‍ കുടുംബങ്ങളും ഒരു കേന്ദ്രമന്ത്രിയുമാണ്. ഇപ്പോള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിലെ 77 മന്ത്രിമാരും ഇന്ത്യയിലെ എല്ലാ ജനങ്ങളെയും പോലെ തന്നെ ജമ്മു കാശ്മീരിലെ ജനങ്ങള്‍ക്കും മികച്ച ഭാവി ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. എല്ലാവര്ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്നം എന്ന ദൃഢമായ ആശയത്തോടെ അത് നവ ഇന്ത്യയെ മുന്നോട്ടു നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: