Categories: Kerala

നെടുമുടി വേണു അന്തരിച്ചു

Published by

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ നെടുമുടി വേണു(73) അന്തരിച്ചു. ഉദര സംബന്ധമായ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ കോവിഡ് ബാധിച്ചിരുന്നതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. 40 വര്‍ഷത്തെ സിനാമ ജീവിതത്തില്‍ 500ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു.  

1948 മേയ് 22 ന് ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ കെ. വേണുഗോപാല്‍ ജനിച്ചു. അധ്യാപകരായിരുന്ന പി.കെ.കേശവന്‍പിള്ള കുഞ്ഞിക്കുട്ടിയമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം.

വിദ്യാഭ്യാസ ശേഷം പാരലല്‍ കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ചു. കോളജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദേഹംസഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു. 1990ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 2003 ല്‍ പുറത്തിറങ്ങിയ മാര്‍ഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.  ഭരതന്‍ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാര്‍ഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിവിഷന്‍ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും നേടി. 

സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007ല്‍ സിംബാബ്‌വെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. സത്യന്‍ പുരസ്‌കാരം, കലാവേദി അന്താരാഷ്‌ട്ര പ്രതിഭ പുരസ്‌കാരം, ബഹദൂര്‍ പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, സെര്‍വ് ഇന്ത്യ മീഡിയ പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by