കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മേയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലാന്‍ സൂരജ് രണ്ടു തവണ പാമ്പിനെ കൊണ്ട് കടുപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം പുറത്തു വരുന്നത്. കേരളത്തെ നടുക്കിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഉത്ര കൊലക്കേസില്‍ പ്രതി സൂരജിന് പരമാവധി ശിക്ഷ ലഭിക്കുമോ എന്നാണ് കാത്തിരിക്കുന്നത്.
ശാസ്ത്രീയ തെളിവുകള്‍ നിരത്തിയായിരുന്നു സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം. പാമ്പ് കട്ടിലില്‍ കയറി ഉത്രയെ കൊത്തിയെന്ന സൂരജിന്റെ വാദം നിരാകരിക്കാന്‍ ശാസ്ത്രീയ തെളിവുകളും പരീക്ഷണങ്ങളും വിദഗ്ധസമിതി റിപ്പോര്‍ട്ടും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. കൊലപാതകത്തിന്റെ രീതി മനസിലാക്കാന്‍ ക്രൈംബ്രാഞ്ച് പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരീക്ഷണം ഉള്‍പ്പെടെ നടത്തിയിരുന്നു. വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി.
ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാനുള്ള ആദ്യ ശ്രമം 2020 ഫെബ്രുവരി 29നായിരുന്നു. 2020 മാര്‍ച്ച് രണ്ടിന് രണ്ടാമത്തെ ശ്രമത്തില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു. മൂന്നാഴ്ച തിരുവല്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചല്‍ ഏറത്തെ വീട്ടില്‍ കഴിയുമ്പോഴാണു മേയ് ആറിന് രാത്രിയില്‍ ഉത്രയെ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ചത്. സൂരജിന് പാമ്പിനെ നല്കിയ സുരേഷിനെ കേസിലെ മാപ്പുസാക്ഷിയാക്കി. കൊലപാതകക്കേസില്‍ മാത്രമാണ് ഇന്ന് വിധി പറയുന്നത്. ഗാര്‍ഹികപീഡനക്കേസും വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസും കോടതി നടപടികളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: