ന്യൂദല്‍ഹി: മോദിയെപ്പോലെ പ്രചോദനം നല്കുന്ന നേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവെന്ന പദവി വിട്ടിറങ്ങിയ കെ.വി. സുബ്രഹ്മണ്യം. സാമ്പത്തിക നയങ്ങളെ ഒട്ടും പിഴയ്ക്കാതെ സാധാരണ പൗരന്മാരുടെ ജീവിതോന്നമനത്തിനായി ഉപയോഗിക്കാന്‍ മോദിക്ക് സ്വതസിദ്ധമായ അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് വലിയ പിന്തുണയും പ്രോത്സാഹനവും തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അദ്ദേഹം ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. മൂന്ന് വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പദവി വഹിച്ചശേഷമാണ് കെ വി സുബ്രഹ്മണ്യന് പടിയിറങ്ങുന്നത്. 2018ല്‍ അക്കാദമിക് രംഗത്ത് നിന്നും എത്തിയ കെ.വി. സുബ്രഹ്മണ്യന് ഇനി വീണ്ടും അധ്യാപന രംഗത്തേക്ക് മടങ്ങിപ്പോവുകയാണ്.
സര്‍വ്വ പിന്തുണയും നല്‍കിയതിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും സുബ്രഹ്മണ്യന് നന്ദിയറിയിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ രാജ്യത്തെ സേവിക്കാനായത് വലിയ അംഗീകാരമായി താന്‍ കരുതുന്നെന്ന് അദ്ദേഹം അറിയിച്ചു.
‘സുബ്രഹ്മണ്യനെപ്പോലെ ഒരാളുമായി ജോലി ചെയ്യുന്ന ആഹ്ലാദാനുഭവമായിരുന്നു. അദ്ദേഹത്തിന്റെ അക്കാദമിക രംഗത്തെ മികവ്, സാമ്പത്തികപ്രശ്നങ്ങളിലും നയപ്രശ്നങ്ങളിലും പുലര്‍ത്തുന്ന തനതായ കാഴ്ചപ്പാടുകള്‍, പരിവര്ത്തനങ്ങള്ക്കുവേണ്ടിയുള്ള ദാഹം എന്നിവ ശ്രദ്ധേയമാണ്.,’-മോദി ട്വീറ്റ് ചെയ്തു.
ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കെ.വി സുബ്രഹ്മണ്യന് ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: