ന്യൂദല്‍ഹി : ചൈനയില്‍ നിര്‍മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനാവില്ല. രാജ്യത്ത് തന്നെ ഉത്പ്പാദനം ആരംഭിച്ച് വില്‍പ്പന നടത്താമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ടെസ്ലയുടെ സിഇഓ എലോണ്‍ മസ്കിനോട് നടത്തിയ സംഭാഷണത്തിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ ഇലക്ടിക് വാഹനങ്ങള്‍ വില്‍ക്കുന്നതിനായി ഇറക്കുമതി തീരുവ കുറച്ചു നല്‍കണമെന്ന് ടെസ്ല നേരത്തേയും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യണം. ഇതേപ്പറ്റി പല തവണ ടെസ്ലയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്തയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഗഡ്കരി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
‘ചൈനയില്‍ നിര്‍മിച്ച ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന് ഞാന്‍ ടെസ്ലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനും ഇന്ത്യയില്‍ നിന്ന് കാറുകള്‍ കയറ്റുമതി ചെയ്യാനും ഞാന്‍ കമ്പനിയോട് പറഞ്ഞിട്ടുണ്ടെന്നും സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കവേ ഗഡ്കരി അറിയിക്കുകയായിരുന്നു.
ഇന്ത്യയില്‍ ടെസ്ലയുടെ ജിഗാ ഫാക്ടറി നിര്‍മിക്കുകയാണെങ്കില്‍ നികുതിയില്‍ കുറവുവരുത്താമെന്നാണ് കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരിക്കുന്നത്. ടെസ്ലയ്ക്ക് നിലവില്‍ ലോകമെമ്പാടുമായി അഞ്ച് ജിഗാ ഫാക്ടറികളാണുള്ളത്. ഇന്ത്യയിലേക്ക് കാറുകള്‍ എത്തിക്കാന്‍ ഉദേശിക്കുന്നത് ചൈനയില്‍ സ്ഥാപിച്ചിരിക്കുന്ന ജിഗാ ഫാക്ടറിയില്‍ നിന്നാണ്. ഈ ഫാക്ടറി കര്‍ണാടകയില്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. ഇതിനായി എത്ര സ്ഥലം വേണമെങ്കിലും ഏറ്റെടുത്ത് നല്കാന് തയാറാണെന്നും മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു.
വര്‍ഷത്തില്‍ 4.5 ലക്ഷത്തിലധികം യൂണിറ്റ് ടെസ്ല കാറുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ചൈന ഫാക്ടറിക്കുള്ളത്. നിലവില്‍ കംപ്ലീറ്റ്ലി ബില്‍റ്റ് യൂനിറ്റ് (സിബിയു) ആയി വാഹനം എത്തിക്കാനാണ് ടെസ്ലയുടെ നീക്കം. മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ഇവി കാറുകള്‍ എത്തിക്കാനും ടെസ്ല പദ്ധതിയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: