മുംബൈ : ആഡംബരക്കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യന് ഖാന് അറസ്റ്റിലായതോടെ ഷാരുഖ് ഖാന് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം പിന്‍വലിച്ച് ബൈജൂസ് ലേണിങ് ആപ്പ്. വിഷയത്തില്‍ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബൈജൂസ് ആപ്പ് പരസ്യങ്ങള്‍ താത്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
2017 മുതല്‍ ഷാരൂഖ് ഖാന് ബൈജൂസിന്റെ കേരളത്തിന് പുറത്തുള്ള ബ്രാന്‍ഡ് അംബാസിഡറാണ്. ഷാരൂഖ് ഖാന് ഇതിന് പ്രതിഫലമായി വര്‍ഷം മൂന്നു മുതല്‍ നാലു കോടി രൂപ വരെയാണ് ആപ്പ് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖിന്റെ വന്‍ സ്പോണ്‍സര്‍ഷിപ്പ് ഡീലുകളില്‍ ഒന്നാണ് ബൈജൂസ് ആപ്പുമായുള്ളത്.
ബൈജൂസിനെ കൂടാതെ ഹൂണ്ടായി, എല്‍ജി, ദുബൈ ടൂറിസം, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ജിയോ എന്നീ കമ്പനികളുടെ പരസ്യത്തിലും ഷാരുഖ് അഭിനയിക്കുന്നുണ്ട്. ആര്യന് ഖാനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുമോയെന്ന കാര്യം വ്യക്തമല്ല.
ഒക്ടോബര്‍ 3ന് ആണ് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ ആര്യനടക്കം എട്ടു പേരെ നാര്‍ക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ മജിസ്ട്രേറ്റ് കോടതി ആര്യന് ഉള്‍പ്പടെ അറസ്റ്റിലായവര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. ഇതിനെ തുടര്‍ന്ന് ആര്യന് ഖാനെയും ഒരു കൂട്ടുപ്രതിയെയും മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി.
എന്‍സിബി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ആര്യനെ കോടതിയില്‍ ഹാജരാക്കിയത്. ആര്യന് ലഹരി മരുന്ന് ഇടനിലക്കാരുമായി ബന്ധപ്പെട്ടിട്ടുള്ളതായി തെളിവ് ലഭിച്ചെന്ന് എന്‍സിബി കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആര്യന്റെ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ലഹരിമരുന്ന് മാഫിയയും ബോളീവുഡും തമ്മില്‍ ബന്ധമുള്ളതായി നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: