തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഗ്രാമീണ മേഖലയില്‍ ആരംഭിക്കുന്ന ഗ്രാമവണ്ടികളില്‍ എംഎല്‍എമാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യാത്രക്കാര്‍ കുറവുള്ള റൂട്ടുകളില്‍ നഷ്ടം സഹിച്ച് ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കില്ല. എന്നാല്‍ പൊതുജനങ്ങള്‍ക്കായി യാത്ര സൗകര്യം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഗ്രാമ വണ്ടികള്‍ ആരംഭിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇന്ധന ചിലവ് വഹിക്കുന്ന രീതിയിലാണ് പുതിയ പദ്ധതി. എംഎല്‍എ ഫണ്ട് ഇതിനായി വിനിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ദിവസം കുറഞ്ഞത് 150 കിലോ മീറ്റർ ഓടിയാലെ ഗ്രാമവണ്ടികൾ നഷ്ടമില്ലാതെ നടത്താനാവൂ. ഇന്ധന ചെലവ് ഒരു പഞ്ചായത്തിന് മാത്രമായി വഹിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പല പഞ്ചായത്തുകള്‍ ചേര്‍ന്ന് ഇന്ധന ചെലവ് പങ്കിടുന്ന തരത്തില്‍ സര്‍വ്വീസ് ക്രമീകരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലകള്‍ക്ക് പുറത്തേക്ക് ഈ രീതിയില്‍ സര്‍വ്വീസ് നീട്ടുന്ന കാര്യവും പരിഗണയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘യാത്രക്കാരുടെ എണ്ണം അനുസരിച്ച് 18, 24, 28, 32 സീറ്റുകളുള്ള വാഹനങ്ങളും ഇതിനായി ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങൾ ഓരോ വർഷത്തേക്കും ലീസിനെടുത്താണ് സർവ്വീസ് നടത്തുന്നത്. ആവശ്യത്തിന് വാഹനങ്ങളില്ലാത്തതു കൊണ്ടാണ് പാരലൽ സർവീസുകൾ നടക്കുന്നതെന്നും ഗ്രാമവണ്ടികൾ ആരംഭിക്കുന്നതോടു കൂടി ഇത്തരം സർവ്വീസുകൾ ഇല്ലാതാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
കെ.എസ്.ആർ.ടി.സിയുടെ യാത്രാ നിരക്കിൽ നിലവിലുള്ള കൺസെഷനുകൾ നിലനിർത്തിയാണ് സർവീസുകൾ ആരംഭിക്കുന്നതെന്നും’ മന്ത്രി കൂട്ടിച്ചേർത്തു. ജന്മദിനം,വിവാഹ വാര്‍ഷികം തുടങ്ങിയ ഓര്‍മ്മ ദിനങ്ങളിലുള്‍പ്പടെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടികള്‍ സ്പോണ്സര് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: