Categories: Kozhikode

തരിശാക്കപ്പെട്ടത് ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങള്‍; നെല്‍കൃഷിയില്‍ സമഗ്ര പഠനത്തിന് സിഡബ്ല്യൂആര്‍ഡിഎം

Published by

കോഴിക്കോട്: നെല്‍കൃഷിയില്‍ സമഗ്ര പഠനത്തിന് തുടക്കമിട്ട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യൂആര്‍ഡിഎം). നെല്‍കൃഷിക്കനുയോജ്യമായ വയലുകളുടെ പ്രശ്‌നങ്ങളും സാധ്യതകളും വിശദമായി പഠിക്കും. ഗവേഷണത്തിന്റെ ഭാഗമായി നെല്‍വയലുകളുടെ മാപ്പിംഗ് നടത്തും. ജില്ലയിലെ   അവശേഷിക്കുന്ന നെല്‍വയലുകളില്‍ നടപ്പില്‍ വരുത്തുന്ന പതിവു പദ്ധതികള്‍ക്കപ്പുറം സമഗ്രമായ ഗവേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്താണ് തയ്യാറായത്.  

ഒരു കാലത്ത് ‘മലബാറിന്റെ നെല്ലറ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് ജില്ലയിലെ പ്രമുഖ പാടശേഖരങ്ങളില്‍ പലതും ഇന്ന് തരിശുനിലങ്ങളാണ്. ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങളാണ് വിവിധ കാരണങ്ങളാല്‍ തരിശാക്കപ്പെട്ടത്. വെള്ളക്കെട്ട്, ജലനിര്‍ഗമന സൗകര്യങ്ങളുടെ അഭാവം, ജലലഭ്യതയില്ലായ്മ, കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റപ്പെടുന്നത് തുടങ്ങി തരിശിടപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ പഠനത്തിന് ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്. 

ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിനാണ് പഠന ചുമതല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, ഹരിത കേരള മിഷന്‍, ജലസേചന വകുപ്പ്  മുതലായവയും കര്‍ഷകരും പാടശേഖര സമിതികളും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. 2022-27 പഞ്ചവത്സര പദ്ധതിയിലെ നെല്‍കൃഷി പ്രോത്സാഹനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് സിഡബ്ല്യുആര്‍ഡിഎം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. നടപ്പു വാര്‍ഷികപദ്ധതിയില്‍ ഡിപിസി അംഗീകാരം ലഭിച്ച പത്തു ലക്ഷം രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് പഠനം.

പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഭാവി പഠന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത്, സിഡബ്ബ്യൂആര്‍ഡിഎം, കാര്‍ഷിക കര്‍ഷക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ മുതലായവരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍  നടന്നു. സിഡബ്ബ്യൂആര്‍ഡി എം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മനോജ് സാമുവല്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വി.പി. ജമീല, രാജീവ് പെരുമണ്‍പുറ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, ജലവിഭവ വികസന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.അമ്പിളി, ഡോ. ആഷിഷ് ചതുര്‍വ്വേദി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മീന എന്നിവര്‍ സംസാരിച്ചു. വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള കൃഷി അസി.ഡയറക്ടര്‍മാരും പങ്കെടുത്തു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by