ന്യൂഡല്‍ഹി:ആയുര്‍വേദ, സിദ്ധ, യുനാനി (ASU) മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷാ സംവിധാനം വേഗമേറിയതും, കടലാസുരഹിതവും, കൂടുതല്‍ സുതാര്യമാക്കുന്നതും ലക്ഷ്യമിട്ട്, ഇതിനുള്ള നടപടിക്രമങ്ങള്‍ ആയുഷ് മന്ത്രാലയം ഓണ്‍ലൈനാക്കുന്നു.
ലൈസന്‍സിംഗ് അധികാരിയുടെ ഓഫീസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. ലൈസന്‍സിനായി www.e-aushadhi.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. 2021 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന, ഡ്രഗ്സ് (4 ആം ഭേദഗതി) ചട്ടങ്ങള്‍ 2021, നടപ്പാക്കുന്നത് സംബന്ധിച്ച് ആയുഷ് മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇനി മുതല്‍ ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടെ നിര്‍മ്മാണത്തിന് ഒറ്റത്തവണ രജിസ്ട്രേഷന് ഫീസോടെയുള്ള ഒറ്റത്തവണ ലൈസന്‍സ് മതിയാകും. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കപ്പെടുകയോ ചെയ്യാത്തിടത്തോളം എല്ലാ വര്‍ഷവും ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തല്‍ രേഖ സമര്‍പ്പിച്ചാല്‍ ഉത്പന്നത്തിന്റെ ലൈസന്‍സ് സാധുവായിരിക്കും. വിജ്ഞാപനത്തിന് മുമ്പ്, ഇതിന് 5 വര്‍ഷമായിരുന്നു.
അപേക്ഷകര്‍ അവരുടെ ലൈസന്‍സ് സാധുവായിരിക്കുന്നതിന് ഓരോ അഞ്ച് വര്‍ഷത്തിലും ‘ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ്സ്’ സര്ട്ടിഫിക്കേഷന് നേടേണ്ടതുണ്ട്. GMP സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് 1000 രൂപ ഫീസോടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ഓരോ 5 വര്‍ഷത്തിലും ആകസ്മിക പരിശോധനയ്ക്ക് വിധേയമാക്കും. കാലാവധി കൂട്ടിയതിനാല്‍, ജനറിക് മരുന്ന് നിര്‍മ്മാണ ലൈസന്‍സിന്റെ ഫീസ് 1000 രൂപയില്‍ നിന്ന് 2,000 രൂപയായി പുതുക്കിയിട്ടുണ്ട്. 10 എണ്ണം വരെ
പ്രൊപ്രൈറ്ററി ASU മരുന്നുകള്‍ക്ക് ലൈസന്‍സ് ഫീസ് 3000 രൂപയാണ്.
ലൈസന്‍സ് അനുവദിച്ചു നല്‍കുന്നതിനുള്ള പരമാവധി സമയം മൂന്ന് മാസത്തില്‍ നിന്ന് രണ്ട് മാസമായി മന്ത്രാലയം ചുരുക്കി.
ഗസറ്റ് വിജ്ഞാപന തീയതി മുതല്‍ ആറ് മാസത്തേക്ക്, പൂര്‍ണ്ണമായും ഓണ്‍ലൈനായി മാറുന്നതിന് വരെ, ഓണ്‍ലൈനിലും ഓഫ്ലൈനിലും അപേക്ഷ സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: