ഗുരുവായൂര്‍: ഈ വര്‍ഷത്തെ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം നവമ്പര്‍ 29 മുതല്‍ ഡിസംബര്‍ 14 വരെ നടക്കും. ഇക്കുറി 10 വയസ്സിന് മേലെയുള്ളവര്‍ക്കും പങ്കെടുക്കാം. നേരത്തെ 18 വയസ്സിന് മേല്‍ പ്രായമുള്ളവരെ പങ്കെടുപ്പിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. നിരന്തരമായ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് പ്രായത്തില്‍ ഇളവ് നല്‍കുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംഗീതോത്സവം സംഘടിപ്പിക്കുകയെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസ് പറഞ്ഞു. കോവിഡ് കാരണം കഴിഞ്ഞവര്‍ഷം നാമമാത്രമായാണ് ചെമ്പൈ സംഗീതോത്സവം നടത്തിയത്.
സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ പേര് രജിസ്ട്രേഷന് ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 14 ആണ്. പങ്കെടുക്കുന്നവര്‍ ഒരു ഡോസെങ്കിലും എടുത്തിരിക്കണം. 60 വയസ്സ് പൂര്‍ത്തിയായവര്‍ രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം.
വാക്സിന് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്തിരിക്കണം. കോവിഡ് ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സംഗീതാര്ച്ചനയ്ക്കെത്തുമ്പോള് ഹാജരാക്കിയാലും മതി. ഓണ്‍ലൈനിലൂടെ രജിസ്ട്രേഷന് ചെയ്യുന്നതിന് ഗുരുവിന്റെ സാക്ഷ്യപത്രം വേണം. www.guruvayurdevaswom.nic.in ലൂടെയാണ് രജിസ്ട്രേഷന് ചെയ്യേണ്ടത്. കോവിഡ് വ്യാപന സാധ്യത ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാത്രമാകും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഭക്തര്‍ക്ക് പ്രവേശനമെന്നും ദേവസ്വം ബോര്‍ഡ് ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: