തിരുവനന്തപുരം: കോര്‍പ്പറേഷനിലെ വീട്ടുകരം തട്ടിപ്പിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളി ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തട്ടിപ്പിന് കാരണം സോഫ്റ്റ് വെയര്‍ ക്രമക്കേടാണെന്നാണ് അധികൃതര്‍ പറയുന്നത്. 2016 മുതല്‍ തുടരുന്ന സോഫ്റ്റ്വെയര് ക്രമക്കേടിന് ഉത്തരവാദി ഐടി വകുപ്പാണെന്ന് സുരേന്ദ്രന് പറഞ്ഞു. വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി നടത്തിയ തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
കേരളത്തില്‍ എല്ലാ തട്ടിപ്പിനും പിന്നില്‍ സിപിഎമ്മിന്റെ നേതാക്കളാണ്. ലക്ഷക്കണക്കിന് രൂപയാണ് സിപിഎം നേതാക്കളുടെ കീശയിലെത്തുന്നത്. അതുകൊണ്ടാണ് വീട്ടുകരം തട്ടിപ്പിന് ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാരെ അറസ്റ്റ് ചെയ്യാത്തടെന്നും സുരേന്ദ്രന് ആരോപിച്ചു.
നഗരസഭയിലെ ജനങ്ങള്‍ അടയ്ക്കുന്ന നികുതി എത്തേണ്ടിടത്ത് എത്തിയില്ലെങ്കില്‍ അത് അന്വേഷിക്കേണ്ടത് ആഭ്യന്തരവകുപ്പ് ആണ്. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. ഇതിന് മുമ്പ് പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള എസ്സി ഫണ്ട് തട്ടിപ്പിന് പിന്നിലും സിപിഎമ്മാണ്. ഇത് പുറത്തുകൊണ്ടുവന്നതും ബിജെപിയാണ്. സെക്രട്ടറിയേറ്റാണ് എല്ലാ തട്ടിപ്പിന്റെയും കേന്ദ്രമെന്നും സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: