കോഴിക്കോട്: ശബരിമല വിമാനത്താവളത്തിന് മുഖ്യമന്ത്രി പിണറായി വിജയന് കണ്ടെത്തിയ ഭൂമി കേസില്പ്പെട്ടതാണെന്ന് നിയമസഭയില്‍ പ്രസ്താവിച്ച് റവന്യൂ മന്ത്രി കെ. രാജന്. ഇതോടെ, വിമാനത്താവള വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് വസ്തുതകള്‍ മറച്ചുവച്ച കേസ് കൂടുതല്‍ ഗൗരവമുള്ളതായി. പിഎംഒയുടെ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും കൂടുതല്‍ കുഴപ്പത്തിലാകും.
മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മില്‍ മാത്രമല്ല, സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതയും സിപിഐയില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനോടുള്ള എതിര്‍പ്പും മറ്റും പ്രകടമാക്കുന്ന വന്‍ രാഷ്ട്രീയ നീക്കം കൂടിയാണിത്. പിണറായിക്ക് കീഴടങ്ങി നില്ക്കുന്ന കാനത്തിനോടുള്ള എതിര്‍പ്പ് സിപിഐയില്‍ രൂക്ഷമാവുകയാണ്.
ഇന്നലെ നിയമസഭയില്‍ നക്ഷത്രചിഹ്നമിട്ട ചോദ്യം നമ്പര്‍ 120 ആയാണ് വിഷയം വന്നത്. സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം ഹെക്ടര്‍ ഭൂമി ഹാരിസണ്‍ മലയാളം ഉള്‍പ്പെടെയുള്ളവര്‍ കൈവശം വച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. മൂന്നു ലക്ഷത്തിലധികം ഏക്കര്‍ തോട്ടം ഭൂമി സംസ്ഥാനത്ത് വിവിധ കമ്പനികളും വ്യക്തികളും കൈവശം വെച്ചിരിക്കുന്നതായി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ഓഫീസര്‍ കണ്ടെത്തിയെന്നും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടന്നതും ഇപ്പോള്‍ ഭൂമി തിരിച്ചുപിടിക്കാന്‍ മുന്‍സിഫ് കോടതികളില്‍ കേസ് നടത്തുന്നതും മന്ത്രി സൂക്ഷ്മമായി വിവരിക്കുന്നു.
കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഹാരിസണ്‍ മലയാളവും മറ്റ് കമ്പനികളും വ്യക്തികളും കൈവശം വെച്ചിരിക്കുന്ന 29426.5 ഏക്കര്‍ തോട്ടം ഭൂമിയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥത സ്ഥാപിച്ചു കിട്ടാനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ചോദ്യം ചോദിച്ചത് മുസ്ലിം ലീഗ് അംഗങ്ങളായ എം.കെ. മുനീറും മഞ്ഞളാംകുഴി അലിയുമാണ്. ലീഗും സിപിഐയും ചേര്‍ന്നുള്ള പുതിയ രാഷ്ട്രീയ നീക്കമായും ഇതിനെ നിരീക്ഷിക്കേണ്ടതുണ്ട്. കേരള കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് സിപിഐയെ അപ്രസക്തമാക്കാന് നടത്തുന്ന ശ്രമങ്ങളില്‍ അവര്‍ അസ്വസ്ഥരാണ്. ലീഗിനെ ഇല്ലാതാക്കാനും നിലയ്ക്ക് നിര്‍ത്താനും സിപിഎം നടത്തുന്ന നീക്കങ്ങളില്‍ അവരും പ്രശ്നത്തിലാണ്. കൈയേറ്റക്കാരെന്ന ഗണത്തില്‍പ്പെടുന്ന വമ്പന്മാര്ക്ക് കേരള കോണ്‍ഗ്രസിലുള്ള രാഷ്ട്രീയ ബന്ധങ്ങളും നിര്‍ണായകമാണ്. ശബരിമല വിമാനത്താവള വിഷയത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധത്തിലും നിര്‍ണായകമാണ് ഈ ചോദ്യവും ഉത്തരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: