മലപ്പുറം: ഭർത്തൃവീട്ടിൽ മകൾക്ക് സ്ത്രീധന പീഡനം അനുഭവിക്കേണ്ടി വന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയുടെ വീട്ടിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. മൂസക്കുട്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ഗവർണർ ബന്ധുക്കളെ ആശ്വസിപ്പിച്ചു. രാവിലെ പത്ത് മണിയോടെയാണ് അപ്രതീക്ഷിതമായി ഗവർണർ മുസക്കുട്ടിയുടെ വീട്ടിലെത്തിയത്.
സ്ത്രീധനത്തിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് സന്ദർശന ശേഷം മാധ്യമങ്ങളെ കണ്ട ഗവർണർ പറഞ്ഞു. സ്ത്രീകളെ തുല്യരായി കാണാൻ സാധിക്കണം. കുറ്റകൃത്യം നടന്ന് കഴിഞ്ഞ ശേഷം പ്രതികരിക്കുന്ന രീതി അവസാനിപ്പിക്കണം. സ്ത്രീധനം വാങ്ങുന്ന പുരുഷന്മാർ സമൂഹത്തിന് നാണക്കേട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീധനത്തിനെതിരെ പൊതു സമൂഹം മുന്നോട്ട് വരണം. സ്ത്രീധനത്തിനെതിരെ പൊതുജനാഭിപ്രായം ഉയരണം. സ്ത്രീധന പീഡനങ്ങൾ തടയുന്നതിന് സമൂഹത്തിനാണ് വലിയ പങ്ക് വഹിക്കാൻ കഴിയുകയെന്നും ഗവർണർ പറഞ്ഞു.
സെപ്റ്റംബർ 23നായിരുന്നു മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പ് തന്റെ സങ്കടം അദ്ദേഹം വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഇതിന് പിന്നാലെ മകളുടെ ഭര്‍ത്താവ് തെഞ്ചീരി സ്വദേശി കുറ്റിക്കാടൻ അബ്ദുള്‍ ഹമീനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അരീക്കോട് കുനിയിലെ ബന്ധുവീട്ടില്‍ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
അബ്ദുള്‍ ഹമീദിന്റെ മാതാപിതാക്കളായ ഇസ്മായില്‍,ഫാത്തിമ എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. അബ്ദുള്‍ ഹമീദിനെ ചോദ്യം ചെയ്തതിന് ശേഷം പങ്ക് വ്യക്തമായാല്‍ മാതാപാതാക്കളേയും അറസ്റ്റു ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: