വടകര: ജന്മഭൂമി ലേഖകനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശി കുറ്റ്യേരി തലോറ തായാറത്ത്വളപ്പില് ഷിബു മോന് (39), വടകര ഇരിങ്ങല്‍ ആറാണ്ടക്കല്‍ വിപിന്‍ (36), പേരാമ്പ്ര മഠത്തില്‍ അജേഷ് (36) എന്നിവരെയാണ് വടകര എസ്ഐ എം. നിജേഷ് അറസ്റ്റ് ചെയ്തത്.
ജന്മഭൂമി വടകര ലേഖകന്‍ എന്‍.കെ. നവനീതിനും ഭാര്യക്കും നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അതിക്രമമുണ്ടായത്. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ എംആര്‍എ ബേക്കറിയില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാനെത്തിയതായിരുന്നു ഇരുവരും. വടകര ജിയോജിത്ത് ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബു മോന് ദമ്പതികളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന്, കരിമ്പനപ്പാലം ഇന്‍ഡസ് മോട്ടോര്‍സ് ജീവനക്കാരനായ വിപിനും അജേഷുമായി ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയുമായായിരുന്നു. ബേക്കറിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മാധ്യമ പ്രവര്ത്തകന് നേരെയുണ്ടായ അതിക്രമത്തില്‍ വടകര പത്രപ്രവര്‍ത്തക യൂണിയന് പ്രതിഷേധിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ്ചെയ്ത വടകര പോലീസിനെ യോഗം അഭിനന്ദിച്ചു. പത്രപ്രവര്‍ത്തക യൂണിയന് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവന് പറമ്പത്ത്, പി. ലിജീഷ്, വി.വി രഗീഷ്, പി.കെ. രാധാകൃഷ്ണന്, കെ വിജയകുമാര്‍, വി.പി. പ്രമോദ്, ടി.പി. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: