Categories: Article

സില്‍വര്‍ ലൈന്‍ റെയില്‍ കേരളത്തിന്റെ രജത രേഖയോ?

സില്‍വര്‍ ലൈന്‍ റെയില്‍ അഥവാ കെ -റെയില്‍ എന്നത്  തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 532 കിലോമീറ്റര്‍ ദൂരം, നാല് മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാന്‍ വിഭാവന ചെയ്ത് കേരള  സര്‍ക്കാര്‍ മുന്നോട്ട് വെച്ച റെയില്‍വേ പദ്ധതിയാണ്. 2017 ജനുവരി മൂന്നിന് രൂപീകരിച്ച കേരള റെയില്‍ ഡെവലപ്പമെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് കെ -റെയില്‍. ഈ സ്ഥാപനത്തിന്റെ കീഴിലാണ്  പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേയറ്റത്ത്  എത്താന്‍ നിലവിലുള്ള റെയില്‍വേ വഴി 12 മണിക്കൂര്‍ വേണം. ഈ സ്ഥാനത്ത് നാല് മണിക്കൂര്‍ കൊണ്ട് യാത്ര സാധ്യമാക്കുന്ന തരത്തില്‍ വലിയ മാറ്റം പുതിയ സില്‍വര്‍ ലൈന്‍ സെമി ഹൈ സ്പീ

ഡ്  റയില്‍വെ കൊണ്ട് കഴിയും എന്നാണ് കെ-റെയില്‍  അവകാശപ്പെടുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും വേഗത. ഒരു ട്രെയിനില്‍ യാത്രികര്‍ക്കു വേണ്ടി ഒന്‍പതു (9) കാറുകള്‍ ഉണ്ടാവും എന്നും ഇത് പരമാവധി പന്ത്രണ്ടു (12) കാറുകള്‍ വരെ ഉള്‍പ്പെടുത്താം എന്നും പറയുന്നു. ഒരു കാറില്‍ 75 യാത്രികര്‍ക്ക് സഞ്ചരിക്കാമെന്നും, 675 യാത്രക്കാരെ ഒരു ട്രെയിനില്‍ കൊണ്ട് പോകാന്‍ കഴിയും എന്നുമാണ് അവകാശവാദം.  

പത്ത്  ജില്ലകളിലായി ഒന്‍പതു  സ്റ്റോപ്പുകള്‍. തിരുവനന്തപുരത്ത് നിന്ന്  പുറപ്പെട്ട് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം(കാക്കനാട് ),കൊച്ചിന്‍ എയര്‍പോര്‍ട്ട്,  ത്രിശൂര്‍, തീരൂര്‍, കോഴിക്കോട്, കണ്ണൂര്‍  എന്നിവിടങ്ങള്‍ പിന്നിട്ടു യാത്ര കാസര്‍ഗോഡ് അവസാനിക്കും. അവിടെ നിന്ന് തിരിച്ചും. എറണാകുളത്ത് എയര്‍പോര്‍ട്ടിനടുത്ത് ഒരു സ്റ്റോപ്പ് അടക്കം രണ്ടു സ്റ്റോപ്പുകള്‍ ഉണ്ടാവും. എറണാകുളം, ത്രിശൂര്‍ സ്റ്റോപ്പുകള്‍ ഭൂമിയില്‍ നിന്ന് ഉയര്‍ന്നാവും ഉണ്ടാവുക. റെയില്‍വേ ലൈന്‍ കടന്നു പോകുന്ന വഴിയില്‍ ഓരോ 500 മീറ്റര്‍ (അര കിലോമീറ്റര്‍ ) കൂടുമ്പോള്‍ ലൈന്‍ ക്രോസ്സ് ചെയ്യാന്‍ ഉള്ള സൗകര്യവും ഉണ്ടാവുമത്രേ. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ നാല് ജില്ലകള്‍ സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതിയില്‍  നിന്നും മാറ്റി നിര്‍ത്തപ്പെടും.  

സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതിക്ക് വേണ്ടി 1383 ഹെക്ടര്‍ സ്ഥലം വേണം. ഇതില്‍ 1198 ഹെക്ടര്‍ സ്ഥലം സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതുണ്ട്. കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് പ്രകാരം പദ്ധതിക്ക് ഏകദേശം 66,079 കോടി രൂപ ചെലവാകും. പദ്ധതി 2025 ല്‍ പൂര്‍ത്തിയാവും എന്നാണ് കണക്ക് കൂട്ടല്‍. സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതി നടപ്പില്‍ വരുന്നതോടെ നിലവിലുള്ള ട്രെയിന്‍ യാത്രക്കാരില്‍ 11,500  പേരെയും, റോഡ് വഴി സഞ്ചരിക്കുന്ന 46,100 പേരെയും സില്‍വര്‍ ലൈന്‍ സെമി ഹൈ സ്പീഡ് റെയില്‍വേ പദ്ധതിയിലേക്ക് ആകര്‍ഷിക്കാ ന്‍ കഴിയും. ഇതെല്ലാം എല്ലാം പഠനത്തിന്റെ അടിസ്ഥാനത്തില്‍ പറയപ്പെടുന്ന അവകാശവാദങ്ങള്‍ മാത്രം ആണ്. പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങുമ്പോള്‍ എന്തൊക്കെ സംഭവിക്കും എന്ന് പറയാന്‍ പറ്റില്ല. കേരളത്തില്‍ ഒരു പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയായിട്ടില്ല എന്നത് ചരിത്രം.  

ആദ്യമായി പദ്ധതിക്ക് വേണ്ടി വരും എന്ന് പറയുന്ന  ചിലവിനെ പറ്റി ചിന്തിക്കാം. കേരളവും,കേന്ദ്ര റെയില്‍വേയും 51:49 എന്ന അനുപാതത്തില്‍ സംയുക്തമായി പദ്ധതിയുടെ മൂലധനം വഹിക്കും എന്നാണ് കരാര്‍. 66,079 കോടി  രൂപ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണം എന്നാണ് പഠനം കാണിക്കുന്നത്. കേരളം മുടക്കേണ്ടതായ പണം സംസ്ഥാനത്തിന്റെ തനത് സ്രോതസ്സും, സ്വകാര്യ വ്യക്തികള്‍ക്ക് ഓഹരി വില്‍പ്പന നടത്തിയും കണ്ടെത്തും എന്നാണ് പറയുന്നത്. സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ല. ഇപ്പോള്‍ തന്നെ സംസ്ഥാനം മൂന്ന് കോടി ഇരുപത്തഞ്ച്  ലക്ഷം രൂപയുടെ കടത്തിലാണ്. സര്‍ക്കാര്‍ കടം എടുത്താണ് സ്വന്തം വിഹിതം  കണ്ടെത്താന്‍ പോകുന്നത്. കേന്ദ്ര നിതി ആയോഗിന്റെ നിലവിലുള്ള കണക്ക് കൂട്ടല്‍ പ്രകാരം തന്നെ  പദ്ധതിക്ക് 1,30,000 കോടി രൂപ വേണ്ടി വരും എന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, ബിജെപി നേതാവും റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റിസ് കമ്മറ്റി ചെയര്‍മാനുമായ പി കെ. കൃഷ്ണദാസുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞത്. അതായത് നിലവിലുള്ള കണക്കനുസരിച്ചു പദ്ധതി 2025 ല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ തന്നെ കെ-റെയില്‍ ബോര്‍ഡ് പറയുന്ന കണക്കിന്റെ ഇരട്ടി പണം വേണ്ടി വരും. അതെങ്ങനെ കണ്ടെത്തും എന്നതാണ് ഒന്നാമത്തെ പ്രശ്‌നം.  

ഇനി ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് 1200 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുക എന്നത് എത്ര വലിയ സാഹസം ആണെന്നതും ചിന്തിക്കണം. സില്‍വര്‍ ലൈന്‍ സെമി ഹൈ സ്പീഡ് റെയില്‍വേ  ലൈനിന് വേണ്ടി എടുക്കാന്‍ പോകുന്ന സ്ഥലം വിട്ടുകൊടുക്കുന്ന ഉടമയ്‌ക്ക് പിന്നെ അത്  ഉപയോഗിക്കാന്‍ കഴിയില്ല. അതിന്റെ തൊട്ടടുത്തു നിര്‍മിതികള്‍ നടത്തുമ്പോള്‍ കെട്ടിട നിയമങ്ങള്‍ പാലിക്കാന്‍ സ്ഥലം ഉടമ നിര്‍ബന്ധിതനാണ് താനും. ജനസാന്ദ്രത കൂടിയ കേരളത്തില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സ്ഥലം ഏറ്റെടുക്കുന്ന സമയത്ത് ഏതാണ്ട് പന്ത്രണ്ടായിരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരും. പലരുടെയും ജീവനോപാധികള്‍ ആയിരിക്കും നഷ്ടമാവുക.

റെയില്‍വേ ലൈന്‍ പോകുന്ന സ്ഥലത്തുള്ള പുഴകള്‍, തോടുകള്‍, കുന്നുകള്‍, വനങ്ങള്‍, ചത്തുപ്പ് നിലങ്ങള്‍ എന്നിവ  നശിക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക  പ്രശ്‌നവും വളരെ വലുതായിരിക്കും.  

  ഈ അര്‍ദ്ധ അതിവേഗ റെയില്‍വേ ആര്‍ക്കുവേണ്ടി എന്നതും തര്‍ക്ക വിഷയമാണ്. കെ-റെയില്‍ കോര്‍പറേഷന്‍ പുറത്തുവിട്ട വിവരം അനുസരിച്ചു യാത്രികരില്‍ നിന്ന് കിലോമീറ്ററിനു  2.75 രൂപ  കണക്കില്‍  ചാര്‍ജ് ഇടാക്കിയാല്‍ മതി എന്നാണ് പറയുന്നത്. ഇത് നിലവിലുള്ള ചെലവ് കണക്കും അനുമാന വരുമാന കണക്കും അനുസരിച്ചാണ്. പദ്ധതിക്ക് ഉദ്ദേശിച്ച പണം പോരാതെ വരികയും, ഉദ്ദേശിച്ച അത്ര യാത്രക്കാര്‍ ലഭ്യമല്ലാതെ വരികയും ചെയ്താല്‍ കിലോമീറ്റര്‍ ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരും. കെ -റെയില്‍ കോര്‍പറേഷന്‍ പുറത്തുവിട്ട ചാര്‍ജ് ഈടാക്കി കൊണ്ട് കമ്പനിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ഇപ്പോള്‍ പറഞ്ഞ കിലോമീറ്റര്‍ ചാര്‍ജ്ജായ  2.75 രൂപക്ക് ബസ് യാത്രക്കാരെയും, നിലവിലെ ട്രെയിന്‍ ഉപഭോക്താക്കളെയും ആകര്‍ഷിക്കാം എന്ന് കരുതുന്ന കെ -റെയില്‍ കോര്‍പറേഷന് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുന്ന സമയം ഉദ്ദേശിച്ച യാത്രക്കാരെ കിട്ടാന്‍ പ്രയാസം നേരിടും.  

കേരളത്തിലെ ജനങ്ങള്‍ക്ക് ഇവിടെ തൊഴിലോ വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളോ ഇല്ല. നിലവില്‍ കിലോമീറ്ററിനു 0.50 രൂപ മാത്രം ചെലവ് വരുന്ന ട്രെയിനില്‍ സഞ്ചരിക്കാന്‍ വരെ പ്രയാസമുള്ള ജനങ്ങള്‍ അര്‍ദ്ധ അതിവേഗ റെയില്‍വേ സംവിധാനം ഉപയോഗിക്കും എന്ന് കരുതാന്‍ കഴിയില്ല. അതുകൊണ്ട് നിലവിലെ സാമൂഹ്യ -സാമ്പത്തിക സ്ഥിതിയില്‍ സില്‍വര്‍ ലൈന്‍ റെയില്‍വേ  നഷ്ടക്കച്ചവടം ആയിരിക്കും എന്നതിന് തര്‍ക്കമില്ല.

അഹമ്മദാബാദ് -മുംബൈ ബുള്ളറ്റ് ട്രെയിന്‍ ഇവിടെ നടപ്പിലാക്കാന്‍ പോകുന്ന കെ -റെയില്‍ സംവിധാന ത്തിന് ഒരു പ്രചോദനം ആയിരുന്നിരിക്കും എന്ന് തോന്നുന്നു. അവിടെ ഉള്ള സാഹചര്യം അല്ല ഇവിടെ ഉള്ളത്. ബുള്ളറ്റ് ട്രെയിന്‍ രണ്ടു വ്യാവസായിക നഗരങ്ങളെ കൂട്ടി ഇണക്കാന്‍ പര്യാപ്തമായ ഒരു സംവിധാനമാണ്. കേരളത്തിലോ? മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്ന പണം കൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്ന സാധനങ്ങള്‍ വാങ്ങാനായി മാത്രം  ജീവിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. അവര്‍ക്ക് എന്തിനാണ് അര്‍ദ്ധ അതിവേഗ റെയില്‍? ഇത് മാത്രമാണ് ചോദ്യം. നമുക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഇവിടുത്തെ രാഷ്‌ട്രീയക്കാരും, ഭരണകൂടവും, ഉദ്യോഗസ്ഥവൃന്ദവും തയ്യാറാവുമോ? അതിവേഗ റെയില്‍  ഒരു നേട്ടവും നമുക്ക് കൊണ്ടുവരാന്‍ പോകുന്നില്ല. മലയാളിയെ കൂടുതല്‍ കടക്കാരന്‍ ആക്കാന്‍ ഉതകും എന്ന് മാത്രം.

അഡ്വ. ജയഭാനു.പി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക