തിരുവനന്തപുരം : ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തില്‍ തീപിടിച്ച് വന്‍ നാശ നഷ്ടം. പോലീസ് സ്റ്റേഷന് സമീപത്തെ പാത്രക്കടയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.
കട പൂര്‍ണമായിത്തന്നെ കത്തിനശിച്ചു. ഫയര്‍ഫോഴ്സിന്റെ ആറ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. നാല് കട മുറികള്‍ പൂര്‍ണമായി കത്തിയമര്‍ന്നു. മധുര അലുമിനിയം സ്റ്റോഴ്സ്, ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടകളും അതിന്റെ ഗോഡൗണിനുമാണ് തീപിടിച്ചത്.
രണ്ടര മണിക്കൂറിലധികമായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങള്‍, പേപ്പര്‍, സാനിറ്റൈസര്‍ തുടങ്ങിയവയാണ് ഗോഡൗണില്‍ പ്രധാനമായും ഉള്ളത്. ഏകദേശം നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കടയ്ക്ക് ഇന്‍ഷുറന്‍സില്ല.
അതേസമയം തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടം ഇടിഞ്ഞ് വീഴാനും തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കിയതായി ജില്ലാ ഫയര്‍ ഓഫീസര്‍ എം സുധി പറഞ്ഞു. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമായെന്നും മറ്റ് കെട്ടിടങ്ങളിലേക്ക് പടരാന്‍ ഇനി സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: