കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന മേഖലയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കേരള ഗാന്ധി കെ. കേളപ്പനെ അദ്ദേഹത്തിന്റെ ജന്മനാട് അവഗണിക്കുകയും അനാദരിക്കുകയും ചെയ്തെങ്കിലും കേളപ്പജിയുടെ സ്മരണകള്‍ക്ക് പുനര്‍ജ്ജീവനം സാധ്യമാക്കിയിരിക്കുകയാണ് കേളപ്പജി സ്മൃതി സദസ്സുകള്‍.
അദ്ദേഹത്തിന്റെ ത്യാഗനിര്‍ഭര ജീവിതത്തെക്കുറിച്ച് ഇന്നത്തെ തലമുറ ഏറെ അറിയേണ്ടതുണ്ട്. കവി പി.പി. ശ്രീധരനുണ്ണി അതിന് സഹായകമാവുന്ന ഒരു ഉദ്യമം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്. കേളപ്പജിയുടെ ജീവിതത്തെ ആധാരമാക്കി ശ്രീധരനുണ്ണി രചിച്ച കാവ്യം, കാഹളം, പൂര്‍ത്തിയാവുന്നു. കേളപ്പജിയുടെ ജീവിതകാവ്യം എന്ന ആശയം വര്‍ഷങ്ങള്‍ക്കു മുമ്പേ മനസ്സില്‍ കുടിയേറിയതിനെ കുറിച്ചും അത് ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിനെ കുറിച്ചും കേളപ്പജിയുടെ അമ്പതാം ചരമവാര്‍ഷിക സന്ദര്‍ഭത്തില്‍ കവി ഓര്‍ക്കുന്നു.
കവി എസ്. രമേശന് നായര്‍ മൂന്നുനാല് വര്‍ഷം മുമ്പ് വീട്ടിലെത്തിയപ്പോഴാണ് കേളപ്പജിയുടെ ജീവിതം കാവ്യമാക്കുന്നതിനെ കുറിച്ച് സംസാരിച്ചത്. അന്ന് അദ്ദേഹം ശ്രീനാരായണഗുരുവിനെ കുറിച്ചെഴുതിയ ഗുരുപൂര്‍ണിമ എന്ന കാവ്യത്തിന്റെ ഒരു കോപ്പി സമ്മാനിച്ചുകൊണ്ട് ഗുരുവിനെ പോ
ലെ ഉത്തരകേരളത്തിലെ പ്രതിഭയായ കേളപ്പജിയെ കുറിച്ച് കാവ്യമെഴുതാന്‍ തന്നോട് ഉപദേശിക്കുകയായിരുന്നു എന്ന് പി.പി. ശ്രീധരനുണ്ണി പറയുന്നു.’അത് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും എഴുത്ത് തുടങ്ങിയില്ല. രമേശന് നായര്‍ ഇടയ്ക്കൊക്കെ വിളിച്ചന്വേഷിക്കും. കേളപ്പജിയെ കുറിച്ചുള്ള പുസ്തകങ്ങളൊക്കെ സംഘടിപ്പിച്ചു വായിച്ചു. എം.പി. മന്മഥന്റെ പുസ്തകം രമേശന് നായര്‍ തന്നെ തന്നു. ഇതൊക്കെ വായിച്ചപ്പോള്‍ കേളപ്പജിയെ കുറിച്ചുള്ള കാവ്യരചന അനിവാര്യമെന്ന് തന്നെ തോന്നി. കേളപ്പജിയുമായും അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രങ്ങളുമായും എനിക്ക് നേരിട്ടുണ്ടായ അനുഭവങ്ങളും അതിന് പ്രേരണയായി’- ശ്രീധരനുണ്ണി പറഞ്ഞു.
എന്നാല്‍ കാവ്യരചന തുടങ്ങിയത് എസ്. രമേശന് നായര്‍ ഈ ലോകത്തോട് വിടപറഞ്ഞ് പോയതിന് ശേഷമാണ്. സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ആ കവിയുടെ വേര്‍പാട് വലിയ വേദനയുണ്ടാക്കിയതിനൊപ്പം അദ്ദേഹം ഏല്പിച്ച ഒരു ദൗത്യം നിര്‍വ്വഹിക്കാന്‍ സാധിച്ചില്ലല്ലോ എന്ന കുറ്റബോധവും എന്നിലുണ്ടായി. അങ്ങനെയാണ് കാവ്യരചന ആരംഭിക്കുന്നത്. അതിപ്പോള്‍ പൂര്‍ത്തിയാവുകയാണ്. ഉടന്‍ തന്നെ വേദ ബുക്സ് ഈ കാവ്യം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും.
സ്വാതന്ത്ര്യലബ്ധിക്കുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ മിക്കവരും അധികാരത്തിന് പിന്നാലെ ആര്‍ത്തിപിടിച്ച് ഓടിയപ്പോള്‍, അധികാരസ്ഥാനങ്ങളൊക്കെ വേണ്ടെന്നു വച്ച് ഗാന്ധിജി വിഭാവനം ചെയ്ത സാമൂഹ്യ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയാണ് കേളപ്പജി ചെയ്തത്. നെഹ്റു വച്ചുനീട്ടിയ ഗവര്‍ണര്‍ സ്ഥാനം പോലും വേണ്ടെന്നു വച്ചയാളാണദ്ദേഹം. കൂടാതെ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നയാളുമാണ്. ആ നിലയ്ക്കുള്ള നാടകീയതയൊന്നും ഇത്തരമൊരു കാവ്യത്തില്‍ പറ്റില്ല. എങ്കിലും ആ ജീവിതം കാവ്യമാകേണ്ടതു തന്നെയെന്ന് രമേശന് നായരെപ്പോലെ തന്നെ എനിക്കും ഉറച്ച തോന്നല്‍ ഉണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു.
അനുഷ്ടുപ്പ് വൃത്തത്തില്‍ വളരുന്ന കവിത, അവസാനിക്കുന്ന ഭാഗം ഇങ്ങനെ:
കാലത്തിന് കളിത്തട്ടില്‍.
കഥയല്ലിതു കാല-
ദേശങ്ങളെല്ലാം താണ്ടി-
യതിജീവിയ്ക്കും പാഠ-
പുസ്തകം ശുഭോദര്‍ക്കം.
അതിലക്ഷരമായി
വെളിച്ചം കാണെക്കാണെ
നിബിഡാന്ധകാരത്തെ
മറയ്ക്കും ദിവ്യസ്നേഹം.
കേരളനവോത്ഥാന-
വീഥിയില്‍ തഴപ്പാര്‍ന്നു
ശീതളച്ഛായാതലം
തീര്‍ത്ത മാമരമായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: