കാൻബറ: ഫ്രാന്‍സുമായുള്ള മുങ്ങിക്കപ്പല്‍ കരാറില്‍ നിന്നും പിന്‍വാങ്ങിയ ആസ്ത്രേല്യയ്ക്കെതിരെ ഇടഞ്ഞ ഫ്രാന്‍സ് ഒടുവില്‍ അയഞ്ഞു. അമേരിക്ക ദിവസങ്ങളായി നടത്തിയ നയതന്ത്രനീക്കങ്ങള്‍ക്കൊടുവിലാണ് ഫ്രാന്‍സ് വഴങ്ങിയത്.
ഫ്രാന്‍സുമായുള്ള മുങ്ങിക്കപ്പല്‍ കരാറില്‍ നിന്നും പിന്മാറി അമേരിക്കയും ബ്രിട്ടനുമായി പുതിയ ആണവ മുങ്ങിക്കപ്പല്‍ കരാറില്‍ ഏര്‍പ്പെട്ട ആസ്ത്രേല്യയുടെ നീക്കമാണ് ഫ്രാന്‍സിനെ ചൊടിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സ് തങ്ങളുടെ അംബസാഡര്മാരെ യുഎസില്‍ നിന്നും ആസ്ത്രേല്യയില്‍ നിന്നും പിന്‍വലിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഫ്രാന്‍സിന്റെ അംബാസഡര്‍ കാന്‍ബറയില്‍ മടങ്ങിയെത്തി.
ആസ്ത്രേല്യന്‍ വിദേശകാര്യമന്ത്രി മാരിസ് പെയിനാണ് ഫ്രഞ്ച് അംബാസഡർ മടങ്ങിയെത്തിയതിലെ സന്തോഷം രേഖപ്പെടുത്തിയത്. പുതിയ സാഹചര്യത്തില്‍, ഫ്രാൻസുമായി ശക്തമായ ബന്ധം തുടരുമെന്നും സംശയങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞു തീർക്കുമെന്നും മാരിസ് പെയിൻ വ്യക്തമാക്കി.
അമേരിക്കയും ബ്രിട്ടനും ആസ്ത്രേല്യയുമായി ചേന്ന് ത്രിരാഷ്ട്ര സഖ്യം രൂപീകരിക്കുകയും ആസ്ത്രേല്യയ്ക്ക് ഏറ്റവും പുതിയ പ്രതിരോധസാങ്കേതികവിദ്യയായ ആണവ മുങ്ങിക്കപ്പല്‍ നല്കാന് കരാറുണ്ടാക്കുകയും ചെയ്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഇടഞ്ഞ ഫ്രാന്‍സിനെ മെരുക്കാന്‍ ഒടുവില്‍ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കെത്തി. ഈ ചർച്ചയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംതൃപ്തി അറിയിച്ചതായാണ് അറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: