ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രതിദിന ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്റെ ഉല്പാദനം കുറച്ചു സമയത്തിനുള്ളില്‍ പത്ത് മടങ്ങായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതിന്റെ നേട്ടം എടുത്തു പറഞ്ഞ് പ്രധാനമന്ത്രി മോദി.
തന്റെ രാഷ്ട്രീയ യാത്രയുടെ 20ാം വര്ഷികാഘോഷച്ചടങ്ങിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഋഷികേശിലെ എയിംസില്‍ സംസാരിക്കുകയായിരുന്നു മോദി. ‘ ഇന്ത്യ മുന്‍പ് പ്രതിദിനം ഉല്പാദിപ്പിച്ചിരുന്നത് 900 എംടി ലിക്വിഡ് മെഡിക്കല്‍ ഓക്സിജനായിരുന്നു. കൊവിഡ് മൂലം ഓക്സിജന്റെ ആവശ്യം കൂടിവന്നപ്പോള്‍ റെക്കോഡ് സമയത്തില്‍ ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്റെ ഉല്പാദനം പത്ത് മടങ്ങായാണ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്,’ ഭരണ നേട്ടം എടുത്തുപറഞ്ഞ് മോദി വിശദീകരിച്ചു.
‘കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പിഎം കെയേഴ്സിന്റെ കീഴില്‍ 1100 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. ഇന്ന്, രാജ്യത്തെ എല്ലാ ജില്ലകളിലും പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ പിഎം കെയേഴ്സിന്റെ കീഴില്‍ സ്ഥാപിച്ചു. ഈ പ്ലാന്റുകള്‍ കൂടി ചേര്‍ത്താല്‍ ഇപ്പോള്‍ രാജ്യത്ത് 4,000 പുതിയ ഓക്സിജന്‍ പ്ലാന്റുകളുണ്ട്. ഇത് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ രാജ്യത്തെയും ഇവിടുത്തെ ആശുപത്രികളെയും ശാക്തീകരിച്ചു,’ പ്രധാനമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച അദ്ദേഹം വിവിധ സംസ്ഥാനങ്ങളില്‍ പിഎം കെയേഴ്സിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന 35 പിഎസ്എ ഓക്സിജന്‍ പ്ലാന്റുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഇതോടെ കൊവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ തന്നെ ഓക്സിജന്റെ കാര്യത്തിലുള്ള ആശങ്ക പാടെ ഇല്ലാതായിരിക്കുകയാണ്. ഇന്ത്യയിലെ ഓരോ ജില്ലയിലും കുറഞ്ഞത് ഒരു ഓക്സിജന്‍ പ്ലാന്റെങ്കിലും സ്ഥാപിച്ചുകഴിഞ്ഞിരിക്കുകയാണ് മോദി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: