കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവും. സംസ്‌കാര കാസര്‍കോട് ജില്ലാ സമിതി പീലിക്കോട് സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ഒരു വിഭാഗം നേതാക്കള്‍ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ച് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ആദ്യം പ്രതിഷേധം ഉയര്‍ത്തിയത്. പിന്നീട് മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിക്കണ്ണനെയും മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെയും വാഹനം ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടയുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. സംഘര്‍ഷം കടുത്തതോടെ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
കെ.വി. കുഞ്ഞിക്കണ്ണനെയും ഹക്കീം കുന്നിലിനേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ആരോപണമുണ്ടായി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ജൂബിലി ആഘോഷ പരിപാടി മാറ്റിവെച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. പീലിക്കോട് നടന്ന പരിപാടിയില്‍ രണ്ട് മണിക്ക് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അദ്ദേഹം പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയും പരിപാടിയും റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: