കൊല്ലം: സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലയില്‍ മെഡിക്കല്‍ ഷോപ്പുകളിലും സ്കൂളുകളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കും. കുട്ടികള്‍ക്കിടയിലെ ലഹരി ഉപഭോഗം, അനധികൃതമായി കുട്ടികളെ കടത്തല്‍ എന്നിവ തടയുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംയുക്ത പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കുന്നതിനായുള്ള ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
മെഡിക്കല്‍ ഷോപ്പുകളുടെ ഉള്ളിലും പുറത്തും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. ജില്ലാ ഡ്രഗ്സ് കണ്ട്രോള് അതോറിറ്റി, പോലീസ് എന്നിവര്‍ സംയുക്തമായി പരിശോധനകള്‍ നടത്തി വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കും. കൃത്യമായ ഇടവേളകളില്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. സ്കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തും. സ്കൂള്‍ ക്യാമ്പസിലും പരിസരത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പിടിഎ കളുടെ സഹകരണം തേടും.
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം ലഹരി വിരുദ്ധ ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പതിപ്പിക്കുകയും വേണം. ആരോഗ്യവകുപ്പ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, പോലീസ്, എക്സൈസ് എന്നിവയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കണം. സമൂഹമാധ്യമങ്ങള്‍ വഴി ഇവ പ്രചരിപ്പിക്കാനും തീരുമാനിച്ചു. ബാലാവകാശ സംരക്ഷണ സമിതി അധ്യക്ഷന്‍ അഡ്വ. കെ.പി. സജിനാഥ്, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: