മൂലമറ്റം: ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം ചക്കിമലയില്‍ പൂവിട്ട നിലക്കുറിഞ്ഞിയുടെ പ്രധാന പൂക്കാലം അടുത്ത വര്‍ഷമെന്ന് വിദഗ്ധര്‍. നിലവില്‍ യാതൊരു സുരക്ഷയും പാലിക്കാതെ ആളുകള്‍ ഇങ്ങോട്ടെത്തുന്നത് നീലവസന്തകാലം ഇല്ലാതാക്കുമെന്നും വിലയിരുത്തല്‍.
കോട്ടയം-ഇടുക്കി ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന റവന്യൂ ഭൂമിയായ ആലുങ്കപ്പാറ ഹില്‍സില്‍ ആണ് നീലക്കുറിഞ്ഞി പൂവിട്ടത്. പിന്നാലെ നിരവധി പേര് ഇങ്ങോട്ടെത്തി. ഇത്തരത്തിലെത്തുന്നവര്‍ ആരും ചോദിക്കാനില്ലാത്തതിനാല്‍ പൂക്കള്‍ പറിക്കുകയും ചെടികളുടെ കമ്പ് ഒടിച്ചെടുക്കുകയും ചെയ്യുന്നു. ചെങ്കുത്തായ സ്ഥലത്തൂടെ കയറി നടക്കുമ്പോള്‍ ചെടികള്‍ ചവിട്ടിയും നശിപ്പിക്കുന്നു.
അതേസമയം, വിഷയത്തില്‍ ഇടപെടാന്‍ റവന്യൂ-വനം അധികൃതര്‍ തയ്യാറായിട്ടില്ല. നീലക്കുറിഞ്ഞിയുടെ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിസിഎ ഇടുക്കി ജില്ലാ സെക്രട്ടറി എം.എന്‍. ജയചന്ദ്രന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്കി.
നീലക്കുറിഞ്ഞി പൂത്ത സ്ഥലം ഈ വിഷയത്തില്‍ ഡോക്ടറേറ്റ് എടുത്ത പാലാ സെന്റ് തോമസ് കോളജിലെ ബോട്ടണി വിഭാഗം മേധാവി പ്രൊഫ. ജോമി അഗസ്റ്റിന് സന്ദര്‍ശിച്ചു. പ്രദേശത്തെ നീലക്കുറിഞ്ഞിക്ക് അരനൂറ്റാണ്ടിലധികം പഴക്കമുള്ളതായാണ് വിലയിരുത്തലെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. ഒരേക്കര്‍ സ്ഥലത്ത് 50 ചെടികള്‍ മാത്രമാണ് പൂത്തിരിക്കുന്നത്. പരിശോധനയില്‍ 500 ചെടികള്‍ മാത്രമാണുള്ളതെന്നും 90 ശതമാനവും പൂത്തിട്ടില്ലെന്നും ഇത് വ്യാപകമായി പൂക്കുന്നതിന് മുമ്പ് കാണുന്ന പ്രതിഭാസം മാത്രമാണെന്നും പ്രൊഫ. ജോമി അഗസ്റ്റിന് പറഞ്ഞു.
പശ്ചിമഘട്ട മലനിരകളില്‍ 1200 മീറ്ററിന് മുകളില്‍ പൂക്കുന്ന നീലക്കുറിഞ്ഞി 800 മീറ്റര്‍ മാത്രം പരമാവധി ഉയരമുള്ള ലോ റേഞ്ചിലെ മലയില്‍ പൂവിട്ടത് അത്യഅപൂര്‍വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: