കാഴിക്കോട്: കുരുവട്ടൂര്‍ പോലൂരില്‍ വീട്ടിനുള്ളിലെ അജ്ഞാത പ്രതിഭാസം കണ്ടെത്താന്‍ കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി.
ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ടുള്ള പരിശോധനയാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ഭൂമിക്കടിയിലെ വിള്ളല്‍, കുഴികള്‍, വെള്ളത്തിന്റെ ഒഴുക്ക് തുടങ്ങിയവയും കുഴലീകൃത മണ്ണൊലിപ്പ് സാധ്യതയും മറ്റും ഇത് വഴി മനസ്സിലാക്കാനാകും. ഇതിന്റെ ഫലം പരിശോധിച്ചാകും അടുത്ത നടപടി. കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന് ഡോ. ബിബിന്‍ പിതാബരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇന്ന് രാവിലെ വീട്ടിലെത്തി അന്വേഷണം തുടങ്ങിയത്. സമീപത്തെ രണ്ട് വീട്ടുകാരെയും താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂര് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തു താമസിക്കുന്ന കോണോട്ട് തെക്കെമാരത്ത് ബിജുവിന്റെ വീട്ടിലാണ് കേന്ദ്രസംഘം വിശദമായ അന്വേഷണം നടത്തുന്നത്. പ്രത്യേക പഠനത്തിന് കേന്ദ്ര ഗവേഷണ കേന്ദ്രത്തോട് അടിയന്തിരമായി സ്ഥലത്തെത്തി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമിക്കടില്‍ മണ്ണൊലിക്കുന്ന പ്രതിഭാസം (കുഴലീകൃത മണ്ണൊലിപ്പ്) ആണ് പോലൂരില്‍ സംഭവിക്കുന്നതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം. പ്രദേശത്തെ മതിലുകളില്‍ വിള്ളല്‍ നിരീക്ഷണത്തില്‍ വ്യക്തമായി. ഈ വിള്ളല്‍ കൂടി വരുന്നതായും ബോധ്യപ്പെട്ടു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപദേശകന് കേന്ദ്ര ഭൗമ ശാസ്ത്ര പഠനകേന്ദ്രം മുന്‍ ശാസ്ത്രജ്ഞന് ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ വീട്ടിലെത്തി പരിശോധന നടത്തിയത്. വിശദ പഠനം നടത്താന്‍ കേന്ദ്ര ഗവേഷണ കേന്ദ്രത്തോട് അടിയന്തിരമായി സ്ഥലത്തെത്തി പരിശോധിക്കണമെന്നും ജി.ശങ്കറിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് ജല്ലാ കളക്ടര്‍ കേന്ദ്ര സംഘത്തോട് എത്താന്‍ ആവശ്യപ്പെട്ടത്.
ബിജുവിന്റെ വീട്ടിനുള്ളില്‍ ചിലപ്പോള്‍ പേടിപ്പെടുത്തുന്ന ശബ്ദമാണ്. ആരോ നടക്കുന്നത് പോലെ. വെള്ളം കുത്തിയൊലിക്കുന്ന ശബ്ദവുണ്ട്. പാത്രത്തില്‍ നിറച്ച് വെച്ച വെള്ളം തിരയിളകി തുളുമ്പിപ്പോകുന്നു. പൈലിംഗ് നടത്തുന്നതു പോലുള്ള ഇടിമുഴക്കമാണ് ചിലപ്പോള്‍ കേള്‍ക്കുക. ഇടവിട്ട് അര മണിക്കൂറോളം ശബ്ദമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: