തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്കു സുഖപ്രസവം. ആകാശത്തില്‍ പിറവിയെടുത്ത കുഞ്ഞിനെ സ്വാഗതം ചെയ്ത് എയര്‍ഇന്ത്യ. വെല്‍ക്കം കുഞ്ഞുവാവേ എന്ന ക്യാപ്ഷനോടെയാണ് എയര്‍ഇന്ത്യയുടെ ആശംസ.
ചൊവ്വാഴ്ച രാത്രി ലണ്ടനില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണു സംഭവം. ഇന്ത്യന്‍ സമയം രാത്രി 7 മണിയോടെയാണു പുറപ്പെട്ടത്. അല്‍പ സമയത്തിനുള്ളില്‍ യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടു. ഏഴുമാസം ഗര്‍ഭിണിയായിരുന്നു യുവതി. കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്, വിമാനത്തിലുണ്ടായിരുന്ന 2 ഡോക്റ്റര്‍മാരേയും കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്‌സുമാരും സകണ്ടെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന ഗാലി താല്‍ക്കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു. വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെങ്കിലും 3 മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം അത്യാവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
വിമാനം നിയന്ത്രിച്ചിരുന്നത് ഷോമ സൂര്‍, ആര്‍.നാരംഗം എന്നീ പൈലറ്റുമാരും സെയ്ഫ് ടിന്‍വാല എന്ന ഫസ്റ്റ് ഓഫിസറും ചേര്‍ന്നായിരുന്നു. ഇവര്‍ എയര്‍ ഇന്ത്യയുടെ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് വിമാനം ഏറ്റവുമടുത്ത ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്കു തിരിച്ചുവിടാന്‍ അനുമതി നേടി. 2 മണിക്കൂര്‍ പറക്കലാണു ഫ്രാങ്ക്ഫര്‍ട്ടിലേക്കുണ്ടായിരുന്നത്. രാത്രി 11നു വിമാനം ഫ്രാങ്ക്ഫര്‍ട്ടിലിറങ്ങി. ഇറങ്ങിയ ഉടന്‍ റിമോട്ട് ബേയിലേക്കു മാറ്റി യുവതിയെയും കുഞ്ഞിനെയും ഇവരുടെ ഒരു ബന്ധുവിനെയും വിമാനത്തില്‍ നിന്നിറക്കി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. പുലര്‍ച്ചെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നു പുറപ്പെട്ട വിമാനം രാവിലെ 9.45നു കൊച്ചിയിലിറങ്ങി. സാധാരണ പുലര്‍ച്ചെ 3.45നാണു കൊച്ചിയിലെത്തേണ്ടത്.
യുവതിക്ക് സുഖപ്രസവം എളുപ്പമാക്കിയതിന് ക്രൂവിന് അഭിനന്ദനങ്ങളുമായി എയര്‍ഇന്ത്യ ഫേസ്ബുക്ക് പോസ്റ്റിട്ടു. വിമാനത്തിലെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പ്രത്യേക സല്യൂട്ട്. ഞങ്ങളുടെ വിമാനത്തില്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു, ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങളുടെ ജീവനക്കാര്‍ക്ക് പരിചയമുണ്ട്.
അമ്മയ്‌ക്കും കുഞ്ഞിനും ഉടനടി വൈദ്യസഹായം ലഭിക്കുന്നതിനായി വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു.ഫ്രാങ്ക്ഫര്‍ട്ടിലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ വിമാനം അവിടെ ഇറങ്ങുമ്പോള്‍ ആവശ്യമായ തയ്യാറെടുപ്പിനായി അമ്മയെയും കുഞ്ഞിനെയും ഉടന്‍ കൊണ്ടുപോയി.
ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ കുടുംബവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുന്നു. താമസിയാതെ അവര്‍ ഞങ്ങളോടൊപ്പം വീട്ടിലേക്ക് പറക്കും. ദൈവം കുഞ്ഞിന് ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കി അനുഗ്രഹിക്കട്ടെ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: