കോഴിക്കോട്: കേരളത്തെ രൂപപ്പെടുത്തിയ മഹാരഥന്മാരുടെ സ്മരണകളില്‍ കേസരിഹാള്. കേരളാക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച കേളപ്പജി സ്മൃതി സദസ്സിലാണ് കെ.മാധവന്‍നായരുടെയും കേളപ്പജിയുടെയും പിന്തലമുറ പൂര്‍വ്വിക സ്മരണയില്‍ പങ്കെടുത്തത്.
കേളപ്പജിയോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞ ഓര്‍മ്മകളിലായിരുന്നു സര്‍വ്വോദയ പ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായ ടി. ബാലകൃഷ്ണന്. കേളപ്പജിയുടെ ചെറുമകനും പ്രശസ്തഫോട്ടോഗ്രാഫറുമായ നന്ദകുമാര്‍ മൂടാടിയാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. സ്വന്തം വീടിനും കുടുംബക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത മുത്തച്ഛനെകുറിച്ച് ദേഷ്യം തോന്നിയിരുന്നുവെങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷവും അദ്ദേഹത്തെ സമൂഹം ഓര്‍ക്കാന്‍ കാരണം നിസ്വാര്‍ത്ഥവും ത്യാഗപൂര്‍ണവുമായ അദ്ദേഹത്തിന്റെ ജീവിത സമീപനമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുകയാണ്, അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ സ്ഥാനം വെച്ചുനീട്ടിയപ്പോള്‍ അത് വേണ്ടെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സഹപ്രവര്‍ത്തകര്‍ നല്കിയ വേദനകളദ്ദേഹം പങ്കുവെക്കാറുണ്ടായിരുന്നു. കോരപ്പുഴപാലം നിര്‍മിച്ച് ബാക്കിയുണ്ടായിരുന്ന തുക സര്‍ക്കാറിലേക്ക് തിരിച്ചടച്ച സത്യസന്ധതയുടെ പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്, അദ്ദേഹം പറഞ്ഞു.
കേളപ്പജിയെ അനുസ്മരിക്കുന്ന സന്തോഷമുഹൂര്‍ത്തത്തില്‍ പങ്കാളിയാകാനാണ് താന്‍ എത്തിയതെന്ന് ടി. ബാലകൃഷ്ണന് പറഞ്ഞു. കാലം കഴിയുന്തോറും കേളപ്പജിയുടെ പ്രഭാവം കൂടി വരികയാണ്. തളിസമരമുഖത്ത് ഉന്നതരായ പോലീസ് ഉദ്യോഗസ്ഥന്മാരുടെ മുന്നില്‍ ഒരു നോക്കുകൊണ്ട് അവരെ നീതി നടപ്പാക്കാന്‍ പ്രേരിപ്പിച്ച കരുത്തനായിരുന്നു അദ്ദേഹമെന്ന് നേരില്‍ അനുഭവിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരം വിശിഷ്ടമായ പരിപാടികള്‍ ക്ഷണിക്കുകവഴി കെ. മാധവന് നായരുടെ കുടുംബമാണ് ആദരിക്കപ്പെട്ടതെന്ന് മാധവന് നായരുടെ ചെറുമകള്‍ പി. സിന്ധു പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ വേദിയായി മാറി കേളപ്പജി സ്മൃതി സദസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: