കൊച്ചി : മോന്സന് മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകള്‍ക്കൊന്നും രേഖകളില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതില്‍ ഒരു വാഹനം പോലും മോന്‍സന്റെ പേരിലുള്ളതല്ലെന്നാണ് കണ്ടെത്തല്‍. രണ്ടു വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോര്‍ഷെയാക്കിയതയാണ്.
വാഹനങ്ങളുടെ വിശദാംശങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലെ എംവിഡിയെ സമീപിക്കാനാണ് കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. മോന്‍സന്റെ വാഹനശേഖരത്തില്‍ വായ്പാതട്ടിപ്പില്‍ പെട്ട ഡിസി അവന്തി എന്ന വിവാദ വാഹനവുമുണ്ട്. മോന്സന് പതിവായി കറങ്ങിയിരുന്ന ദോഡ്ജേ ഗ്രാന്റിന്റെ രജിസ്ട്രേഷന് 2019ല്‍ അവസാനിച്ചതാണ്. ഹരിയാന രജിസ്ട്രേഷനിലുള്ള ഈ വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് പോലുമില്ല. വരുന്നവരോടെല്ലാം മോന്സന് തലപ്പൊക്കത്തോടെ പറഞ്ഞിരുന്ന ലക്സസ്, റേഞ്ച് റോവര്‍, ടോയോട്ടാ എസ്റ്റിമ എന്നിവയെല്ലാം വ്യാജ നമ്പര്‍ പ്ലേറ്റിലാണ് കേരളത്തില്‍ ഉപയോഗിച്ചതെന്നാണ് നിഗമനം.
ഹരിയാന രജിസ്ട്രേഷനിലുള്ള പോര്‍ഷേ വാഹനം യഥാര്‍ത്ഥ പോര്‍ഷേ അല്ലെന്നാണ് കണ്ടെത്തല്‍, മിത്സുബുഷി സിഡിയ കാര്‍ രൂപം മാറ്റി പോര്‍ഷേ ലോഗോ പതിപ്പിച്ചിറക്കിയതാണ്. ഡിപ്ലോമാറ്റിക് വാഹനമായി മോന്സന് അവതരിപ്പിച്ചിരുന്ന ലിമോസിന് കാര്‍, മെഴ്സിഡസിന് നീളം കൂട്ടി ഉണ്ടാക്കിയതാണെന്നും എംവിഡി കണ്ടെത്തിയിട്ടുണ്ട്
അതേസമയം മോന്‍സന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും. എറണാകുളം സിജിഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. മോന്‍സന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കില്ലെന്നാണ് വിവരം.
വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റിന്റെ പേരില്‍ പണം തട്ടിയെന്ന കേസിലാണ് മോന്‍സനെ മൂന്ന് ദിവസമായി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. മോന്സന് സാമ്പത്തിക ഇടപാടുകള്‍ സ്വന്തം അക്കൗണ്ട് വഴിയല്ല നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
സ്വന്തം അക്കൗണ്ട് വഴിയല്ല മോന്സന് ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയത് എന്നതില്‍ വ്യക്തത വരുത്താനായിരുന്നു ക്രൈംബ്രാഞ്ച് ശ്രമം. ഇതുസബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇയാള്‍ വിദേശത്തേയ്ക്ക് പണം കടത്തിയതായും സംശയമുണ്ട്. പണം കൈപ്പറ്റിയതിനു ശേഷം പ്രവാസി സംഘടനകളുടെ മറവില്‍ മോന്സന് നടത്തിയ വിദേശ യാത്രകളില്‍ പണം കടത്തിയതായി പരാതിക്കാരും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു തെളിവുകള്‍ നല്കാന് പരാതിക്കാര്‍ക്കു കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: