തിരുവനന്തപുരം: വ്യാജ ചെമ്പോല തയ്യാറാക്കിയ ആളെ അറിയാമെന്ന് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം ജി ശശിഭൂഷണ്‍. ശബരിമല ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടത്താനുള്ള ചുമതല ചീരപ്പഞ്ചിറ കുടുംബത്തിനാണെന്നു രേഖപ്പെടുത്തിയിരിക്കുന്ന, മോന്സന് മാവുങ്കലിന്റെ കൈവശമുള്ള വ്യാജ ചെമ്പോലയെക്കുറിച്ചു ഗൗരവമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ചെമ്പോല തെളിവായി ഹാജരാക്കിയിരുന്നു. അഭിഭാഷകര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു ചരിത്രഗവേഷകന് പ്രഫ.എ.ശ്രീധരമേനോനെയാണു പരിശോധനയ്ക്കു ചുമതലപ്പെടുത്തിയത്. ലിപി പരിശോധിക്കേണ്ടതിനാല്‍ പരമേശ്വരന് പിള്ളയെ ഏല്പിക്കാന് അദ്ദേഹം നിര്‍ദേശിച്ചു. ഒടുവില്‍ ശ്രീധര മേനോനും പരമേശ്വരന് പിള്ളയും ചേര്‍ന്നു പഠനം നടത്തട്ടെയെന്നായിരുന്നു കോടതി നിര്‍ദേശം. വ്യാജ ചെമ്പോല തയാറാക്കിയ ആളെക്കുറിച്ചു പരമേശ്വരന് പിള്ള തന്നോടു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പുറത്തു പറയുന്നതു ശരിയല്ല. എം ജി ശശിഭൂഷണ്‍ പറഞ്ഞു.
സുപ്രീം കോടതി വിധിക്കുശേഷം മോന്‍സന്റെ ചെമ്പോലയ്ക്കു സ്ഥിരീകരണം നല്കിയതു ചരിത്രകാരന് എം.ആര്.രാഘവ വാരിയരാണ്. അദ്ദേഹത്തെ നേരില്‍ കണ്ടു താന്‍ വ്യാജ ചെമ്പോലയാണെന്നു പറഞ്ഞപ്പോള്‍ ചിരിച്ചതേയുള്ളൂ. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ ചാനല്‍ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചര്‍ച്ച ചെയ്യുന്നതു കണ്ടു. ആ പരിപാടിയില്‍ എല്ലാം തലകുലുക്കി സമ്മതിക്കുന്ന രാഘവ വാരിയരെയും രാജന് ഗുരുക്കളെയും കണ്ടപ്പോള്‍ സങ്കടം തോന്നിയെന്നും ശശിഭൂഷണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: