വാഷിങ്ടണ്‍ : ഫേസ്ബുക്കും വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ലോക സമ്പന്ന പട്ടികയില്‍ നിന്നും സക്കര് ബര്‍ഗ് താഴേയ്ക്ക്. സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമായ തിങ്കളാഴ്ച ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ 4.9 ശതമാനമണ് ഇടിവുണ്ടായത്. ഇതോടെ സക്കര് ബര്‍ഗിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി കുറയുകയും ലോക സമ്പന്ന പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴുകയുമായിരുന്നു. നേരത്തെ മുന്നാം സ്ഥാനത്തായിരുന്നു സക്കര് ബര്‍ഗ്.
കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്. ഫേസ്ബുക്ക് പ്രവര്‍ത്തിക്കാതായത് ആഭ്യന്തര ആശയവിനിമയ സംവിധാനങ്ങളായ വോയ്സ് കോള്‍, വര്‍ക്ക് ആപ്പുകള്‍ തുടങ്ങിയവയേയും കാര്യമായി ബാധിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഓഹരി വിപണിയില്‍ ഇടിവ് വന്നതോടെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്സിനു താഴെയാണ് ഇപ്പോള്‍ സക്കര്‍ബര്‍ഗ്.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 9.15-ഓടെ പ്രവര്‍ത്തനം തകരാറിലായി ആറ് മണിക്കൂര്‍ നേരത്തെ ആഗോള നിശ്ചലതയ്ക്ക് ശേഷമാണ് ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തിയത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാധ്യമങ്ങളുടെ സേവനം നിലച്ചത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളെ ബാധിച്ചു.
ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മാപ്പ പറഞ്ഞിരുന്നു. തടസ്സമുണ്ടായതില്‍ ഖേദിക്കുന്നതായും പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ തങ്ങളുടെ സേവനങ്ങളെ ആളുകള്‍ എത്രത്തോളം ആശ്രയിക്കുന്നെന്ന കാര്യം അറിയാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ആഭ്യന്തര സര്‍വറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റൗട്ടറുകളിലെ കോണ്ഫിഗറേഷന് മാറ്റത്തില്‍ സംഭവിച്ച പിശകാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. ഫേസ്ബുക്ക് മെസഞ്ചറിന്റെയും ഗെയ്മിങ് പ്ലാറ്റ്ഫോം ഓക്യുലസിന്റെയും സേവനവും ഇതോടൊപ്പം തടസ്സപ്പെട്ടിരുന്നു. കോണ്‍ഫിഗറേഷനില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: