കേരള ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത സംഭാവനകള്‍ നല്കിയ യുഗപ്രഭാവനായ കെ കേളപ്പജിയുടെ അന്‍പതാം ചരമവാര്‍ഷികമാണ് കേരളം ആചരിക്കുന്നത്. കൊയിലാണ്ടി മുചുകുന്ന് ദേശത്ത് പുത്തന്‍പുരയില്‍ കുഞ്ഞമ്മയുടെയും കീഴരിയൂര്‍ തേന്പോയില് കണാരന്നായരുടെയും മകനായി 1889 ആഗസ്ത് 24 നാണ് അദ്ദേഹം ജനിച്ചത്. 1971 ഒക്ടോബര്‍ ഏഴിന് കേളപ്പജി അന്തരിച്ചത്. പഠിച്ചിരുന്ന കാലത്ത് എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാമനായിരുന്ന കേളപ്പന് കളരിയിലും മറ്റു കായികാഭ്യാസങ്ങളിലുമെല്ലാം മികവു തെളിയിച്ചു. ചെറുപ്പത്തിലേ സാമൂഹ്യ പ്രശ്നങ്ങളില്‍ താല്പര്യം കാണിച്ചിരുന്നു. വിദ്യാഭ്യാസത്തിനുശേഷം അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച കേളപ്പന്, മന്നത്തു പത്മനാഭനോടൊപ്പം സര്‍വ്വസമുദായ മൈത്രിക്കും അധ:കൃതോദ്ധാരണത്തിനുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നായര്‍ ഭൃത്യജനസംഘത്തിന്റെ പ്രസിഡണ്ടായി ചുമതലയെടുത്തു. പിന്നീട് അതുനായര് സര്‍വീസ് സൊസൈറ്റി എന്നപേര് സ്വീകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
അതിനിടയില്‍ തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്നു പഠനം ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാതെ മന്നത്തിന്റെ ആഗ്രഹപ്രകാരം കറുകച്ചാലില്‍ എന്‍എസ്എസിന്റെ പ്രഥമസ്കൂളില് പ്രധാനാധ്യാപകനായി. സ്കൂളിന്റെ അംഗീകാരം കിട്ടത്തക്കവിധം പണിപൂര്‍ത്തിയാകാത്തതിനാല്‍ വളരെ വിഷമത്തോടെ അധ്യാപനം ഉപേക്ഷിച്ച് ബോംബെയിലേക്ക് പോയി. അവിടെ നിയമപഠനത്തിന് ചേര്‍ന്നുവെങ്കിലും നാട്ടിലെത്തി സമൂഹത്തെ സേവിക്കണമെന്ന ആഗ്രഹം മൂലം പഠനം പൂര്‍ത്തിയാക്കാതെ മടങ്ങി.
പിന്നീട് ഹരിജനോദ്ധാരണം, തീണ്ടലിനും തൊടീലിനുമെതിരായ പ്രവര്‍ത്തനം എന്നിവയില്‍ വ്യാപൃതനായി. അതിനിടയില്‍ വിവാഹിതനായ കേളപ്പജിക്ക് ഒരു പുത്രനെ സമ്മാനിച്ച് അദ്ദേഹത്തിന്റെ പത്നി ജീവിതത്തോട് വിട പറഞ്ഞു. ലളിത ജീവിതത്തിലും ജനസേവനത്തിലും മനസ്സുറപ്പിച്ച കേളപ്പന് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറി. തികഞ്ഞ ഗാന്ധിശിഷ്യനായിത്തീര്ന്ന അദ്ദേഹത്തെ കേരളത്തിലെ സ്വാതന്ത്ര്യസമരസേനാനികള്‍ കേരളഗാന്ധിയെന്ന് വിളിച്ചു. ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ശക്തനായ സ്വാതന്ത്ര്യ സമരപ്പോരാളിയെന്ന നിലയില്‍ അദ്ദേഹം പലതവണയായി ദീര്‍ഘനാള്‍ ജയില്‍വാസം അനുഭവിച്ചു.
ബ്രിട്ടീഷുകാര്‍ക്കെതിരെ തൂര്‍ക്കിയില്‍ രൂപമെടുത്ത ഖിലാഫത്തു പ്രസ്ഥാനത്തിനു പിന്തുണ കൊടുക്കുന്നതിലൂടെ ഹിന്ദു-മുസ്ലിം മൈത്രിയുണ്ടാക്കാമെന്ന ധാരണയില്‍ ഗാന്ധിജി ഖിലാഫത് സമരത്തില്‍ പങ്കുകൊള്ളാന്‍ കോണ്‍ഗ്രസ്സിനു നല്കിയ ആഹ്വാനം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ശിരസ്സാ വഹിച്ചു. കേളപ്പജി ആ സമരത്തില്‍ പങ്കു കൊണ്ട് ജയില്‍വാസം അനുഭവിച്ചു. നിര്‍ഭാഗ്യവശാല്‍ മുസ്ലിം മതവര്‍ഗ്ഗീയവാദികള്‍ ഖിലാഫത്ത് സമരം അവസരമാക്കിയെടുത്തു. ഹിന്ദുക്കള്‍ക്കെതിരെയുള്ള പൈശാചികമായ ലഹളയാക്കി അതിനെ മാറ്റി. ഗ്രാമങ്ങള്‍ തോറും ആയുധ ശേഖരണം നടത്തി അവര്‍ നിരായുധരായ ഹിന്ദുക്കള്‍ക്കെതിരെ തലങ്ങും വിലങ്ങും ആക്രമണം അഴിച്ചുവിട്ടു. ആലി മുസ്ലിയാരുടെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും നേതൃത്വത്തില്‍ ഏറനാടും വള്ളുവനാടും തിരൂരുമെല്ലാം കൊള്ളയും കൊലയും കൂട്ട ബലാല്‍സംഗവുമൊക്കെ അരങ്ങേറി. സര്‍ക്കാര്‍ ഓഫീസുകള്‍ നശിപ്പിക്കുക, ട്രഷറികള്‍ കൊള്ളയടിക്കുക, ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കുക, ഹിന്ദുഭവനങ്ങള്‍ കൈയേറുക, തീവയ്ക്കുക എന്നിവയെല്ലാം നിര്‍ബാധം നടന്നു. ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യേണ്ടുന്ന അവസ്ഥ സംജാതമായി. പിന്നീടു സ്വാതന്ത്ര്യസമരമെന്ന് മുസ്ലിം പ്രീണന രാഷ്ട്രീയക്കാര്‍ നാമകരണം ചെയ്ത 1921ലെ മാപ്പിളക്കലാപത്തില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. അതില്‍ ബ്രാഹ്മണരും ഈഴവരും നായന്മാരും ഹരിജനങ്ങളും ജന്മിയും കൂടിയാനുമെല്ലാമുണ്ടായിരുന്നു. ക്രൂരമായ രീതിയില്‍ നിര്‍ബന്ധ മതപരിവര്‍ത്തനങ്ങള്‍ വ്യാപകമായി നടന്നു. മതപരിവര്‍ത്തനത്തിനു തയ്യാറാകാത്തവരെ വെട്ടിയും വെടിവച്ചും കൊന്നു. ചെമ്പ്രശ്ശേരി തങ്ങള്‍ എന്ന നരാധമന്റെ നേതൃത്വത്തില്‍ ഏകപക്ഷീയമായ വിചാരണകള്‍ നടത്തി കുറ്റവാളികളെന്നു വിധിക്കപ്പെട്ട ഹിന്ദുക്കളുടെ കഴുത്തറുത്തു കിണറുകളില്‍ തള്ളി. നൂറു കണക്കിന് ഹിന്ദുക്കളെ കഴുത്തറുത്തു തള്ളിയ മലപ്പുറം തുവ്വൂരിലെ കിണര്‍ കുപ്രസിദ്ധമാണ്. സ്ഥലം സന്ദര്‍ശിച്ച മാതൃഭൂമി പത്രാധിപര്‍ കെ. മാധവന് നായര്‍ എഴുതിയത് 2-3 ദിവസമായിട്ടും മരിക്കാത്ത ശരീരങ്ങളില്‍നിന്നും ദീനരോദനങ്ങള്‍ കേട്ടിരുന്നുവെന്നാണ്. ചെമ്പ്രശ്ശേരി തങ്ങളുമായി വ്യക്തിപരമായ കാരണത്തിന് വഴക്കിട്ടിരുന്ന സുകുമാരന്‍ നായര്‍ എന്നയാളുടെ തല ഈ അവസരത്തില്‍ അറക്കവാള്‍ കൊണ്ട് ചീന്തിയിട്ടാണ് കിണറ്റിലേക്ക് തള്ളിയത്. സദാചാര കുറ്റം ചുമത്തി ഒരു മുസ്ലിം വൃദ്ധയെയും കഴുത്തറുത്തു കൊന്നു.
ഹിന്ദുക്കളെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട മൂന്ന് മുസ്ലിംങ്ങളെയും കഴുത്തറുത്തു കിണറ്റില്‍ തള്ളി. കേളപ്പജി ഖിലാഫത് സമരത്തിന് നേതൃത്വം കൊടുക്കാന്‍ തിരൂരിലെത്തിയപ്പോള്‍ കണ്ട കാഴ്ച ദാരുണമായിരുന്നു. ലഹള നടത്താനും സ്ഥാപനങ്ങള്‍ കൊള്ളയടിക്കാനും മുസ്ലിം തീവ്രവാദികള്‍ നടത്തുന്ന ആസൂത്രണത്തിന് അദ്ദേഹം സാക്ഷ്യം വഹിക്കേണ്ടി വന്നു. ഖിലാഫത് സമരം ഗാന്ധിമാര്ഗ്ഗത്തിലാണ് നടത്തേണ്ടതെന്ന അദ്ദേഹത്തിന്റെ ഉപദേശം കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. അസാമാന്യ ധൈര്യം കാണിച്ച് ലഹളക്കാരെ പിന്തിരിപ്പിക്കാനും ആക്രമിക്കപ്പെടുന്ന ഹൈന്ദവകുടുംബങ്ങളെ പുനരധിവസിപ്പിച്ച് രക്ഷപ്പെടുത്താനും അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഖിലാഫത് സമരത്തിന് ആഹ്വാനം ചെയ്തതു കോണ്‍ഗ്രസ് ആയതിനാല്‍ കേളപ്പജിയെയും അറസ്റ്റുചെയ്തു ജയിലിലടയ്ക്കുകയുമായിരുന്നു. 11 മാസം ജയിലില്‍ കിടന്ന അദ്ദേഹം തിരിച്ചു വന്നപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.
പിന്നീട് ആദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചതു ഹരിജനോദ്ധാരണത്തിനും അയിത്തോച്ചാടനത്തിനുമായിരുന്നു. തന്റെ പേരിനോടോപ്പമുണ്ടായിരുന്ന നായര്‍ എന്ന സ്ഥാനം അദ്ദേഹം ഉപേക്ഷിക്കാന്‍ തയ്യാറായി. എല്ലാ ജാതിയിലുമുള്ള ഹിന്ദുക്കള്‍ക്ക് ക്ഷേത്ര പ്രവേശനം ലഭ്യമാക്കുക, വഴി നടക്കാനുള്ള സ്വാതന്ത്ര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട വൈക്കം സത്യാഗ്രഹത്തിന് അദ്ദേഹം നേതൃത്വം നല്കി ജയില്‍വാസം അനുഭവിച്ചു. സമരത്തിന്റെ ഫലമായി വൈക്കത്തു സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു. പിന്നീട് 1936ല്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് പ്രഖ്യാപിച്ച ക്ഷേത്ര പ്രവേശന വിളംബരത്തിനു കാരണമായതും ഈ സമരത്തിന്റെ വിജയമായി കണക്കാക്കാം. എസ്എന്‍ഡിപിയും എന്‍എസ്എസും മറ്റു സവര്‍ണ്ണ ഹിന്ദുക്കളും ഒറ്റക്കെട്ടായി നിന്നു സമരം ചെയ്യാനുള്ള പ്രേരണ നല്കിയതും കേളപ്പജിയുടെയും മന്നത്തുപത്മനാഭന്റെയും എസ്എന്‍ഡിപി നേതാക്കളുടെയുമെല്ലാം കൂട്ടായ ശ്രമഫലമായിരുന്നു. പുലയ, പറയ വിഭാഗങ്ങള്‍ അനുഭവിച്ചു വന്നിരുന്ന ജാതിവിവേചനം ഇല്ലാതാക്കാന്‍ ശ്രമിച്ച കേളപ്പജിയെ പുലയന് കേളപ്പന് എന്നുപോലും വിളിച്ചു അദ്ദേഹത്തെ ബന്ധുക്കള്‍ അധിക്ഷേപിച്ചിരുന്നുവെന്നു നാം ഓര്‍ക്കണം. ജാതി വിവേചനത്തിന്റെ കാഠിന്യം വളരെ വിചിത്രമായിരുന്നു. നായര്‍, ബ്രാഹ്മണ സമൂഹങ്ങള്‍ ഈഴവരെയും അവര്‍ണ്ണരെന്നു വിശേഷിപ്പിച്ചിരുന്ന മറ്റു ജാതിക്കാരെയും അകറ്റി നിര്‍ത്തിയപ്പോള്‍ ഈഴവ പ്രമാണിമാര്‍ പുലയ, പറയ വിഭാഗങ്ങളെ വഴിനടക്കാന്‍ പോലും അനുവദിക്കാതിരുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. കേളപ്പജി എല്ലാ വിവേചനങ്ങളെയും ശക്തമായി എതിര്‍ത്തു. സവര്‍ണ്ണര്‍ പോകുന്ന സ്ക്കൂളില്‍ പ്രവേശനം ലഭിക്കാത്ത ഹരിജനങ്ങള്‍ക്കായി സ്കൂള്‍ സ്ഥാപിച്ചു വിദ്യാഭ്യാസം നേടിക്കൊടുക്കാനും അദ്ദേഹം മുന്നോട്ടു വന്നു. എന്നാല്‍ ഹൈന്ദവ ആത്മീയ കാര്യങ്ങളില്‍ അടിയുറച്ച വിശ്വാസമുണ്ടായിരുന്ന അദ്ദേഹം ഗീതാപാരായണം, പുരാണപാരായണം, സന്ധ്യാനാമം എന്നിവയെല്ലാം ഈ സ്ക്കൂളില്‍ നിര്‍ബന്ധമായും നടപ്പാക്കുകയും ചെയ്തു.
1931-32 കാലത്ത് നടന്ന ഗുരുവായൂര്‍ സത്യഗ്രഹവും കേളപ്പജിയുടെ സാമൂഹ്യ പരിഷ്കരണ യത്നത്തിന്റെ മകുടോദാഹരണമായിരുന്നു. അതിനായി കേരളത്തിലെമ്പാടുമുള്ള സവര്‍ണ്ണ വിഭാഗങ്ങളെ അനുകൂലമായി ചിന്തിപ്പിക്കാനും സമരത്തില്‍ പങ്കെടുപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ സംഘാടക ശക്തിയുടെ മകുടോദാഹരണമായി കാണാന്‍ കഴിയുന്നത്. അതിനിടയില്‍ കെപിസിസി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കേളപ്പജി ഉപ്പുസത്യാഗ്രത്തില്‍ പങ്കെടുത്തു ജയില്‍ വാസം അനുഭവിക്കാന്‍ തയ്യാറായി. കോണ്‍ഗ്രസില്‍ ഒരു വിഭാഗം പ്രത്യേകിച്ച് അബ്ദുറഹിമാനെപ്പോലെയുള്ള മുസ്ലിങ്ങള്‍ സോഷ്യലിസ്റ്റ്പ്രസ്ഥാനത്തോട് അനുഭാവം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കേളപ്പജി അതിനെ അനുകൂലിച്ചില്ല. കമ്മ്യൂണിസ്റ്റു കാഴ്ചപ്പാടോടെയുള്ള ഒരു ചേരിതിരിവ് കോണ്‍ഗ്രസില്‍ ഉണ്ടാകുകയും ചെയ്തു. ദേശീയ കാഴ്ചപ്പാടില്‍ നിന്നും വിഭിന്നമായ ഒരു കമ്മ്യൂണിസ്റ്റ് മുസ്ലിം കൂട്ടുകെട്ടിന്റെ തുടക്കം അവിടെ നിന്നുമാണെന്നു പറയുന്നതില്‍ തെറ്റില്ല. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേളപ്പജിക്കെതിരെ ഗൂഢമായ പ്രചാരണങ്ങളില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുറഹ്മാനും സെക്രട്ടറി ഇഎംഎസും തയ്യാറായി. ശക്തനായ ദേശീയവാദിയായ കേളപ്പജിക്കെതിരെ അവര്‍ രഹസ്യ സര്‍ക്കുലര്‍ അയച്ചു. പ്ര
തികൂലികള്ക്കെതിരെ കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും അനുവര്‍ത്തിക്കുന്ന വ്യക്തിഹത്യ പോലെത്തന്നെ സര്‍വ്വസമ്മതനായ കേളപ്പജിയുടെ ജനസമ്മതി തകര്‍ക്കാന്‍ കൈക്കൂലി, വ്യഭിചാരം തുടങ്ങിയ ഹീനമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കേളപ്പജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഐസിസി കേളപ്പജിക്കെതിരെയുള്ള പ്രവര്‍ത്തനത്തെ അപലപിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കുലര്‍ പിന്‍വലിച്ചെങ്കിലും അദ്ദേഹത്തിനെതിരായ ഗൂഢമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുപോന്നു. ഒടുവില്‍ കേളപ്പജി ഡിസ്ട്രിക്ട് ബോര്‍ഡില്‍ നിന്നും രാജിവച്ചു പോരുകയാണുണ്ടായത്. മത നിരപേക്ഷരെന്നു പറഞ്ഞുനടക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ മത മൗലികവാദികളായ മുസ്ലിങ്ങളുമായുള്ള കൂട്ടുകെട്ട് അന്നേ തുടങ്ങിയതാണെന്നു കാണാം. കേളപ്പജിയെ വധിക്കാനും കമ്മ്യൂണിസ്റ്റു തന്ത്രങ്ങള്‍ മെനഞ്ഞതും അത് അവസാന നിമിഷത്തില്‍ പാളിപ്പോയതുമായ ചരിത്രം അന്നത്തെ ഒരു കമ്മ്യൂണിസ്റ്റുനേതാവ് അടുത്ത കാലത്തു പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നുവല്ലോ
കേരളത്തില്‍ സഹകരണ പ്രസ്ഥാനമാരംഭിച്ചതു കേളപ്പജിയുടെ നേതൃത്വത്തിലായിരുന്നു. കാര്‍ഷിക മേഖലയിലായിരുന്നു അതു സംഘടിപ്പിക്കപ്പെട്ടത്. അതിനിടെ കേളപ്പജി പൊന്നാനിയില്‍ നിന്നും പാര്‍ലമെന്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. മയ്യഴി ഫ്രഞ്ചുകാരുടെ കയ്യില്‍ നിന്നും മോചിപ്പിക്കാനുള്ള സമരം, വിനോബാജിയുടെ ഭൂദാന പ്രസ്ഥാനം ഖാദി ഗ്രാമോദ്ധാരണ പ്രസ്ഥാനം എന്നിവയിലെല്ലാം കേളപ്പജി സജീവമായി പ്രവര്‍ത്തിച്ചു. തവനൂരില്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും സാങ്കേതിക വിദ്യാഭ്യാ-സ മേഖലയില്‍ കേരളത്തിന് മുതല്ക്കൂട്ടുണ്ടാക്കുവാനും കേളപ്പജി നിര്‍വ്വഹിച്ച പങ്കു വലുതാണ്.
മണത്തലയില്‍ മുസ്ലിംപള്ളിയുടെ മുമ്പിലൂടെ ഹൈന്ദവ ക്ഷേത്രത്തിന്ന്റെ എഴുന്നള്ളിപ്പ് തടഞ്ഞ മുസ്ലിം വര്‍ഗ്ഗീയ വാദത്തിനു കമ്മ്യൂണിസ്റ്റു ഭരണ കൂടം ഒത്താശ നല്കിയപ്പോള് രാഷ്ട്രീയ സ്വയംസേവക സംഘം ഹിന്ദുക്കളുടെ രക്ഷക്കെത്തി. ഒടുവില്‍ സര്‍ക്കാരിന് നീതി നടപ്പാക്കേണ്ടിവന്നു. കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ സമരത്തില്‍ കേളപ്പജി ഹൈന്ദവപക്ഷത്തു നില്ക്കാന് മടിച്ചെങ്കിലും ആര്‍എസ്എസ്, ജനസംഘ നേതാക്കളുമായി അടുത്തിടപഴകാനും അവരുടെ മൂല്യബോധവും സത്യസന്ധതയും നിശ്ചയദാര്‍ഢ്യവുമെല്ലാം മനസ്സിലാക്കാനും അവസരമുണ്ടായി. ഗാന്ധിജി നേതൃത്വം കൊടുത്ത ഗോഹത്യാനിരോധന പ്രസ്ഥാനം കേളപ്പജി കേരളത്തില്‍ ശക്തമായി ഏറ്റെടുത്തു. പൊതുസ്ഥലത്തു വച്ചു മുസ്ലിം മതമൗലികവാദികള്‍ കാളക്കുട്ടിയെ അറുത്തു മാംസംവിതരണം ചെയ്തതില്‍ നടത്തിയ പ്രതിഷേധ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ച കേളപ്പജിയുടെ അനുയായി കണ്ണന്ഗുമസ്തനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് വധിച്ചു. അതിന്റെ പ്രതിഷേധയോഗത്തില്‍ കേളപ്പജി ആര്‍എസ്എസ്, ജനസംഘ നേതാക്കളോടൊപ്പം പങ്കെടുത്തു സംസാരിച്ചു.
സര്‍വ്വധര്‍മ്മ സമഭാവനയില്‍ വിശ്വസിച്ചിരുന്ന കേളപ്പജിക്കു നീതിക്കു നിരക്കാത്ത മുസ്ലിം പ്രീണനം അനുവദിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുസ്ലിംഭൂരിപക്ഷത്തിന്റെ പേരില്‍ മലപ്പുറം ജില്ലാ രൂപീകരണത്തിനു സര്‍ക്കാര്‍ തയ്യാറായതിനെതിരെ അദ്ദേഹം തന്റെ നിലപാടു വ്യക്തമാക്കി. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ അദ്ദേഹം തന്നെ വളര്‍ത്തിയെടുത്ത സര്‍വോദയ സംഘത്തില്‍നിന്നും മാതൃസംഘടനയായ സര്‍വ്വ സേവാ സംഘത്തില്‍ നിന്നും രാജിവക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ജില്ലാ രൂപീകരണത്തിനെതിരായ വമ്പിച്ച പ്രതിഷേധ പ്രകടനത്തിനും പിക്കറ്റിങ്ങിനും അദ്ദേഹം പങ്കാളിയായി. ജില്ലാ രൂപീകരണത്തിനെതിരെയുള്ള അഭിപ്രായ രൂപീകരണത്തിന് അദ്ദേഹം ഭാരതത്തിലങ്ങോളമിങ്ങോളം പര്യടനം നടത്തുകയുണ്ടായി. ഒടുവില്‍ മുസ്ലിം സമ്മര്‍ദ്ദത്തിനു മുമ്പില്‍ വഴങ്ങിക്കൊടുത്ത കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ തീരുമാനത്തില്‍ കേളപ്പജി വളരെ ദുഖിതനായിരുന്നു.
രാഷ്ട്രീയ രംഗത്തെ അപചയം, സത്യസന്ധതയില്ലായ്മ, പ്രീണനനയം എന്നതിലെല്ലാം ദു:ഖിതനായ കേളപ്പജി ക്രമേണ ക്ഷേത്രപുനരുദ്ധാരണ പ്രവര്‍ത്തങ്ങളില്‍ വ്യാപൃതനായി. ടിപ്പുവിന്റെയും ഹൈദരാലിയുടെയും പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനായി മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി എന്ന പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നല്കി. തകര്‍ന്ന ക്ഷേത്രങ്ങളെല്ലാം അദ്ദേഹം സന്ദര്‍ശിച്ചു. ക്ഷേത്ര താന്ത്രിക കാര്യങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന ആര്‍എസ്എസ് പ്രചാരകന് പി,മാധവജിയും ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിച്ചു. ആയിടക്ക് ആര്‍എസ്എസ് സര് സംഘചാലക് ശ്രീഗുരുജിഗോള്വല്ക്കറിന്റെ വിചാരധാര എന്ന ഗ്രന്ഥത്തിന്റെ മലയാളപരിഭാഷയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കാന്‍ കേളപ്പജി തയ്യാറായി.
കേരളത്തിലെ പ്രാചീനമായ 64 തളികളില്‍ പ്രമുഖമായ പെരിന്തല്‍മണ്ണ തളി മഹാക്ഷേത്രം ടിപ്പുവിന്റെയും ഹൈദരാലിയുടെയും പടയോട്ടക്കാലത്തു നശിപ്പിക്കപ്പെട്ടതായിരുന്നു. മലബാര്ക്ഷേത്രസമുദ്ധാരണപ്രവര്ത്തനത്തിന്റെ തുടക്കംകുറിക്കല്‍ ഈ ക്ഷേത്ര പുനരുദ്ധാരണം വഴിയാകട്ടെയെന്നു കേളപ്പജി തീരുമാനിച്ചു. മുസ്ലിങ്ങള്‍ അനധികൃതമായി കയ്യടക്കി വച്ചിരുന്ന ക്ഷേത്ര സന്നിധി ഹിന്ദുക്കള്‍ക്കു വിട്ടുകിട്ടണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. അന്നത്തെ ഇഎംഎസ് മന്ത്രിസഭ പതിവുപോലെ മുസ്ലിംപക്ഷത്തു നിലയുറപ്പിച്ചു. ക്ഷേത്രം നിന്നിരുന്ന സ്ഥലം പുറമ്പോക്കാണെന്നു പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഏറ്റെടുത്തു. ആരാധനാ സ്വാതന്ത്ര്യം തന്റെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേളപ്പജി സത്യഗ്രഹ സമരത്തിന് തയ്യാറായി. പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. കേളപ്പജി ജയിലില്‍ തന്റെ ഉപവാസം തുടര്‍ന്നു. സര്‍ക്കാരിന്റെ നടപടി കോടതി സ്റ്റേ ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടു. 15 സെന്റ് സ്ഥലം ക്ഷേത്ര നിര്‍മ്മിതിക്കായി ഹിന്ദുക്കള്‍ക്കു വിട്ടുകൊടുത്തു. ക്ഷേത്രം ആരാധനയ്ക്കായി ഹിന്ദുക്കള്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തു. ‘പട്ടി പാത്തിയ കല്ലില്‍ ചന്ദനം പൂശിയ കേളപ്പാ’ യെന്നു മുദ്രാവാക്യം വിളിച്ചു മതമൗലികവാദികളായ മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകാരും അധിക്ഷേപിച്ചിട്ടും അദ്ദേഹം തന്റെ കര്‍മ്മപഥത്തില്‍ ഉറച്ചു നിന്നു. ഇന്നവിടെ ഒരു മഹാക്ഷേത്രം ഉയര്‍ന്നിരിക്കുന്നു. ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ കേളപ്പജി ജീവിതത്തോട് വിടവാങ്ങിയെങ്കിലും മഹത്തായ ഒരു ഈശ്വരീയകാര്യം നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. അദ്ദേഹം തുടങ്ങി വച്ച മലബാര്‍ ക്ഷേത്ര സംരക്ഷണസമിതി പിന്നീട് കേരള ക്ഷേത്രസംരക്ഷണ സമിതിയായി വിപുലീകരിക്കപ്പെടുകയും അദ്ദേഹത്തെ അതിന്റെ പരമാചാര്യനായി നിശ്ചയിക്കപ്പെടുകയും ചെയ്തു. മാതൃകാപരമായിരുന്ന ആ ജീവിതത്തിന്റെ ഒട്ടേറെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ ഈ രാഷ്ട്രത്തെയും അതിന്റെ മഹത്തായ സംസ്കൃതിയെയും സ്നേഹിക്കുന്നവര്‍ക്ക് എന്നും മാര്‍ഗ്ഗദര്‍ശകമായി നിലകൊള്ളും.
എ.പി.ഭരത്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: