ഗൂഡല്ലൂര്‍: നരഭോജി കടുവയെവയെ ജീവനോടെ പിടികൂടണമെന്ന് മദ്രാസ് ഹൈക്കോടതി വനംവകുപ്പിന് നിര്‍ദേശം നല്കി. രാജ്യത്ത് വളരെ കുറഞ്ഞ എണ്ണം കടുവകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ടി 23 എന്ന് പേരിട്ട കടുവയെ വെടിവെച്ചു വീഴ്ത്താന്‍ തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മൃഗസ്നേഹികള്‍ കോടതിയെ സമീപിച്ചിരുന്നു.
നാലുപേരെ കൊന്ന കടുവക്കായി രണ്ടാഴ്ചയോളമായി തെരച്ചില്‍ തുടരുകയാണ്. ഗൂഡല്ലൂരിലും മസിനഗുഡിയിലുമുള്ള തോട്ടംതൊഴിലാളികളായ നാലുപേരെ കൊന്ന കടുവയാണിത്. പത്തിലധികം വളര്‍ത്തുമൃഗങ്ങളെയും കൊന്നു. നരഭോജി കടുവയെ പിടികൂടാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമും എത്തിയിരുന്നു. ഇവരുടെ സഹായത്തോടെ കടുവയുടെ സഞ്ചാര ഭാഗങ്ങളില്‍ നിരീക്ഷണവും പാറാവും ഏര്‍പ്പെടുത്തി. ആക്രമണം പതിവായതോടെ പ്രദേശത്ത് നേരത്തെ സ്ഥാപിച്ച നാലു കൂടുകള്‍ക്ക് പുറമെ, കൂടുതല്‍ കൂടുകളും ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചു. നൂറോളം വനപാലകരെയാണ് പ്രദേശത്ത് നിരീക്ഷണത്തിനായി നിയോഗിച്ചിച്ചിട്ടുള്ളത്. ആനയെ കണ്ടെത്താനായി ഉപയോഗിച്ചിരുന്ന ഡ്രോണും കടുവ നിരീക്ഷണത്തിന് ഉപയോഗപ്പെടുത്തിയെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.
കോടതി ഉത്തരവോടെ കടുവയെ ജീവനോടെ തന്നെ പിടികൂടുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: