അടുത്ത കാലത്ത് ഒരു ചിത്രകാരന്റെ യൂട്യൂബില്‍ വന്ന ചില മാന്ത്രിക ചിത്രങ്ങള്‍ കാണാനിടയായി. ഒറ്റ നോട്ടത്തില്‍ വര്‍ണങ്ങള്‍ ചാലിച്ച ഒരു മോഡേണ്‍ ആര്‍ട്ട് വര്‍ക്ക്. എന്നാല്‍ ഒരു സ്റ്റീല്‍ റിഫ്ളക്ടറിന്റെ സഹായത്തോടെ നോക്കുമ്പോള്‍ അതില്‍ നിഴലിക്കുന്നത് മഹാഗണപതിയുടെയും മഹാത്മാക്കളുടെയും മുഖമാണ്. അത്ഭുതകരമായ കാഴ്ചയാണ് ആ കലാകാരന് സ്വന്തം കരവിരുതിലൂടെ കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്. സാമൂഹ്യ നന്മയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മെനഞ്ഞെടുക്കുന്ന ജനപ്രിയമായ മിക്ക പദ്ധതികളിലും നിഴലിക്കുന്നത് ഗാന്ധിയന്‍ മന്ത്ര ദര്‍ശനങ്ങളാണ്. ആധാര്‍ മുതല്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി വരെ നീളുന്നു ഗാന്ധിജിയുടെ ഈ മാന്ത്രിക സ്പര്‍ശം. ഗാന്ധിജിയുടെ നാട്ടുകാരന് കൂടിയായ പ്രധാനമന്ത്രിയുടെ ഒരു സ്വാഭാവിക പ്രതിഫലനമാവാം ഇത്. അതല്ലെങ്കില്‍ ചര്‍ക്ക ഉപേക്ഷിച്ചു കൈയടയാളം സ്വീകരിച്ച കോണ്‍ഗ്രസ് ഭരണകര്‍ത്താക്കള്‍ സൗകര്യപൂര്‍വ്വം കൈവിട്ട ഗാന്ധിയന്‍ ആശയങ്ങളെ പുതിയ കാലഘട്ടത്തില്‍ പുനരാവിഷ്കരിക്കാനും പ്രയോഗവത്കരിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ബോധപൂര്‍വ്വമായ ശ്രമവുമാകാം. കഴിഞ്ഞ ആറു വര്‍ഷമായി നരേന്ദ്ര മോദി സ്വീകരിക്കുന്ന നയപരിപാടികളില്‍ നിഴലിച്ചു കാണുന്നത് ഗാന്ധിജിയുടെ സ്വപ്നങ്ങളാണ്. അതില്‍ ഗ്രാമസ്വരാജും ശുചിത്വ ഭാരതവും, സ്വദേശി സങ്കല്പവും സുസ്ഥിരവികസനവും ഉള്‍പ്പെടുന്നു.
ഖാദിയെന്ന ദേശീയ വികാരം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം ആസാദി കാ അമൃതവര്‍ഷം എന്ന പേരിലാണ് ആഘോഷിക്കുന്നത്. ഗാന്ധിജിയുടെ 152-ാം ജന്മ വാര്‍ഷിക പരിപാടിയുടെ മുന്നോടിയായി ആകാശവാണി പ്രക്ഷേപണം ചെയ്ത, പ്രതിമാസ പരിപാടിയായ മന് കി ബാത്തിലൂടെയുള്ള പ്രഭാഷണത്തില്‍ പ്രധാനമന്ത്രി ഊന്നല്‍ കൊടുത്തത് യുവാക്കള്‍ ഖാദി വസ്ത്രം ധരിക്കേണ്ടുന്ന ആവശ്യകതയെക്കുറിച്ചാണ്. ശുഭ്രമായ ഖാദി വസ്ത്രത്തിനും പരിസരശുദ്ധിക്കും ഗാന്ധിജി പരമപ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. സ്വന്തം വസ്ത്രം ചര്‍ക്കയില്‍ നിര്‍മ്മിച്ചു മാതൃക കാണിച്ച മഹാത്മാഗാന്ധി എല്ലാകാലത്തും യുവജനങ്ങളുടെ ആശയും ആവേശവുമായിരുന്നു. സത്യവും അഹിംസയും, സസ്യാഹാരശീലവും, ലളിത ജീവിതവും പ്രോത്സാഹിപ്പിച്ച മഹാത്മാവിന്റെ 152-ാം ജന്മദിനത്തില് പ്രധാനമന്ത്രിക്ക് യുവാക്കളോട് പറയാനുണ്ടായിരുന്നത് ഖാദിയുടെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു. നമ്മുടെ നാടിന്റെ അഭിമാനമായ ഖാദി യുവതലമുറയില്‍ ഒരു ഫാഷനായി മാറേണ്ട ആവശ്യകതയെ കുറിച്ചായിരുന്നു അദ്ദേഹം പരാമര്‍ശിച്ചത്. മന് കി ബാത്തിലൂടെ മോദി പറഞ്ഞത് ‘Gahaadi for Nation and Ghaadi for Fashion’ എന്നാണ്. ഖാദി ധരിക്കുന്നതിലൂടെ നാം ചെയ്യുന്നത് പകലന്തിയോളം പണിയെടുത്തിട്ടും പട്ടിണിമാറ്റാന്‍ സാധിക്കാത്ത പാവപ്പെട്ട നെയ്തു കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുക എന്നതാണ്. സാധാരണക്കാരന്റെ കൈത്തൊഴിലായ നൂല് നൂല്‍പ്പും അതിന് സാധാരണക്കാര്‍ ഉപയോഗിക്കുന്ന ചര്‍ക്കയും സ്വാതന്ത്ര്യ സമരത്തിന്റെ സൂചകമാക്കാനും സ്വദേശീ പ്രസ്ഥാനത്തിന്റെ ചിഹ്നമാക്കാനും ഗാന്ധിജിക്ക് സാധിച്ചു. ചര്‍ക്കയുടെയും, നൂല്‍നൂല്‍പ്പിന്റെയും, നെയ്ത്തിന്റെയും നാട്ടില്‍ നിന്നും വരുന്ന നരേന്ദ്രമോദിക്ക് ഗാന്ധിജിയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും സ്വാതന്ത്ര്യത്തിന്റെ അമൃതവര്ഷത്തിലേയ്ക്കുള്ള ഊര്‍ജ്ജമായി മാറിയതില്‍ അത്ഭുതമില്ല.
വിപണനത്തിലെ വര്‍ദ്ധനവും വികാസവും
അധികാരത്തില്‍ വന്നതിന് ശേഷം 2014 ഒക്ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രിയുടെ ആദ്യത്തെ മന് കി ബാത്ത് പരിപാടി ആകാശവാണി പ്രക്ഷേപണം ചെയ്യുന്നത്. ഈ പരിപാടിയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവശതയനുഭവിക്കുന്ന ഖാദി വ്യവസായത്തെ കുറിച്ചും, ഖാദി വേഷം യുവാക്കളുടെ ഫാഷന്റെ ഭാഗമാവേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളും നിരന്തരമായ ഇടപെടലുകളും കാരണം ഖാദിയുടെ വിപണനം അഞ്ചു വര്‍ഷം കൊണ്ട് 164% വര്‍ദ്ധിച്ചുവെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ചെറിയ ഇടപെടലുകള്‍ ഉണ്ടാക്കുന്ന വലിയ മാറ്റങ്ങളുടെ കഥയാണ് ഖാദി ഗ്രാമ വ്യവസായത്തിന് കഴിഞ്ഞ ആറു വര്‍ഷമായി പറയാനുള്ളത്. മോദിയുടെ നിര്‍ദ്ദേശമനുസരിച്ചു തന്നെയാണ് റെയില്‍വേയുടെ പ്രതിവര്‍ഷം ഏകദേശം നൂറുകോടിയോളം വരുന്ന ഒരു തുകയ്ക്കുള്ള ബള്‍ക്ക് ഓര്‍ഡര്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കമ്മീഷന് എന്ന കേന്ദ്ര സ്ഥാപനത്തിന് ലഭിക്കുന്നത്. ഓപ്പണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ യൂണിഫോമും, പാട്ന മുന്‍സിപ്പാലിറ്റി കര്‍മ്മചാരികളുടെ വേഷവും ഖാദിയാക്കിയത് ഈ വ്യവസായത്തെ ചെറിയ തോതില്‍ സഹായിക്കാനാണ്.
ഗാന്ധിജിയുടെ ജീവിതത്തിലും ഇത്തരം ചെറിയ കാര്യങ്ങളിലൂടെ നേടിയെടുത്ത നിരവധി കാര്യങ്ങള്‍ നമുക്ക് കാണാവുന്നതാണ്. അത്തരത്തില്‍ നാം നേടിയ സ്വാതന്ത്ര്യത്തിന്റെ മധുരസ്മരണയാണ് ഈ അമൃതവര്‍ഷത്തില്‍ നാം അയവിറക്കുന്നത്.
ഗാന്ധിജിയുടെ ഗ്രാമസ്വരാജ്
2019 ആഗസ്ത് 15 നാണ് മോദി സര്‍ക്കാരിന്റെ ജല്‍ ജീവന് പദ്ധതി ആരംഭിക്കുന്നത്. അത് വരെ രാജ്യത്ത് മൂന്ന് കോടി ജനങ്ങള്‍ക്ക് മാത്രമാണ് കുടിവെള്ള കണക്ഷന് ലഭ്യമായിരുന്നത്. എന്നാല്‍ ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി അഞ്ചു കോടി കുടുംബങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാന്‍ സാധിച്ചു. 80 ജില്ലകളിലെ 1.25 ലക്ഷം ഗ്രാമങ്ങളില്‍ എല്ലാ വീടുകളും പദ്ധതിയുടെ ഭാഗമായി എന്നത് പ്രശംസനീയമാണ്. ജല ദൗര്‍ലഭ്യം രൂക്ഷമായ ജില്ലകളില്‍ കുടിവെള്ള കണക്ഷന് ലഭിച്ചവര്‍ 31 ലക്ഷത്തില്‍ നിന്നും 1.16 കോടിയായാണ് വര്‍ദ്ധിച്ചത്. ഇതുപോ
ലെ വൈദ്യുതി കണക്ഷന് ലഭ്യമാക്കാനും പാചകവാതക കണക്ഷന് നല്‍കാനുമുള്ള നിരവധി പദ്ധതികളാണ് കഴിഞ്ഞ ആറു വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ ഗ്രാമങ്ങളില്‍ നടപ്പിലാക്കുന്നത്. പരിസ്ഥിതി സൗഹൃദമായ സുസ്ഥിരവികസനം ഗ്രാമ കേന്ദ്രീകൃതമായി നടപ്പിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2018 ഏപ്രില്‍ 14 ന് അംബേദ്ക്കര്‍ ജയന്തി നാളില്‍ ആരംഭിച്ച ഗ്രാമസ്വരാജ് അഭിയാന് പദ്ധതിയുടെ ലക്ഷ്യം ഗാന്ധിജിയുടെ ഗ്രാമസ്വരാജാണ്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച പരിപാടികള്‍ ഗുണഭോക്താക്കളായ ഗ്രാമവാസികളില്‍ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന അജണ്ട.
കേന്ദ്രബജറ്റിലെ ഗാന്ധി സ്പര്‍ശം സര്‍ക്കാരിന്റെ കര്‍മ്മപരിപാടികളില്‍ ഗാന്ധിയന്‍ ആദര്‍ശം കുറഞ്ഞ് വരുന്ന വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ ഗാന്ധിജിയെ പൂര്‍ണതോതില്‍ ആവിഷ്കരിക്കുന്ന ഒന്നായിരുന്നു നിര്‍മ്മലാ സീതാരാമന്റെ കന്നി ബജറ്റ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ യുവാക്കളില്‍ ആഴത്തില്‍ പതിയാന്‍ എന്‍സൈക്ലോപീഡിയയുടെ മാതൃകയില്‍ ഒരു റഫറന്‍സ് ഗ്രന്ഥം ഗാന്ധിപീഡിയ എന്ന പേരില്‍ തികച്ചും നൂതനമായ ഒരാശയം നിര്‍മ്മലാ സീതാരാമന് അന്ന് മുന്നോട്ട് വച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് മ്യൂസിയം എന്ന സംഘടനയ്ക്കാണ് ഗാന്ധിപീഡിയ എന്ന നിഘണ്ടുവിന്റെ നിര്‍മ്മാണ ചുമതല. ഗാന്ധിയന്‍ ആശയവും ഖദര്‍ വേഷവും സ്വന്തമായി സ്വീകരിച്ച കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സാധിക്കാത്തതാണ് ആര്‍എസ്എസ് പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന നിര്‍മ്മലാ സീതാരാമന് സാധിച്ചത്.
ഗാന്ധിയന്‍ വികസന സങ്കല്പം
ഹിന്ദ് സ്വരാജ് ഗാന്ധിയന്‍ വികസന സങ്കല്പത്തിന്റെ ഒരു സമഗ്ര വിശകലനമാണ്. ആധുനിക വികസനം ഭാരതത്തിന് ഉണ്ടാക്കാന്‍ പോകുന്ന വിപത്തുകള്‍ കൃത്യമായി വിശകലനം ചെയ്യാന്‍ ഹിന്ദ് സ്വരാജിലൂടെ ഗാന്ധിജിക്ക് സാധിച്ചിട്ടുണ്ട്. നൂറ്റിപ്പത്ത് വര്‍ഷം മുമ്പ് 1909 ല്‍ ഗാന്ധിജി ഹിന്ദ് സ്വരാജില്‍ പരാമര്‍ശിച്ച വികസന പ്രശ്നങ്ങള്‍ ഇന്ന് ഉന്നത വിദ്യാഭ്യാസ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തിയത് ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണമാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും ഗ്രാമവികസനത്തിനും സാമ്പത്തിക പുരോഗതിക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മിക്ക പദ്ധതികള്‍ക്കും ഒരു ഗാന്ധി സ്പര്‍ശം ഉണ്ടാകുന്നത് ആശ്വാസകരമാണ്. മെയ്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് അഭിയാന്, ആത്മനിര്‍ഭര്‍ ഭാരത് എന്നിവ ഉദാഹരണമായി പറയാവുന്നതാണ്.
സ്വച്ഛഭാരതം സുന്ദരഭാരതം
പരിസ്ഥിതി സംരക്ഷണത്തിലൂടെ പരിസര ശുചീകരണത്തിലൂടെ ആരോഗ്യപൂര്‍ണമായ സുന്ദരഭാരതം കെട്ടിപ്പടുക്കാനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതികളിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ശുചിത്വ പരിപാലനം സാമൂഹ്യ പരിപാടിയായാണ് അദ്ദേഹം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചത്. വെളിയിട വിസര്‍ജ്യമുക്ത ഭാരതം എന്ന മോദിയുടെ പരിപാടി ഗാന്ധിജിയുടെ ശുചിത്വ പരിപാലന പരിപാടിയുടെ തുടര്‍ച്ച തന്നെയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അറുപതു വര്‍ഷം നടപ്പിലാക്കാന്‍ അമാന്തിച്ച പരിപാടി ആറുവര്‍ഷം കൊണ്ട് തന്റെ പ്രത്യേക ശ്രദ്ധയും തീവ്രശ്രമവും കാരണം ജനോപകാരപ്രദമായി മാറ്റാന്‍ മോദിക്ക് സാധിച്ചു. ഇന്ന് നാടും നഗരവും ഒരു പോലെ സ്വച്ഛ് ഭാരത് അഭിയാന് എന്ന പരിപാടിയുടെ പ്രയോക്താക്കളും ഗുണഭോക്താക്കളുമാണ്.
ഗാന്ധിയന്‍ സ്വപ്നമായ സുസ്ഥിര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗാന്ധിയന്‍ സങ്കല്പങ്ങളായ പ്രകൃതി ജീവനത്തിനും ജൈവകൃഷിക്കും വേണ്ട പ്രോത്സാഹനവും കേന്ദ്രസര്‍ക്കാര്‍ നല്കി വരുന്നു. ചെലവ് കുറഞ്ഞ ദലൃീ യമലെറ അഴൃശരൗഹൗേൃല എന്നത് സുഭാഷ് പലേക്കര്‍ എന്ന ഗാന്ധിയന്‍ കൃഷി ശാസ്ത്രജ്ഞന്റെ ടുശൃശൗേമഹ എമൃാശിഴ നോട് ചേര്‍ന്ന് പോകുന്ന ഒന്നാണ്. മണ്ണിനെയും മനുഷ്യനെയും വേദനിപ്പിക്കാത്ത കൃഷിരീതികള്‍ തികച്ചും ഗാന്ധിയന്‍ സങ്കല്പമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതും നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു.
സ്വച്ഛ് ഭാരത് അഭിയാനെ പോലെ ഗാന്ധിജിക്ക് സമര്‍പ്പിക്കാവുന്ന നിരവിധി പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പുകയില്ലാത്ത അടുക്കളകളും, വൃത്തിയുള്ള ഗ്രാമീണ റോഡുകളും, വെള്ളവും വൈദ്യുതി വെളിച്ചവും ലഭ്യമാകുന്ന ചെലവ് കുറഞ്ഞ വീടുകളും എല്ലാവര്ക്കും ലഭ്യമാക്കുന്ന പദ്ധതികളാണ് ഗാന്ധിജിയുടെ ജന്മ വാര്‍ഷികത്തിന്റെ നിറവിലും, സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷ ആചരണ വേളയിലും മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ലോകത്തെ സാമ്പത്തികമായി ഏറ്റവും വേഗത്തില്‍ വളരുന്ന ഭാരതത്തെ ഏറ്റവും സുന്ദരമായ നാടായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായിക്കുന്നതാണ്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്മെന്റ് വകുപ്പില്‍ മുന്‍ പ്രഫസറും, ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അധ്യക്ഷനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: