തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കൂടുതല്‍ വ്യവസായബന്ധിതമാക്കുവാനും വൈവിധ്യവത്കരിക്കുവാനുമായി വ്യവസായ പ്രമുഖരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന നവീകരണ വ്യവസായ കൗണ്‍സില്‍ (ഇന്നവേഷന്‍ ഇന്‍ഡസ്റ്ററി കൗണ്‍സില്‍) ആരംഭിക്കുവാന്‍ സാങ്കേതിക സര്‍വ്വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ.എസ്. സോമനാഥിന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കുക. നിലവില്‍ യൂണിവേഴ്‌സിറ്റികളിലെ അക്കാദമിക, ഗവേഷണ കൗണ്‍സിലുകള്‍ക്കുള്ള സ്റ്റാറ്റൂട്ടറി അധികാരങ്ങള്‍ വ്യവസായ കൗണ്‍സിലിനും നല്‍കുന്ന രീതിയില്‍ സര്‍വ്വകലാശാല ആക്ട് ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുവാനും വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സിന്റിക്കേറ്റ് തീരുമാനിച്ചു.
കേരളത്തിലെ എഞ്ചിനീയറിംഗ് പാഠ്യപദ്ധതിയും പഠനപ്രക്രിയകളും കൃത്യമായി അപഗ്രഥിക്കുകയും, മാറ്റങ്ങള്‍ വരുത്തുകയും, അതുവഴി കോഴ്‌സുകള്‍ കൂടുതല്‍ തൊഴിലധിഷ്ഠിതമാക്കുകയും ചെയ്യുക എന്നതാണ് കൗണ്‍സിലിന്റെ പ്രധാന കര്‍ത്തവ്യം. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട സാങ്കേതിക മേഖലകളില്‍ തൊഴില്‍ ഉറപ്പുനല്‍കുന്ന വൈദഗ്ധ്യവും നൈപുണ്യവും പഠനകാലയളവില്‍ തന്നെ ആര്‍ജ്ജിക്കുവാന്‍ കഴിയുന്ന രീതിയില്‍ വ്യാവസായിക ബന്ധിതമായ ഇന്റെണ്‍ഷിപ്പുകളും, പ്രോജെക്റ്റുകളും, അധിക വിഷയങ്ങളും പാഠ്യപദ്ധതിയുടെതന്നെ ഭാഗമാക്കുവാനുള്ള പ്രായോഗിക നടപടികള്‍ കൗണ്‍സില്‍ നിര്‍ദേശിക്കണം. കേരളത്തില്‍ ഒരു വൈജ്ഞാനിക സമൂഹ നിര്‍മ്മിതിക്കാവശ്യമായ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ രൂപീകരിക്കുക, നിലവിലെ കോഴ്‌സുകളിലെ വിജ്ഞാന നൈപുണ്യ ന്യൂനതകള്‍ പരിഹരിച്ച് കാലോചിതമായി നവീകരിക്കുക, നൈപുണ്യവികസനം, സ്റ്റാര്‍ട്പ്പുകള്‍, സംരഭകത്വം തുടങ്ങിയ മേഖലകളില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രാവീണ്യവും പരിശീലനവും നല്‍കാന്‍ വ്യവസായശാലകളില്‍ അവസരമൊരുക്കുക, വ്യവസായശാലകളുടെ പങ്കാളിത്തത്തോടെയുള്ള പരീക്ഷണശാലകള്‍ കോളേജുകളില്‍ ആരംഭിക്കുക, വ്യവസായരംഗത്തെ വിദഗ്‌ദ്ധരുടെ നൈപുണ്യവും സേവനവും കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവവേദ്യമാക്കുക എന്നിവയും കൗണ്‍സിലിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ് ഏഴാം സെമസ്റ്ററിലെ ‘സ്ട്രക്ടച്ചറല്‍ അനാലിസിസ്’ എന്ന വിഷയത്തിലെ മൂല്യനിര്‍ണ്ണയവുമായി ഉയര്‍ന്നുവന്ന പരാതികള്‍ അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എസ്. അയൂബും പരീക്ഷാ ഉപസമിതി കണ്‍വീനര്‍ ഡോ. സി. സതീഷ് കുമാറും ഉള്‍പ്പെടുന്ന രണ്ട് അംഗ സമിതിയെ സിന്റിക്കേറ്റ് ചുമതലപ്പെടുത്തി.
അഫിലിയേറ്റഡ് കോളേജുകളിലെ അദ്ധ്യാപക പ്രമോഷനുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് എ.ഐ.സി.ടി.ഇ. റെഗുലേഷനുകളുടെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുവാന്‍ സിന്റിക്കേറ്റിന്റെ അക്കാദമിക ഉപസമിതിയെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: